

ബഹ്‌റൈൻ: രാജ്യത്തെ പൗരന്മാരായ നഴ്സുമാരുടെ എണ്ണം വർധിപ്പിക്കാനായി നടപടിയുമായി ബഹ്‌റൈൻ. ആരോഗ്യ മേഖലയെ ശക്തിപ്പെടുത്താനായി അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പാർലമെന്റിൽ അംഗങ്ങൾ അവശ്യപ്പട്ടിരുന്നു. ഇതിന് പിന്നാലെയാണ് പാർലമെന്റിന്റെ 'സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്ക്' പ്രത്യേക നയവുമായി രംഗത്ത് എത്തിയത്.
ബഹ്റൈനിലെ നഴ്സുമാരിൽ 90 ശതമാനവും വിദേശികളാണെന്നും, ഇത് രാജ്യത്തിന്റെ ദീർഘകാല ആരോഗ്യ സുരക്ഷക്ക് വെല്ലുവിളിയാണെന്നും ഇത് മറികടക്കാനായി പുതിയ ഒരു ദേശീയ നയം രൂപവത്കരിക്കണമെന്നും സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്കിന്റെ റിപ്പോർട്ടിൽ പറയുന്നു. പുതിയ നയത്തിലൂടെ രാജ്യത്തെ നഴ്സിങ് വിദ്യാഭ്യാസം വിപുലീകരിക്കാനും വിദ്യാർഥികളെ ഈ മേഖലയിലേക്ക് ആകർഷിപ്പിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
കോഴ്സ് പൂർത്തിയാക്കുന്ന സ്വദേശികളായ വ്യക്തികളെ ദീർഘകാലം നഴ്സിങ് ജോലിയിൽ തുടരാനായി വേണ്ട പ്രോത്സാഹനം സർക്കാർ നൽകണം. ഇതിനായി വിദ്യാഭ്യാസ, ആരോഗ്യ മന്ത്രാലയങ്ങളും സ്വകാര്യ മേഖലയും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്ത് നിലവിൽ 10,299 ലൈസൻസുള്ള നഴ്സുമാരിൽ 90 ശതമാനവും വിദേശികളാണ്. സർക്കാർ മേഖലയിൽ ഏകദേശം 7,600 പേരും സ്വകാര്യ മേഖലയിൽ ഏകദേശം 2,700 ന ഴ്സുമാരുമുണ്ട്. ഈ ആധിപത്യം ഒഴിവാക്കാൻ ആയി രാജ്യത്തിന് 3,000 നഴ്സുമാരെ ആവശ്യമുണ്ടെന്ന് എം പി മാർ പറഞ്ഞു. വിദ്യാർത്ഥികളെ ആകർഷിക്കാൻ ഈ അക്കാദമിക് വർഷം 4,000 സ്കോളർഷിപ്പുകൾ അനുവദിച്ചതിൽ 300 എണ്ണം മാത്രമാണ് നഴ്സിങ്ങിന് നൽകിയത്.
നിലവിലെ ആവശ്യത്തിന് ഇത് പര്യാപ്തമല്ലെന്നും എംപിമാർ വ്യക്തമാക്കി. നഴ്സുമാരുടെ എണ്ണത്തിലുള്ള കുറവ് ആശുപത്രികളെയും ക്ലിനിക്കുകളെയും വലിയ സമ്മർദത്തിലാക്കുമെന്നും, ഇത് ആരോഗ്യമേഖലയെ തകർക്കും എന്നുമാണ് വിലയിരുത്തൽ.
കൂടുതൽ ബഹ്‌റൈൻ വിദ്യാർഥികൾ നഴ്സിങ് പഠനം പൂർത്തിയാകുന്നതോടെ വരും വർഷങ്ങളിൽ പ്രവാസികൾക്ക് തിരിച്ചടി ആകും. ഈ മേഖലയിൽ ജോലി ചെയ്തു വരുന്ന മലയാളികൾ അടക്കമുള്ളവർക്ക് തൊഴിൽ നഷ്ടം ഉണ്ടായേക്കുമെന്നുമാണ് സൂചനകൾ. സ്വദേശിവത്കരണത്തിന്റെ ഭാഗമായി മുൻപ് മറ്റു ഗൾഫ് രാജ്യങ്ങളും നഴ്സിങ് മേഖലയിൽ നിയന്ത്രണങ്ങൾ കൊണ്ട് വന്നിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates