

ദുബൈ: യു എ ഇയിൽ കാൽനട യാത്രക്കാർ മുറിച്ചു കടക്കുമ്പോൾ നിയമപരമായി അതിനായി നൽകിയിരിക്കുന്ന സ്ഥലങ്ങളിലൂടെ മറികടക്കണം. അല്ലെങ്കിൽ പണി പാളും. അവിടെ അശ്രദ്ധയോടെ റോഡ് മുറിച്ചുകടക്കുന്നവർക്ക് കിട്ടുന്നത് കടുത്ത ശിക്ഷയാണിപ്പോൾ.
കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കുന്നതിന് നിർദ്ദിഷ്ട സ്ഥലങ്ങളും പാലങ്ങളും അടിപ്പാതകളും ഉൾപ്പടെയുള്ള സംവിധാനങ്ങൾ യു എ ഇയിലുണ്ട്. നിയമനനുസരിച്ച് അതിലൂടെ മാത്രമേ ആളുകൾ റോഡിലെ ഒരു വശത്ത് നിന്ന് മറുവശത്തേക്ക് പോകാൻ പാടുള്ളൂ.
വേഗത്തിലും സിഗ്നലും പാലിച്ചു വരുന്ന വാഹനങ്ങൾ ഇടയ്ക്ക് പെട്ടെന്ന് നിർത്തേണ്ടി വരുന്നതിലൂടെ അപകടങ്ങളുണ്ടാകാം. കാൽനടയാത്രക്കാർ റോഡ് മുറിച്ചു കടക്കുമ്പോൾ വാഹനത്തിന് പെട്ടെന്ന് നിർത്താൻ പറ്റാതെ വന്നാൽ കാൽനടയാത്രക്കാർക്ക് അപകടം സംഭവിക്കാം.
ഇങ്ങനെ പല കാരണങ്ങൾ കൊണ്ട് ഈ നിയമം യു എ ഇയിൽ കർശനമാണ്. കുറച്ചു നാളുകൾക്ക് മുമ്പ് ഈ നിയമം വീണ്ടും കർശനമാക്കി.
നിലവിലെ നിയമപ്രകാരം, നിയുക്തമല്ലാത്ത സ്ഥലങ്ങളിൽ നിന്ന് റോഡ് മുറിച്ചുകടക്കുന്ന കാൽനടയാത്രക്കാർക്ക് 400 ദിർഹം പിഴ ചുമത്തും. , ഗതാഗത നിയന്ത്രണങ്ങളിൽ പുതുതായി നടപ്പിലാക്കിയ ഫെഡറൽ നിയമം കൂടുതൽ കൂടുതൽ കഠിനമായ പിഴകൾ ഏർപ്പെടുത്തിയിട്ടുണ്ട്, പ്രത്യേകിച്ച് ജേവാക്കിങ് വാഹനാപകടത്തിൽ കലാശിക്കുന്ന സന്ദർഭങ്ങളിൽ.
കഴിഞ്ഞവർഷം ജനുവരിയിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം നിർദ്ദിഷ്ട സ്ഥലങ്ങളിലൂടെയല്ലാതെ റോഡിന്റെ ഒരു വശത്ത് നിന്ന് മറുവശത്തേക്ക് മറികടക്കുന്ന ജേ വാക്കിങ് എന്നറിയപ്പെടുന്ന ഈ അശ്രദ്ധ നടത്തത്തിന് ഇവിടെ പിടിയിലായത് 44,000 പേരാണ്. എട്ട് കാൽനടയാത്രക്കാരാണ് അപകടത്തിൽപ്പെട്ട് മരണമടഞ്ഞത്. ഇതേ തുടർന്നാണ്, ഈ വർഷം മുതൽ നിയമം കർശനമാക്കിയത്.
നിലനിന്നിരുന്ന നിയമപ്രകാരം അനുവദിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളിൽ കൂടിയല്ലാതെ റോഡ് മുറിച്ച് കടന്നാൽ നാന്നൂറ് ദിർഹമായിരുന്നു യു എ ഇയിലെ പിഴ. എന്നാൽ, നിയമം പുതുക്കിയതോടെ റോഡ് ഉപയോഗിക്കുന്നതിലെ നിയന്ത്രണങ്ങൾ പ്രകാരം ഇങ്ങനെ റോഡ് മുറിച്ച് കടന്ന് അപകടമുണ്ടായാൽ 5,000മുതൽ 10,000 ദിർഹം വരെ പിഴയീടാക്കും. പിഴ മാത്രമല്ല തടവും ശിക്ഷയായി ലഭിക്കാം
കാൽനടയാത്രക്കാർ, സൈക്കിളുകൾ, ഇ-സ്കൂട്ടറുകൾ, അല്ലെങ്കിൽ ഏതെങ്കിലും തരത്തിൽ റോഡ് ഉപയോഗിക്കുന്നവർ റോഡിൽ അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ നിർത്തുകയോ നിയുക്തമല്ലാത്ത സ്ഥലത്ത് നിന്ന് റോഡ് മുറിച്ചുകടക്കുകയോ ചെയ്യരുതെന്ന് 'റോഡ് ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ' വിവരിക്കുന്ന നിയമത്തിലെ ആർട്ടിക്കിൾ ഏഴിൽ വ്യക്തമാക്കുന്നുണ്ട്.
80 കിലോമീറ്ററും അതിനും മുകളിൽ സ്പീഡ് അനുവദിച്ചിട്ടുള്ള റോഡുകളിൽ അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ റോഡ് ക്രോസ് ചെയ്യുന്നവർ സിവിൽ മാത്രമല്ല, ക്രിമിനൽ നടപടികളും നേരിടേണ്ടി വരും.
അതിവേഗ പാതകളിൽ നിയമം ലംഘിക്കുന്ന കാൽനടയാത്രക്കാർക്ക് മൂന്ന് മാസം തടവോ പതിനായിരം ദിർഹം പിഴയോ രണ്ടും കൂടെയോ ലഭിക്കാമെന്നും ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates