അബുദാബി: മത്സ്യ കൃഷിക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ ) സാധ്യത ഉപയോഗിക്കാനൊരുങ്ങി അബുദാബി. ഡാൽമ മത്സ്യ പദ്ധതിയിലാണ് ആദ്യ ഘട്ടത്തിൽ എ ഐയുടെ സഹായം ഉപയോഗിക്കുക. രാജ്യത്തിൻറെ കാർഷിക മേഖലയിളുടെ വികസനത്തിന് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.
സാഫി, ഷേരി, ഖാബിറ്റ്, ഹാമൂർ തുടങ്ങിയ പ്രധാന പ്രാദേശിക മത്സ്യയിനങ്ങൾ സമുദ്രത്തിലെ വലിയ കൂടുകളിൽ നിക്ഷേപിച്ച് വളർത്തിയെടുക്കുന്ന പദ്ധതിയിലാണ് എ ഐ ഉപയോഗിക്കുന്നത്. ഡാൽമ ദ്വീപുകളിലാണ് ഇതിനായുള്ള കൂടുകൾ അധികൃതർ സ്ഥാപിച്ചിരിക്കുന്നത്. ഒരു വർഷം 100 ടൺ മത്സ്യങ്ങൾ ഉത്പാദിപ്പിക്കുകയാണ് പദ്ധതി കൊണ്ട് അധികൃതർ ലക്ഷ്യമിടുന്നത്.
എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഈ കൂടുകൾക്ക് അകത്തുള്ള സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കും. ജലത്തിന്റെ താപനില, പിഎച്ച്, ലവണാംശം, അമോണിയ അളവ് തുടങ്ങി പ്രധാന ജല ഗുണനിലവാര ഘടകങ്ങൾ കൃത്യമായി ശേഖരിക്കും. മത്സ്യങ്ങളെ നിരീക്ഷിക്കുന്നതിനും അവയ്ക്ക് കൃത്യമായി ഭക്ഷണം ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനുമായി എ ഐയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന പ്രത്യേക ക്യാമറകളും കൂടിനുള്ളിൽ സ്ഥാപിക്കും. ഇങ്ങനെ ശേഖരിക്കുന്ന എല്ലാ വിവരങ്ങളും എ ഐ തന്നെ വിശകലനം ചെയ്തു വേണ്ട മാറ്റങ്ങൾ നിർദേശിക്കും.
ഈ മാറ്റങ്ങൾ അധികൃതർ നടപ്പാകുന്നതോടെ മികച്ച രീതിയിൽ ഉള്ള മത്സ്യ വിളവ് ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. പദ്ധതി വിജയിച്ചാൽ കൂടുതൽ ഇടങ്ങളിൽ നടപ്പിലാക്കാനും അധികൃതർ പദ്ധതിയിടുന്നുണ്ട്. ഇതിലൂടെ അബുദാബിയുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന തരത്തിലുള്ള മത്സ്യം ലഭ്യമാകുമെന്നാണ് അധികൃതർ കരുതുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
