ദുബൈ: യു എ ഇയെയും ഒമാനെയും റെയിൽ മാർഗം ബന്ധിപ്പിക്കുന്ന 'ഹഫീത് ' റെയിൽ പദ്ധതിക്ക് തുടക്കമായി. ഗൾഫ് രാജ്യങ്ങളിലെ ഗതാഗത, വ്യാപാര മേഖലകളിൽ വലിയ മാറ്റങ്ങൾ കൊണ്ട് വരാൻ ഈ പദ്ധതിയിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ. ഏകദേശം 960 ദശലക്ഷം ഒമാനി റിയാൽ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തിഹാദ് റെയിൽ, ഒമാൻ റെയിൽ, മുബദല ഇൻവെസ്റ്റ്‌മെന്റ് എന്നീ കമ്പനികൾ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
യു എ ഇയിലെ അൽ ഐൻ മുതൽ ഒമാനിലെ സുഹാർ തുറമുഖം വരെയാണ് റെയിൽ പാത നിർമ്മിക്കുന്നത്. 303 കിലോമീറ്റർ ആണ് പാതയുടെ നീളം. പ്രധാനമായും ചരക്ക് നീക്കമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 12 ൽ അധികം റെയിൽവേ സ്റ്റേഷനുകളും ഇതിന്റെ ഭാഗമായി നിർമ്മിക്കും. ചരക്ക് നീക്കവുമായി ബന്ധപ്പെട്ട പ്രത്യേക സൗകര്യങ്ങളും പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും.
ഹഫീത് റെയിൽ പദ്ധതിയിലൂടെ ഒരു യാത്രയിൽ 15,000 ടണ്ണിലധികം ചരക്കുകൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ കഴിയും. അതായത് 270 കണ്ടെയ്നറുകളിൽ ഉൾക്കൊള്ളുന്ന വസ്തുൾ ഒരു യാത്രയിൽ കൊണ്ട് പോകാൻ സാധിക്കും. ഇതോടെ റോഡ് മാർഗമുള്ള ചരക്ക് നീക്കം കുറയ്ക്കാൻ സാധിക്കും. ചരക്ക് ട്രെയിനുകൾ മണിക്കൂറിൽ 120 കിലോമീറ്ററായിരിക്കും സഞ്ചരിക്കുക എന്നും അധികൃതർ വ്യക്തമാക്കി.
മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ ഓടുന്ന ട്രെയിനുകളാണ് യാത്രക്കാർക്കായി തയ്യാറാകുന്നത്. ഇതോടെ യു എ ഇയിൽ നിന്നും ഒമാനിലേക്കുളള യാത്ര സമയം പകുതി ആയി കുറയും.ഉദാഹരണത്തിന്, നിലവിൽ അബുദാബിയിൽ നിന്ന് സുഹാറിലേക്ക് യാത്രയ്ക്ക് ആവശ്യമായ സമയം 3 മണിക്കൂർ 25 മിനിറ്റ് ആണ്. അത് 1 മണിക്കൂർ 40 മിനിറ്റായി കുറയും.
യാത്രക്കാർക്ക് മരുഭൂമികളും പർവതങ്ങളും ഉൾപ്പെടെയുള്ള വിവിധ തരം കാഴ്ചകൾ ആസ്വദിച്ച് യാത്ര ചെയ്യാനും അവസരം ലഭിക്കും. പദ്ധതിലൂടെ ടൂറിസം മേഖലയിലും നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
