ദുബൈ: ഹത്ത ഡാമിൽ വീണുപോയ വിനോദ സഞ്ചാരിയുടെ സ്വർണ്ണമാല മിനിറ്റുകൾക്കുള്ളിൽ കണ്ടെത്തി നൽകി ദുബൈ പൊലീസ്. ഫിലിപ്പിനോ സ്വദേശിയായ യുവതിക്കാണ് ദുബൈ പൊലീസ് രക്ഷകരായി മാറിയത്. ഹത്ത ഡാമിന്റെ തൊട്ടരികെ നിന്ന് യുവതി മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് മാല ഡാമിലേക്ക് വീണത്.
ഉടൻ തന്നെ അവർ ദുബൈ പൊലീസിനെ വിവരമറിയിച്ചു. ജനറൽ ഡിപാർട്ട്‌മെന്റ് ഓഫ് ഓപറേഷൻസിന്റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിൽ വിവരം ലഭിച്ചതിനെത്തുടർന്ന് പോർട്ട്സ് പൊലീസ് സ്റ്റേഷനിലെ മാരിടൈം റെസ്ക്യൂ വിഭാഗത്തിലെ മുങ്ങൽ വിദഗ്ധർ അതി വേഗം സ്ഥലത്തെത്തി.
യുവതി മാല വീണ സ്ഥലം കാണിച്ചു നൽകി. തുടർന്ന് മുങ്ങൽ വിദഗ്ധർ ഡാമിലിറങ്ങി പരിശോധന നടത്തുകയും മിനിറ്റുകൾക്കുള്ളിൽ സ്വർണ്ണ മാല കണ്ടെടുത്ത് യുവതിക്ക് നൽകുകയും ചെയ്തു.ദുബൈ പൊലീസിന്റെ സേവനത്തിന് യുവതി നന്ദി പറഞ്ഞു.
ജനങ്ങളുടെ എല്ലാത്തരത്തിലുമുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിൽ സന്തോഷമേയുള്ളു എന്ന് മറൈൻ ആൻഡ് റെസ്ക്യൂ യൂണിറ്റ് തലവൻ മേജർ മർവാൻ അൽ കഅബി പറഞ്ഞു.
ഇത്തരം പ്രദേശങ്ങൾ സന്ദർശിക്കാൻ എത്തുമ്പോൾ മൊബൈൽ ഫോണുകൾ, വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ ജനങ്ങൾ സുരക്ഷിതമായ സ്ഥലങ്ങളിൽ സൂക്ഷിക്കുകയോ, അല്ലെങ്കിൽ വേണ്ട മുൻകരുതലുകൾ സ്വീകരിക്കുകയോ ചെയ്യണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നൽകുന്ന സുരക്ഷാ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates