കുവൈത്ത് സിറ്റി: ഗുരുതരമായ ട്രാഫിക് നിയമ ലംഘനങ്ങളിൽ ഏർപ്പെടുന്ന പ്രവാസികളെ നാടുകടത്തുമെന്ന മുന്നറിയിപ്പുമായി കുവൈത്ത്. പുതിയ ഗതാഗത നിയമം നടപ്പിലാക്കിയതിന് ശേഷം കർശന നിരീക്ഷണമാണ് പൊലീസ് നടത്തുന്നത്.
ഈ വർഷം മെയ് മുതൽ ജൂലൈ വരെയുള്ള മാസങ്ങൾക്കിടയിൽ നിയമം ലംഘിച്ച 15 പ്രവാസികളെ നാടുകടത്തിയതായി ബ്രിഗേഡിയർ ജനറൽ അൽ-ഖട്ടൂവാൻ വ്യക്തമാക്കി.
ട്രാഫിക് നിയമങ്ങൾ ലംഘിച്ച് അപകടകരമായി വാഹമോടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. നിയമ ലംഘകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത ശേഷം വിശദമായ അന്വേഷണം നടത്തും.
പ്രതിയുടെ ഡ്രൈവിംഗ് റെക്കോർഡ് പരിശോധിച്ച ശേഷമാകും നാടുകടത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനം സ്വീകരിക്കുകയുള്ളൂ. എന്നാൽ മുൻപ് പ്രതി ഇത്തരം കുറ്റങ്ങൾ ചെയ്തിട്ടില്ല എന്ന വാദം നാടുകടത്തലിന് തടസമല്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസുകൾ നൽകുന്നതിന് സർക്കാർ ചില നിബന്ധനകൾ കൊണ്ട് വന്നിട്ടുണ്ട്. അവ പാലിക്കുന്നില്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കുമെന്നും ബ്രിഗേഡിയർ ജനറൽ പറഞ്ഞു.
കുറഞ്ഞത് രണ്ട് വർഷമെങ്കിലും കുവൈത്തിൽ നിയമപരമായ താമസിക്കുന്നവരും 600 കുവൈത്തി ദിനാർ പ്രതിമാസ ശമ്പളം ഉള്ള ബിരുദ യോഗ്യത ഉള്ളവർക്ക് മാത്രമാണ് ലൈസൻസ് നൽകുന്നത്.
ഈ നിബന്ധനകളിൽ ചില ഇളവുകൾ വരുത്തിയിട്ടുണ്ട്. പ്രവാസികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും ബ്രിഗേഡിയർ ജനറൽ അൽ-ഖട്ടൂവാൻ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates