ദുബൈ: വാഹന സംബന്ധമായ നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിന് പുതിയ പദ്ധതിയുമായി ഷാര്‍ജ പൊലീസ്. 'യുവര്‍ പാത്ത്, മെയ്ഡ് ഈസി' എന്ന പദ്ധതിയിലൂടെ വാഹന സേവനങ്ങള്‍ ഒറ്റ പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കിയിരിക്കുകയാണ് പൊലീസ്. ഇനി ട്രാഫിക്, ലൈസന്‍സിങ് സേവനങ്ങള്‍ വാഹന ഉടമകള്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കും.
വിവിധ സേവനങ്ങളും സൗകര്യങ്ങളും ഒരൊറ്റ പ്ലാറ്റ്ഫോമില്‍ കൊണ്ടുവരുന്നത് വാഹന ഉടമകളെ ലഭ്യമായ ഓപ്ഷനുകളെക്കുറിച്ച് അറിയാനും നടപടിക്രമങ്ങള്‍ വ്യക്തമായി മനസ്സിലാക്കാനും ഇടപാടുകള്‍ കാര്യക്ഷമമായി പൂര്‍ത്തിയാക്കാനും സഹായിക്കുമെന്ന് വെഹിക്കിള്‍സ് ആന്റ് ഡ്രൈവേഴ്സ് ലൈസന്‍സിങ് ഡിപ്പാര്‍ട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ലഫ്റ്റനന്റ് കേണല്‍ ഖാലിദ് അഹമ്മദ് ബിന്‍ അശൈഖ് പറഞ്ഞു.
ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസൃതമായി സേവന വിതരണ രീതികള്‍ പുനര്‍രൂപകല്‍പ്പന ചെയ്യാനുള്ള വിപുലമായ ശ്രമത്തിന്റെ ഭാഗമാണ് ഈ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലൈസന്‍സ് പുതുക്കല്‍, വാഹന രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള ട്രാഫിക് സംബന്ധമായ വിവിധ സേവനങ്ങളും വിവരങ്ങളുമാണ് ഇനി ഒറ്റ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാകുക. ഇതുവഴി ഓഫീസുകള്‍ കയറി ഇറങ്ങാതെ ഡിജിറ്റല്‍, സ്മാര്‍ട്ട് സേവനങ്ങള്‍ പ്രയോജനപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് സമയം ലാഭിക്കാനാകും. ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിലുള്ളവര്‍ക്ക് ഇതിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates