40 ലക്ഷം ലഹരി ഗുളിക കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി കുവൈത്ത്
കുവൈത്ത് സിറ്റി: രാജ്യത്തേക്ക് വൻ തോതിൽ ലഹരിമരുന്നുകൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി കുവൈത്ത് സുരക്ഷാ സേന. ജലശുദ്ധീകരണ പൈപ്പുകൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 40 ലക്ഷം നിരോധിത ലഹരി ഗുളികകളാണ് പിടികൂടിയത്. ഇവയ്ക്ക് ഏകദേശം 12 മില്യൺ ദിനാർ വില വരുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ലഹരി വസ്തുക്കൾ കടത്തുന്നതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് വിവരം ലഭിച്ചിരുന്നു. ഇതോടെ ജലശുദ്ധീകരണ പൈപ്പുകളുമായി വരുന്ന സ്പെഷ്യൽ കണ്ടെയ്നർ കണ്ടെത്താൻ അധികൃതർ ശ്രമം ആരംഭിച്ചു. പിന്നീട് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലഹരി ഗുളികകൾ കൊണ്ട് വരുന്ന കണ്ടെയ്നർ ഉദ്യോഗസ്ഥർ കണ്ടെത്തി.
തുടർന്ന് സുരക്ഷാ സേന ഈ കണ്ടെയ്നർ നീരീക്ഷിച്ചു കൊണ്ടിരുന്നു. ഒരു യൂറോപ്യൻ രാജ്യത്തും മറ്റൊരു അറബ് രാജ്യത്തും കൂടി കടന്ന് കുവൈത്തിന്റെ അതിർത്തിയിൽ എത്തിയപ്പോൾ കണ്ടെയ്നർ സുരക്ഷാ സേന പിടിച്ചെടുത്തു. ഫയർ ഫോഴ്‌സിന്റെ സഹായത്തോടെ ജലശുദ്ധീകരണ പൈപ്പുകൾ വെട്ടിപ്പൊളിച്ച് ഗുളികകൾ പുറത്തെടുക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കുവൈത്തിൽ നിന്ന് അറസ്റ്റ് ചെയ്തു. മുഖ്യ പ്രതി വിദേശത്തുള്ള ആളാണ്. ഇയാളെ പിടികൂടാൻ വേണ്ട നടപടികൾ സ്വീകരിച്ചു വരുന്നതായി അധികൃതർ അറിയിച്ചു. മുഖ്യ പ്രതി ഇപ്പോൾ താമസിക്കുന്ന രാജ്യത്തിലെ ഉദ്യോഗസ്ഥരുമായി പ്രാരംഭ ഘട്ട ചർച്ചകൾ നടത്തി കഴിഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ തുടർ നടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ലഹരി മരുന്ന് പിടികൂടുന്നതിന് സഹായിച്ച വിവിധ രാജ്യങ്ങളിലെ മയക്കുമരുന്ന് വിരുദ്ധ ഏജൻസികൾക്ക് കുവൈത്ത് ആഭ്യന്തര മന്ത്രാലയം നന്ദി അറിയിച്ചു.
Gulf news: Police foil attempt to smuggle 4 million Captagon pills into Kuwait
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
