

സൗദി അറേബ്യയിൽ മുസ്ലിങ്ങളല്ലാത്ത,വിദേശികളായ താമസക്കാർക്ക് ഇനി മദ്യം ലഭിക്കും. ഏഴ് പതിറ്റാണ്ടിലേറെ ദീർഘമുള്ള മദ്യനിരോധനത്തിന് അയവുവരുത്തിക്കൊണ്ടാണ് പുതിയ തീരുമാനമെന്ന് വിദേശ വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
എംബസി ഉദ്യോഗസ്ഥരല്ലാത്ത വിദേശികളായ അമുസ്ലിങ്ങൾക്ക് മദ്യം വാങ്ങാനാണ് അനുമതി നൽകിയിരിക്കുന്നത്. എന്നാൽ, ഇതിന് കഠിനമായ നിയന്ത്രണങ്ങളുമുണ്ട്.
സൗദിയിൽ മദ്യനിരോധനത്തിൽ ഇളവുകൾ നൽകാൻ ആലോചിക്കുന്നതായി ഈ വർഷം ആദ്യം മുതൽ റിപ്പോർട്ടുകൾ വന്നിരുന്നുവെങ്കിലും അക്കാര്യം അധികൃതർ നിഷേധിച്ചതായി ഗൾഫിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
സമ്പൂർണ്ണ മദ്യനിരോധനമുള്ള സൗദി അറേബ്യയിൽ മദ്യം നൽകുന്നതിൽ ആദ്യമായി ഇളവ് നൽകിയത് 2024 ൽ ആയിരുന്നു. അന്ന് രാജ്യ തലസ്ഥാനത്തെ നയതന്ത്ര ആസ്ഥാനങ്ങളുള്ള മേഖലയിൽ, മുസ്ലീം ഇതര വിദേശ എബസി ഉദ്യോഗസ്ഥർക്ക് മാത്രമായി സേവനം നൽകുന്ന ആദ്യത്തെ മദ്യശാല തുറന്നിരുന്നു. ഇത് മാത്രമായിരുന്നു രാജ്യത്തുള്ള ഏക മദ്യവിപണനകേന്ദ്രം ഏകദേശം രണ്ട് വർഷത്തിന് ശേഷമാണ് മദ്യനിയമങ്ങളിൽ പ്രകടമായ ഇളവ് വരുത്തുന്നത്. ബ്ലൂംബർഗ്, എ എഫ് പി തുടങ്ങിയവർ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ മാസം അവസാനം, പ്രീമിയം വിസയിലുള്ളവർക്ക് റിയാദിൽ മദ്യം വാങ്ങാൻ അവസരം ലഭിച്ചതായി എ എഫ് പി റിപ്പോർട്ട് ചെയ്യുന്നു. വിദേശ നയതന്ത്രജ്ഞരല്ലാത്ത താമസക്കാർക്ക് മദ്യം വാങ്ങാൻ കഴിയുന്നത് ഇതാദ്യമായിട്ടാണെന്നും വാർത്തയിൽ പറയുന്നു.
എന്നാൽ, മദ്യനിരോധനത്തിൽ എന്തെങ്കിലും ഇളവ് നൽകിയതായി സൗദി അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
മദ്യം കിട്ടണമെങ്കിൽ ഈ കടമ്പ കടക്കണം
സൗദിയിൽ മദ്യനിരോധനത്തിന് ഇളവ് വന്നുവെങ്കിലും എല്ലാവർക്കും മദ്യം ലഭിക്കില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
മദ്യം വാങ്ങണമെങ്കിൽ അത് വാങ്ങുന്ന വ്യക്തിയുടെ വരുമാനം വ്യക്തമാക്കണം. ചില്ലറക്കാർക്ക് പറ്റുന്ന കാര്യമല്ല, സൗദിയിൽ മദ്യം ലഭിക്കുക എന്നത്. ലക്ഷാധിപതികൾക്ക് മാത്രമായിരിക്കും നിലവിൽ സൗദിയിൽ മദ്യം ലഭിക്കുക.
ഇപ്പോൾ പുറത്തുവന്നിട്ടുള്ള വാർത്തകൾ അനുസരിച്ച് സൗദിയിൽ മദ്യം ലഭിക്കണമെങ്കിൽ നിങ്ങൾക്ക് പ്രതിമാസ വരുമാനം 50,000 റിയാൽ (ഏകദേശം 12 ലക്ഷം രൂപ) വേണം. അത്രയും വരുമാനമുള്ളവർക്ക് മാത്രമേ ഇവിടെ മദ്യം വാങ്ങാൻ ഇളവുകൾ പ്രകാരം അനുമതി നൽകുകയുള്ളൂവെന്നാണ് റിപ്പോർട്ട്. ഇക്കാര്യവും സൗദി അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.
സൗദി അറേബ്യയിലെ മറ്റ് പ്രധാന നഗരങ്ങളിൽ കൂടുതൽ മദ്യശാലകൾ തുറക്കുന്നതിനെക്കുറിച്ചും വാർത്തകൾ പ്രചരിച്ചിട്ടുണ്ട്.
2026-ൽ ജിദ്ദയിലും എണ്ണ ഉൽപ്പാദിപ്പിക്കുന്ന കേന്ദ്രമായ ദഹ്‌റാനിലും കടകൾ തുറക്കാൻ പദ്ധതിയുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇവിടെ നിരവധി വിദേശികൾ താമസിക്കുന്നു എന്നതാണ് ഇതിന് കാരണമായി പറയുന്നത്. എന്നാൽ, ഇത് സംബന്ധിച്ചും ഔദ്യോഗികമായ സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates