

ദുബൈ: ദുബൈ പൊലീസിന്റെ ആഡംബര പട്രോൾ കാറുകളുടെ ശേഖരത്തിലേക്ക് പുതിയ ഒന്നു കൂടെയെത്തി. ഔഡിയുടെ പുതിയ മോഡലായ ആർ.എസ് 7 ആണ് ദുബൈ പൊലീസ് സേനയുടെ ഭാഗമായത്. ഫ്യൂച്ചർ മ്യൂസിയത്തിൽ വെച്ച് കഴിഞ്ഞ ദിവസം കമ്പനി അധികൃതർ വാഹനം പൊലീസിന് കൈമാറി. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അഫയേഴ്സ് അസി. കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഈദ് മുഹമ്മദ് താനി ഉൾപ്പെടയുള്ള ഉദ്യോഗസ്ഥർ വാഹനം കൈമാറ്റം ചെയ്യുന്ന ചടങ്ങിൽ പങ്കെടുത്തു.
ഔഡിയുടെ ഏറ്റവും ആകർഷകമായ മോഡലാണ് ആർ.എസ്7. ശക്തമായ എൻജിൻ ആണ് കാറിന്റെ പ്രധനപ്പെട്ട സവിശേഷത. 4.0 ലിറ്റർ ട്വിൻ-ടർബോ വി 8 എൻജിൻ ആണ് വാഹനത്തിൽ ഉള്ളത്. ഇത് ഏകദേശം 591 ഹോഴ്‌സ് പവർ വരും. പൂജ്യത്തിൽ നിന്ന് 100 കി.മി വേഗത്തിലെത്താൻ വെറും 3.5 സെക്കൻഡുകൾ മതിയാകും. ക്വാട്രോ ഓൾ വീൽ ഡ്രൈവ്,പ്രീമിയം ലെതർ സീറ്റുകൾ, ടച്ച് സ്ക്രീൻ, ആധുനിക സൗണ്ട് സിസ്റ്റം തുടങ്ങിയ ആഡംബര സൗകര്യങ്ങൾ,സ്പോർട്ടി ഡിസൈൻ എന്നിവയാണ് വാഹനത്തിന്റെ പ്രത്യേകത.
ആഡംബര വാഹനങ്ങൾ,സ്പോർട്സ് കാറുകൾ,ഇലക്ട്രിക്ക് കാറുകൾ,ബൈക്കുകൾ എന്നിവ ദുബൈ പൊലിസിന്റെ കൈവശമുണ്ട്. എന്നാൽ സിനിമകളിൽ കാണുന്നത് പോലെ ഓടിച്ചിട്ട് കള്ളനെ പിടിക്കാൻ വേണ്ടിയല്ല ദുബൈ പൊലീസ് ഈ വാഹനങ്ങൾ സേനയുടെ ഭാഗമാകുന്നത്.
ഇതിന് പിന്നിൽ മറ്റു ചില ലക്ഷ്യങ്ങൾ ഉണ്ട്. അതിൽ പ്രധാനപ്പെട്ടത് ദുബൈ നഗരത്തെ ആധുനികവും ആഡംബരവും നിറഞ്ഞ ഒരു ഭാവി നഗരമായി ലോകത്തിനു മുന്നിൽ അവതരിപ്പിക്കുക എന്നതാണ്. ഇതിന് വേണ്ടി ലംബോർഗിനി, ബുഗാട്ടി, ഫെറാരി പോലെയുള്ള കാറുകൾ പൊലീസിന്റെ ഭാഗമാക്കുന്നത്. അപ്പോൾ കൂടുതൽ ലോക ശ്രദ്ധ ലഭിക്കും.
വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ആകും ഈ ആഡംബര വാഹനങ്ങൾ പൊലീസ് മിക്കപ്പോഴും പാർക്ക് ചെയ്യുക. വാഹനത്തിനൊപ്പം നിന്ന് ഫോട്ടോ എടുക്കാനും പൊലീസുമായി സൗഹൃദപരമായി ഇടപെടാനും ഇതിലൂടെ ജനങ്ങൾക്ക് അവസരം ലഭിക്കും. ഇത് പൊലീസും ജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കും.
ആഡംബര വാഹനങ്ങളിൽ പൊലീസ് സഞ്ചരിക്കുന്നത് കാണുമ്പോൾ യുവാക്കളുടെ ശ്രദ്ധ പിടിച്ച് പറ്റാനും അത് വഴി പൊലീസിനോടുള്ള യുവാക്കളുടെ പേടി മാറുകയും ചെയ്യും.
അന്താരാഷ്ട്ര ശ്രദ്ധ ലഭിക്കുന്ന പരേഡ്, അന്താരാഷ്ട്ര എക്സ്പോ, മോട്ടോർസ്പോർട്സ് പരിപാടികൾ, വി ഐ പി എസ്കോർട്ട് ഡ്യൂട്ടികൾ എന്നിവയ്ക്കായി ഈ വാഹനങ്ങൾ ഉപയോഗിക്കാറുണ്ട്. ഇതിലൂടെ ദുബൈ പൊലീസിന് വലിയ മാധ്യമ ശ്രദ്ധ നേടാൻ കഴിയും.
ദുബൈ സമ്പന്നവും സുരക്ഷിതവുമായ നഗരമാണ് എന്ന സന്ദേശം നൽകാനും ഈ ആഡംബര കാറുകൾ ഉപയോഗിക്കുന്നത് വഴി സാധിക്കും.
അതേസമയം ദിവസേനയുള്ള പൊലീസിന്റെ പ്രവർത്തനങ്ങൾക്ക് ആയി സാധാരണ എസ് യു വി, സെഡാൻ കാറുകളാണ് ഉപയോഗിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
