ദുബൈ: വേനൽകാലത്തെ കൊടും ചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കാൻ യു എ ഇ ഏർപ്പെടുത്തിയ ഉച്ച സമയ ജോലി നിരോധനം അവസാനിപ്പിക്കുന്നു. സെപ്റ്റംബർ 15 ന് നിരോധനം അവസാനിക്കുമെന്ന് സർക്കാർ അറിയിച്ചു. ജൂൺ 15 മുതൽ ആരംഭിച്ച ഉച്ച സമയ ജോലി നിരോധനം 3 മാസത്തിന് ശേഷമാണ് അവസാനിപ്പിക്കുന്നത്.
തൊഴിലാളികളെ കടുത്ത ചൂടിൽ നിന്ന് സംരക്ഷിക്കുന്നതിനായി ഉച്ചയ്ക്ക് 12:30 മുതൽ 3:00 മണി വരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന തരത്തിലുള്ള ജോലികൾ ചെയ്യുന്നതിൽ നിന്ന് വിലക്കിയിരുന്നു. മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയമാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. കഴിഞ്ഞ 21 വർഷമായി ഉച്ച സമയ ജോലി നിരോധനം യു എ ഇ നടപ്പിലാക്കുന്നുണ്ട്.
തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പിക്കുന്നതിന്റെ ഭാഗമായി ആണ് നിരോധനം ഏർപ്പെടുത്തിയത് എന്നും കമ്പനികൾ സർക്കാർ തീരുമാനത്തോട് പൂർണ്ണമായും സഹകരിച്ചെന്നും അധികൃതർ വ്യക്തമാക്കി.
നിർജ്ജലീകരണം,ക്ഷീണം,സൂര്യാഘാതം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കാനായി ആണ് ഉച്ച വിശ്രമം ഏർപ്പെടുത്തിയത്. ഒപ്പം തണലുള്ള വിശ്രമ സ്ഥലങ്ങൾ, കുടിവെള്ളം, മറ്റ് പ്രതിരോധ നടപടികൾ എന്നിവയും തൊഴിലുടമകൾ ഒരുക്കി നൽകിയിരുന്നു. ഉച്ച സമയ ജോലി നിരോധനവുമായി ബന്ധപ്പെട്ട പരാതി അറിയിക്കാൻ ജനങ്ങൾക്ക് പ്രത്യേക സംവിധാനവും അധികൃതർ ഒരുക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates