അബുദാബി: ഉള്ളടക്ക മാനദണ്ഡങ്ങൾ ലംഘിച്ച് സോഷ്യൽ മീഡിയ ഉപയോഗിച്ചവർക്കെതിരെ ഫെഡറൽ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യാൻ യു എ ഇ നാഷണൽ മീഡിയ ഓഫീസ് തീരുമാനിച്ചു.
സോഷ്യൽ മീഡിയ ഉപയോഗിച്ചവരിൽ ചിലർ അതിൽ പ്രസിദ്ധീകരിച്ചതും ആവർത്തിച്ചതുമായ ഉള്ളടക്കം നിരീക്ഷിച്ച്, അവലോകനം ചെയ്ത്, വിലയിരുത്തിയ ശേഷം, അവരെ റഫർ ചെയ്തതായി നാഷണൽ മീഡിയ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു.
ധാർമ്മിക തത്വങ്ങളുമായി പൊരുത്തപ്പെടുന്ന ലക്ഷ്യബോധമുള്ള മാധ്യമ ഉള്ളടക്കത്തിന്റെ മാനദണ്ഡങ്ങൾ ഈ വ്യക്തികൾ ലംഘിച്ചതായി കണ്ടെത്തി.
ഉത്തരവാദിത്തമുള്ള ഒരു മാധ്യമ അന്തരീക്ഷം വളർത്തിയെടുക്കുന്നതിനും സാമൂഹിക മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും സൃഷ്ടിപരമല്ലാത്ത ഉള്ളടക്കത്തിൽ നിന്ന് സമൂഹങ്ങളെ സംരക്ഷിക്കുന്നതിനുമുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് ഇത്തരം നടപടികൾ സ്വീകരിക്കുന്നതെന്ന് നാഷണൽ മീഡിയാ ഓഫീസ് വ്യക്തമാക്കി.
മാധ്യമ ധാർമ്മികതയെയും മൂല്യങ്ങളെയും ബഹുമാനിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കണമെന്നും നാഷണൽ മീഡിയ ഓഫീസ് അഭ്യർത്ഥിച്ചു.
നിയമ ലംഘനങ്ങൾ കൃത്യമായി കണ്ടെത്തുന്നതിനും, സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവരെ അവരുടെ ലംഘനങ്ങളെക്കുറിച്ച് അറിയിക്കുന്നതിനും, നിയമപരമായിപ്രവർത്തിക്കാനും ചട്ടങ്ങളും നിയമങ്ങളും പാലിക്കാനും അവരെ പ്രേരിപ്പിക്കുന്നതിനും തങ്ങളുടെ നിരീക്ഷണ സംഘം 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
യുഎഇയിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ രാജ്യത്തിന്റെ മൂല്യങ്ങളും ബഹുമാനം, സഹിഷ്ണുത, സഹവർത്തിത്വം എന്നിവയുടെ തത്വങ്ങളും ഉയർത്തിപ്പിടിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട് നാഷണൽ മീഡിയ ഓഫീസ്, നേരത്തെ പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.
പരസ്പര ബഹുമാനം വളർത്തുന്ന സുരക്ഷിതവും സന്തുലിതവുമായ ഡിജിറ്റൽ അന്തരീക്ഷം ഉറപ്പാക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള യുഎഇയുടെ നിയമങ്ങൾ പാലിച്ചുകൊണ്ട്, ഈ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ഓഫീസ് നിയമനടപടി സ്വീകരിക്കുമെന്ന് അന്ന് വ്യക്തമാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
