

പൊതുജനങ്ങൾക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന രീതിയിൽ വലിയ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
അനധികൃതമായി വാഹനങ്ങളിൽ മാറ്റം വരുത്തുന്നതും ശബ്ദമലിനീകരണം സൃഷ്ടിക്കുന്നതുമായ പ്രവർത്തനങ്ങൾക്ക് നിയമപരമായ ശിക്ഷ ലഭിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
വാഹനത്തിന്റെ എഞ്ചിനിലോ ഷാസിയിലോ അനധികൃതമായി മാറ്റങ്ങൾ വരുത്തുന്നത് ഗതാഗത കുറ്റകൃത്യമായി കണക്കാക്കുമെന്നും മന്ത്രാലയത്തെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
അശ്രദ്ധമായി വാഹനമോടിച്ചതിനും, ശബ്ദമുണ്ടാക്കിയതിനും ഷാർജ പോലീസ് 30 മോട്ടോർ സൈക്കിളുകൾ ഉൾപ്പടെ 42 വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.നിയമലംഘനങ്ങൾ നിരീക്ഷിക്കൽ, വാഹനങ്ങൾ പിടിച്ചെടുക്കൽ എന്നീ നടപടികൾ ഉണ്ടാകുമെന്ന് ഷാർജ പൊലീസ് അറിയിച്ചു.
യുഎഇയിൽ അനധികൃതമായി വാഹനങ്ങൾ മോഡിഫൈ ചെയ്യുകയോ ശബ്ദമലീനികരണം ഉണ്ടാക്കുകയോ ചെയ്താൽ ഗതാഗത നിയന്ത്രണ നിയമങ്ങളെയും നടപടിക്രമങ്ങളെയും കുറിച്ചുള്ള നിയമങ്ങൾ പ്രകാരം ശിക്ഷാനടപടികൾ സ്വീകരിക്കും. പിഴ, ബ്ലാക്ക് പോയിന്റുകൾ, വാഹനം കണ്ടുകെട്ടൽ എന്നിവയാണ് ശിക്ഷയിൽ ഉൾപ്പെടുന്നത്.
നിയമം ലംഘിക്കുന്നവർ 1,000 ദിർഹം ആണ് പിഴയായി ഒടുക്കേണ്ടി വരുക.12 ബ്ലാക്ക് പോയിന്റുകൾ ലഭിക്കും. 30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും.
ഗതാഗത നിയന്ത്രണ നിയമങ്ങളെയും നടപടിക്രമങ്ങളെയും കുറിച്ചുള്ള 2017 ലെ 178-ാം നമ്പർ മന്ത്രിതല പ്രമേയത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്ന ലംഘനങ്ങളുടെ പട്ടികയിലെ ആർട്ടിക്കിൾ 73 പ്രകാരമാണിത്.
വാഹനമോടിക്കുന്ന എല്ലാവരും ഗതാഗത നിയന്ത്രണ നിയമങ്ങൾ പാലിക്കണമെന്നും സുരക്ഷയെയും ജനജീവിതത്തെയും ബാധിക്കുന്ന പരിഷ്കാരങ്ങളും നടപടികളും ഒഴിവാക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates