

ന്യൂഡല്‍ഹി: രാജ്യത്ത് പുതിയതായി 85 കേന്ദ്രീയ വിദ്യാലയങ്ങളും 28 നവോദയ വിദ്യാലയങ്ങളും തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി യോഗത്തിലാണ് തീരുമാനം. കേരളത്തിന് പുതുതായി ഒരു കേന്ദ്രീയ വിദ്യാലയം അനുവദിച്ചിട്ടുണ്ട്. ഇടുക്കിയിലെ തൊടുപുഴയിലാണ് പുതിയ കേന്ദ്രീയ വിദ്യാലയം തുടങ്ങുക. ഇതോടെ കേരളത്തിലെ കേന്ദ്രീയ വിദ്യാലയങ്ങളുടെ എണ്ണം 39 ആകും.
86 കേന്ദ്രീയ വിദ്യാലയങ്ങള്‍ കൂടി പ്രവര്‍ത്തനമാരംഭിക്കുന്നതോടെ 82,560 വിദ്യാര്‍ഥികള്‍ക്ക് പ്രയോജനം ലഭിക്കും. കൂടാതെ നിലവിലെ മാനദണ്ഡങ്ങള്‍ അനുസരിച്ചു, ഒരു കേന്ദ്രീയ വിദ്യാലയത്തില്‍ 63 പേര്‍ക്ക് ജോലി ലഭിക്കും. ഒരു കേന്ദ്രീയ വിദ്യാലയത്തിന്റെ വിപുലീകരണത്തിലൂടെ 33 പുതിയ തസ്തികകള്‍ കൂട്ടിച്ചേര്‍ക്കും. ഒരു കേന്ദ്രീയ വിദ്യാലയത്തിന്റെ വിപുലീകരണവും 85 പുതിയ കേന്ദ്രീയ വിദ്യാലയങ്ങളുടെ അംഗീകാരവും 5388 നേരിട്ടുള്ള സ്ഥിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. കൂടാതെ, നിര്‍മാണവും അനുബന്ധ പ്രവര്‍ത്തനങ്ങളും നിരവധി തൊഴിലാളികള്‍ക്ക് തൊഴിലവസരങ്ങളും സൃഷ്ടിക്കും.
പുതിയത് സ്ഥാപിക്കുന്നതിന് പുറമേ നിലവിലുളളവയുടെ വികസനത്തിനായി 5872 കോടി രൂപയാണ് അനുവദിച്ചത്. ഇതില്‍ ഏകദേശം 2862.71 കോടി രൂപയുടെ മൂലധനച്ചെലവും ഏകദേശം 3009.37 കോടി രൂപ പ്രവര്‍ത്തനച്ചെലവും ഉള്‍പ്പെടുന്നു. മോസ്‌കോ, കാഠ്മണ്ഡു, ടെഹ്‌റാന്‍ എന്നീ വിദേശമേഖലകളിലെ മൂന്ന് കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ നിലവില്‍ പ്രവര്‍ത്തനക്ഷമമായ 1256 കേന്ദ്രീയ വിദ്യാലയങ്ങളാണ് ഉള്ളത്. മൊത്തം 13.56 ലക്ഷം വിദ്യാര്‍ഥികള്‍ കേന്ദ്രീയ വിദ്യാലയങ്ങളില്‍ പഠിക്കുന്നുണ്ട്.
കേന്ദ്ര സര്‍ക്കാര്‍/പ്രതിരോധ ജീവനക്കാരുടെ മക്കള്‍ക്ക് രാജ്യത്തുടനീളം ഏകീകൃത നിലവാരത്തിലുള്ള വിദ്യാഭ്യാസ സൗകര്യങ്ങള്‍ നല്‍കുന്നതിനായി 1962 നവംബറിലാണ് കേന്ദ്രീയ വിദ്യാലയം പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates