

ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയില്‍ നിന്നും അനധികൃതമായി സൂക്ഷിച്ച നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച്‌മെന്റ് ചെയ്യാനുള്ള നടപടികള്‍ക്ക് തുടക്കമായി. ഇതിനായി മൂന്നംഗ സമിതിയെ നിയോഗിച്ചതായി ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ല അറിയിച്ചു. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അരവിന്ദ് കുമാര്‍ അധ്യക്ഷനായ മൂന്നംഗ സമിതിയെയാണ് സ്പീക്കര്‍ ഇംപീച്ച്‌മെന്റ് നടപടികള്‍ക്കായി നിയോഗിച്ചത്.
മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എം എം ശ്രീവാസ്തവ, കര്‍ണാടക ഹൈക്കോടതിയുടെ മുതിര്‍ന്ന അഭിഭാഷകന്‍ ബി വി ആചാര്യ എന്നിവരാണ് മൂന്നംഗ സമിതിയിലെ മറ്റംഗങ്ങള്‍. ജസ്റ്റിസ് വര്‍മക്കെതിരെയുള്ള ആരോപണങ്ങളില്‍ മൂന്നംഗ സമിതി അന്വേഷണം നടത്തും. സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും നടപടികള്‍. മൂന്നു മാസത്തിനകം സമിതി റിപ്പോര്‍ട്ട് നല്‍കണം. അടുത്ത സമ്മേളനം റിപ്പോര്‍ട്ട് പരിഗണിക്കും.
ജസ്റ്റിസ് വര്‍മയ്‌ക്കെതിരെ 146 പാര്‍ലമെന്റ് അംഗങ്ങള്‍ ഒപ്പിട്ട ഇംപീച്ച്‌മെന്റ് നോട്ടീസാണ് സ്പീക്കര്‍ക്ക് സമര്‍പ്പിച്ചിരുന്നത്. അഴിമതിക്കെതിരെ പാര്‍ലമെന്റ് ഒറ്റക്കെട്ടാണ്. ജനങ്ങള്‍ ജുഡീഷ്യറിയില്‍ വിശ്വാസം അര്‍പ്പിക്കുന്നു. അതിനാല്‍ത്തന്നെ ഇംപീച്ച്‌മെന്റ് നോട്ടീസ് അംഗീകരിക്കുന്നതായി സ്പീക്കര്‍ ഓം ബിര്‍ല ലോക്‌സഭയെ അറിയിച്ചു. ഇതിനു പിന്നാലെയാണ് മൂന്നംഗ സമിതിയെ നിയോഗിച്ചത്.
വസതിയിൽ നോട്ടുകെട്ട് കണ്ടെത്തിയ സംഭവത്തിൽ സുപ്രീംകോടതി അന്വേഷണ സമിതിയുടെ ശുപാർശയ്ക്കെതിരെ യശ്വന്ത് വർമ നൽകിയ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. തന്റെ വിശദീകരണം കേൾക്കാതെയാണ് റിപ്പോർട്ട് തയാറാക്കിയതെന്ന ജസ്റ്റിസ് വർമയുടെ വാദം കോടതി നിരാകരിച്ചു. ജസ്റ്റിസ് യശ്വന്ത് വർമയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി അന്വേഷണ സമിതിയും റിപ്പോർട്ട് നൽകിയിരുന്നു. പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു ചെയര്‍മാനായ മൂന്നംഗ സമിതിയാണ് അന്നത്തെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് റിപ്പോർട്ട് നൽകിയത്.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് യശ്വന്ത് വർമയെ ഇംപീച്ച്‌മെന്റ് ചെയ്ത് പുറത്താക്കാൻ ചീഫ് ജസ്റ്റിസായിരുന്ന സഞ്ജീവ് ഖന്ന ശുപാർശ നൽകുകയും ചെയ്തിരുന്നു. ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വീട്ടില്‍ തീപിടിത്തം ഉണ്ടായപ്പോള്‍ തീ അണയ്ക്കാന്‍ വന്ന അഗ്‌നിരക്ഷാസേനയാണ് മാര്‍ച്ച് 14ന് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയത്. ആരോപണത്തെത്തുടർന്ന് ജസ്റ്റിസ് യശ്വന്ത് വർമയെ ഡൽഹി ഹൈക്കോടതിയിൽ നിന്നും അലഹാബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
