ന്യൂഡല്‍ഹി: വിമാനത്തിന്റെ പിന്‍ചക്രത്തിന്റെ ഭാഗത്ത് ഒളിച്ച് അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് 13 കാരന്റെ സാഹസിക യാത്ര. അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറന്ന കെഎഎം എയറിയിന്റെ ആര്‍ക്യു 4401 വിമാനത്തില്‍ ഞായറാഴ്ചയായിരുന്നു 13 കാരന്റെ അപകടയാത്ര. ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് രാവിലെ 8:46 ന് പുറപ്പെട്ട് 10:20 ന് ഡല്‍ഹിയില്‍ ലാന്റ് ചെയ്ത വിമാനത്തില്‍ ഇന്ത്യയില്‍ എത്തിയ കുട്ടിയുടെ സുരക്ഷിതനാണെന്ന് അധികൃതരെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സാധാരണ അഫ്ഗാൻ വേഷമായ കുര്‍ത്തയും പൈജാമയും ധരിച്ചായിരുന്നു കുട്ടി വിമാനത്തിന്റെ ചക്രഭാഗത്തിനിടയില്‍ ഒളിച്ചിരുന്നത്. ഇറാഖിലേക്ക് കടക്കാനായിരുന്നു കുട്ടിയുടെ ശ്രമം എന്നാണ് പ്രാഥമിക വിവരം. എന്നാല്‍, വിമാനം മാറി കയറി ഇന്ത്യയിലെത്തുകയായിരുന്നു. കുട്ടി സുരക്ഷിതനെങ്കിലും ഗുരുതര സുക്ഷാ വീഴ്ചയാണ് സംഭവിച്ചത് എന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന പ്രതികരണം. കാബുള്‍ വിമാനത്താവളത്തില്‍ സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ച് ആശങ്ക ഉണ്ടാക്കുന്നതാണ് ഇപ്പോഴത്തെ സംഭവം എന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്ത വിമാനത്തില്‍ നിന്നും യാത്രക്കാര്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് വിമാനത്താവളത്തിലെ ഏപ്രണ്‍ പ്രദേശത്ത് ദുരുഹ സാഹചര്യത്തില്‍ കുട്ടിയെ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. കുട്ടിയെ സിഐഎസ്എഫ് കസ്റ്റഡിയില്‍ എടുത്ത് എയര്‍പോര്‍ട്ട് പൊലീസിന് കൈമാറി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. പ്രായപൂര്‍ത്തിയാകാത്ത വ്യക്തി എന്ന നിലയില്‍ നിയമ നടപടികളില്‍ ഇളവുണ്ടാകും എന്നാണ് വിലയിരുത്തല്‍.
എന്നാല്‍, 90 മിനിറ്റില്‍ അധികം നീണ്ട യാത്രയില്‍ അപകടകമായ സാഹചര്യങ്ങള്‍ മറികടന്നുള്ള കുട്ടിയുടെ അതിജീവനം അവിശ്വസനീയമാണെന്ന് മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതികഠിനമായ തണുപ്പ് ഉള്‍പ്പെടെ മറികടന്നുള്ള അതിജീവനം അസാധ്യമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ വീല്‍ ബേയില്‍ ചക്രങ്ങള്‍ തിരിച്ചെത്തിയ ശേഷം ഡോറുകള്‍ അടഞ്ഞാല്‍ വിമാനത്തിന് ഉള്ളിലെ താപനില ഇവിടെയും ഉണ്ടാകുമെന്നതാണ് കുട്ടി രക്ഷപ്പെടാന്‍ കാരണമെന്നാണ് വ്യോമയാന വിദഗ്ദ്ധന്‍ ക്യാപ്റ്റന്‍ മോഹന്‍ രംഗനാഥന്‍ ചൂണ്ടിക്കാട്ടുന്നത്.
വിമാനത്തിന്റെ ചക്രങ്ങള്‍ക്കിടയില്‍ കയറി യാത്ര ചെയ്യുന്ന സംഭവങ്ങള്‍ പലതവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇത്തരം സംഭവങ്ങളിലെ അതിജീവനം അഞ്ചില്‍ ഒന്ന് മാത്രമാണെന്നും വിദഗ്ധര്‍ പറയുന്നു. യാത്രയ്ക്കിടയിലെ ഓക്‌സിന്റെ അഭാവം, ഹൈപ്പോഥെര്‍മിയ, കൊടും തണുപ്പ്, ഗിയര്‍ മാറ്റത്തിനിടയില്‍ കുടുങ്ങിയുള്ള മരണം, ലാന്‍ഡിങ് സമയത്തെ വീഴ്ച തുടങ്ങി പലവിധ വെല്ലുവിളികള്‍ ഇത്തരം യാത്രയില്‍ ഉണ്ടാകാന്‍ ഇടയുണ്ട്. താപനില മൈനസ് നിലയിലേക്ക് കുറയുന്ന 30,000 അടി ഉയരത്തില്‍ അതിജീവിക്കുക അസാധ്യമാണെന്ന് ചണ്ഡീഗഢിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. റിതിന്‍ മൊഹീന്ദ്രയും ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയില്‍ ഇത് രണ്ടാമത്തെ സംഭവമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 1996 ഒക്ടോബര്‍ 14 നായിരുന്നു ആദ്യ സംഭവം. ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്കുള്ള ബ്രിട്ടീഷ് എയര്‍വേസിന്റെ ബോയിംഗ് 747 വിമാനത്തില്‍ ഇത്തരത്തില്‍ രണ്ട് പേര്‍ യാത്ര ചെയ്തിരുന്നു. സഹോദരന്മാരായ പ്രദീപ് സൈനി (22), വിജയ് സൈനി (19) എന്നിവരാണ് അന്ന് സാഹസികതയ്ക്ക് മുതിര്‍ന്നത്. വിമാനം ഹീത്രൂ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ഇവരില്‍ വിജയ് മരിച്ചിരുന്നു. എന്നാല്‍ രണ്‍ദീപ് രക്ഷപ്പെടുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates