

ടെല്‍ അവീവ്: പലസ്തീന്‍ എന്ന രാജ്യം ഉണ്ടാകാന്‍ പോകുന്നില്ലെന്ന് ഇസ്രയേല്‍. പലസ്തീനെ രാജ്യമായി അംഗീകരിച്ച ബ്രിട്ടന്‍, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ക്കുള്ള മുന്നറിയിപ്പിലാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇങ്ങനെ അഭിപ്രായപ്പെട്ടത്. പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കുന്നവര്‍ ഭീകരതയ്ക്ക് വലിയ പ്രോത്സാഹനം നല്‍കുകയാണെന്നും നെതന്യാഹു കുറ്റപ്പെടുത്തി.
'ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറു ഭാഗത്ത് പലസ്തീനെന്ന രാജ്യം ഉണ്ടാകില്ല. നിങ്ങള്‍ ഈ നടപടിയിലൂടെ ഭീകരവാദത്തിന് വലിയൊരു സമ്മാനം നല്‍കുകയാണ്. ഒരു ഭീകര രാഷ്ട്രം നിര്‍ബന്ധിച്ച് അടിച്ചേല്‍പ്പിക്കാനുള്ള പുതിയ ശ്രമത്തിന് അമേരിക്കയില്‍ നിന്നു തിരിച്ചെത്തിയ ശേഷം മറുപടി നല്‍കും.' നെതന്യാഹു പ്രസ്താവനയില്‍ പറഞ്ഞു.
ഒക്ടോബര്‍ ഏഴിലെ ഭീകരമായ കൂട്ടക്കൊലയ്ക്ക് ശേഷവും പലസ്തീനെ അംഗീകരിക്കുന്ന നേതാക്കള്‍ക്കായി കൃത്യമായ സന്ദേശം നല്‍കുകയാണ്. നിങ്ങള്‍ ഭീകരതയ്ക്ക് വലിയ പ്രോത്സാഹനം നല്‍കുകയാണ്. വര്‍ഷങ്ങളായി ആഭ്യന്തരമായും വിദേശത്തുനിന്നുമുള്ള വലിയ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ആ ഭീകരരാഷ്ട്രത്തിന്റെ നിര്‍മ്മാണം ഞങ്ങള്‍ തടഞ്ഞുകൊണ്ടിരിക്കുകയാണ്'- നെതന്യാഹു വ്യക്തമാക്കി.
സ്വതന്ത്ര പലസ്തീന്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നില്ല. വെസ്റ്റ് ബാങ്കില്‍ കുടിയേറ്റം തുടരാനാണ് ഇസ്രയേലിന്റെ തീരുമാനം. ജൂദാ, സമരിയ തുടങ്ങിയ പ്രദേശങ്ങളില്‍ ജൂത കുടുയേറ്റം ഇരട്ടിയാക്കുമെന്നും നെതന്യാഹു അറിയിച്ചു. പതിറ്റാണ്ടുകളായി ഇസ്രയേലുമായുള്ള സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ പലസ്തീന് അന്താരാഷ്ട്ര അംഗീകാരമുള്ള അതിര്‍ത്തികളും തലസ്ഥാനവും സൈന്യവുമില്ല. വെസ്റ്റ് ബാങ്കും ഗാസയുമാണ് പലസ്തീന്റെ ഇപ്പോഴുള്ള ഭാഗങ്ങള്‍.
ഒട്ടേറെ യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയുടെ മുഖ്യസഖ്യകക്ഷികളും പലസ്തീന് രാഷ്ട്രപദവി അംഗീകരിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു. ബ്രിട്ടന്‍, കാനഡ, ഓസ്‌ട്രേലിയ, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളാണ് ഇന്നലെ പ്രഖ്യാപനം നടത്തിയത്. ഇതിനു പിന്നാലെ യുഎന്‍ പൊതുസഭ വാര്‍ഷിക സമ്മേളനത്തില്‍ ഫ്രാന്‍സ്, ബല്‍ജിയം, മാള്‍ട്ട തുടങ്ങിയ രാജ്യങ്ങളും പലസ്തീന് രാഷ്ട്രപദവി അംഗീകരിച്ച് പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates