

അമരാവതി: സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെ യന്ത്രവാള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയ കേസിലെ പ്രതിക്ക് പൊലീസുമായുള്ള ഏറ്റുമുട്ടലിനിടയില്‍ വെടിയേറ്റു. ആന്ധ്രാപ്രദേശിലെ അനന്ത്പൂര്‍ ജില്ലയിലാണ് സംഭവം. പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ ആക്രമിക്കാന്‍ ശ്രമിച്ചതോടെയാണ് വെടിയുതിര്‍ത്തതെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ച രാപ്താഡു ജില്ലാ പരിഷത് ഹൈസ്‌കൂളിലെ രണ്ട് പത്താം ക്ലാസ് വിദ്യാര്‍ഥിനികളെയാണ് പ്രതി ആക്രമിച്ചത്.
ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി വനമേഖലയില്‍ ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് സംഘം സ്ഥലത്തെത്തി വളയുകയായിരുന്നു. കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഹേമന്ത് ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് ആത്മരക്ഷാര്‍ഥം ആറ് തവണ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. വെടിവെപ്പില്‍ ഗുരുതര പരിക്കേറ്റ ഹേമന്തിനെ അനന്ത്പൂര്‍ ജില്ലാ ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനിടയില്‍ രാപ്താഡു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.
പ്രതിയുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ പെണ്‍കുട്ടികളില്‍ ഒരാളുടെ വലതു കൈ അറ്റുപോവുകയും ആഴത്തിലുള്ള മുറിവേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കൂട്ടുകാരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് രണ്ടാമത്തെ കുട്ടിക്ക് പരിക്കേറ്റത്. ആദ്യം അനന്ത്പൂര്‍ ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ, തുടര്‍ചികിത്സയ്ക്കായി ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഹേമന്തിനെ എന്‍കൗണ്ടറില്‍ വധിക്കണമെന്ന് ബന്ധുക്കള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നായിരുന്നു ആക്രമണം. ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയില്ലെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു. യുവാവിന് പെണ്‍കുട്ടിയോട് പ്രണയം ഉണ്ടായിരുന്നു എന്നറിഞ്ഞില്ല. എങ്കില്‍ ജാഗ്രത പുലര്‍ത്തുമായിരുന്നു. മുന്‍പ് ഭീഷണിയുണ്ടായിട്ടില്ല. പെട്ടെന്നാണ് സ്‌കൂള്‍ വളപ്പില്‍ കയറി ആക്രമിച്ചത്. പെണ്‍കുട്ടി അപകട നില തരണം ചെയ്തതായും ബന്ധുക്കള്‍ പറഞ്ഞു. അധ്യാപിക ക്ലാസെടുക്കുന്നതിനിടെയാണ് ആക്രമണം നടന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates