

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന പാര്‍ലമെന്റ് സമ്മേളനത്തിന്റെ സമാപന ദിനം ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഞ്ച് വര്‍ഷം പരിഷ്‌കരണത്തിന്റെയും പ്രകടനത്തിന്റെയും പരിവര്‍ത്തനത്തിന്റെയും കാലഘട്ടമായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ വിട്ടുനിന്നപ്പോള്‍ വിട്ടു നിന്നപ്പോള്‍ കോണ്‍ഗ്രസ് ചര്‍ച്ചയില്‍ പങ്കെടുത്തു.രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തോടെ ആരംഭിച്ച ബജറ്റ് സമ്മേളനമാണ് ഇന്ന് അവസാനിക്കുന്നത്.
വനിതാ സംവരണ ബില്‍ പാസാക്കിയതിനെയും മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതിനെയും അദ്ദേഹം അഭിനന്ദിച്ചു. രാമക്ഷേത്രത്തെക്കുറിച്ചുള്ള ലോക്സഭയുടെ പ്രമേയം ഭാവിതലമുറയ്ക്ക് രാജ്യത്തിന്റെ മൂല്യങ്ങളില്‍ അഭിമാനിക്കാന്‍ ഭരണഘടനാപരമായ ശക്തി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ പാര്‍ലമെന്റ് കെട്ടിടം വേണമെന്ന് മുമ്പും ചര്‍ച്ചയുണ്ടായിരുന്നുവെങ്കിലും പതിനേഴാം ലോക്സഭയില്‍ സ്പീക്കറുടെ തീരുമാനം അതു യാഥാര്‍ഥ്യമാക്കി. സ്പീക്കര്‍ ഓം ബിര്‍ലയുടെ നേതൃത്വത്തിലാണ് സഭയില്‍ 'ചെങ്കോല്‍' ആചാരപരമായി സ്ഥാപിച്ചതെന്നും മോദി പറഞ്ഞു.
തലമുറകളായി, ജനങ്ങള്‍ രാജ്യത്ത് ഏക ഭരണഘടനയാണ് സ്വപ്നം കണ്ടിരുന്നതെന്നും ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തുകൊണ്ട് ഈ സഭ അത് സാധ്യമാക്കിയെന്നും മോദി പറഞ്ഞു. പതിനേഴാം ലോക്സഭ നിരവധി വെല്ലുവിളികള്‍ നേരിടുകയും രാജ്യത്തിന് ഉചിതമായ ദിശാബോധം നല്‍കുകയും ചെയ്തു. ഈ അഞ്ച് വര്‍ഷം പരിഷ്‌കരണത്തിന്റെയും പ്രകടനത്തിന്റെയും പരിവര്‍ത്തനത്തിന്റെയും കാലഘട്ടമായിരുന്നു. നമ്മള്‍ പരിഷ്‌കരിക്കുകയും പ്രവര്‍ത്തിക്കുകയും പരിവര്‍ത്തനം കാണുകയും ചെയ്യുന്നത് അപൂര്‍വമാണ്. രാജ്യം പതിനേഴാം ലോക്‌സഭയെ അനുഗ്രഹിച്ചുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
21-ാം നൂറ്റാണ്ടില്‍ ഇന്ത്യയ്ക്കു ശക്തമായ അടിത്തറ നല്‍കുന്ന ശക്മായ പരിഷ്‌കാരങ്ങളാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ നടപ്പാക്കിയതെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. രാജ്യം അതിവേഗം വലിയ മാറ്റങ്ങളിലേക്ക് നീങ്ങി. സഭയിലെ എല്ലാ അംഗങ്ങളും നിര്‍ണായക സംഭാവന നല്‍കി. നൂറ്റാണ്ടുകളായി ആളുകള്‍ കാത്തിരുന്ന നിരവധി കാര്യങ്ങള്‍ പൂര്‍ത്തിയായി.
സ്പീക്കര്‍ ഓം ബിര്‍ള സഭാ നടപടികള്‍ കൈകാര്യം ചെയ്തതിനേയും അഭിനന്ദിച്ചുകൊണ്ടായിരുന്നു പ്രസംഗം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഉണ്ടായതെന്നും സഭയുടെ അന്തസ്സ് ഉറപ്പാക്കിക്കൊണ്ട് പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടാതിരിക്കാന്‍ സ്പീക്കര്‍ ക്രമീകരണങ്ങള്‍ നടത്തിയെന്നും കോവിഡ് മഹാമാരിയെ പരാമര്‍ശിച്ച് മോദി പറഞ്ഞു. ബജറ്റ് സമ്മേളനത്തിനുശേഷം ലോക്‌സഭയും രാജ്യസഭയും അനിശ്ചിതകാലത്തേയ്ക്കു പിരിഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates