

രാജ്യത്ത് പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊപ്പം എപ്പോഴും പുതിയ പാര്‍ട്ടികള്‍ പൊട്ടിമുളച്ചുകൊണ്ടേയിരിക്കും. അത് സര്‍വസാധാരണമാണ്. പുതിയ ആശയങ്ങള്‍, പുതിയ രീതികള്‍, അഭിപ്രായ വ്യത്യാസങ്ങള്‍ എന്നിവയെല്ലാം പാര്‍ട്ടികള്‍ പിളരാനും പുതിയതുണ്ടാകാനും എല്ലാം കാരണമാണ്. എന്നാല്‍ അടുത്ത കാലത്തായി വന്ന രണ്ട് രാഷ്ട്രീയ കൂട്ടായ്മകള്‍ ആളുകളെ വലിയ തോതില്‍ സ്വാധീനിച്ചിരിക്കുന്നു. കോക്രോച്ച് ജനതാ പാര്‍ട്ടി(സിജെപി)യും നാഷണല്‍ പാരസൈറ്റിക് ഫ്രണ്ടും(എന്‍പിഎഫും).
ഇന്റര്‍നെറ്റില്‍ രൂപം കൊണ്ട പരിഹാസ സ്വഭാവമുള്ള രണ്ട് രാഷ്ട്രീയ സംഘടനകള്‍ക്കും വന്‍ സ്വീകാര്യതയാണ്. രാഷ്ട്രീയപരമായ വിമര്‍ശനങ്ങളെയും മറ്റ് അസ്വാരസ്യങ്ങളെയും ആക്ഷേപഹാസ്യ രൂപത്തില്‍ ആളുകളിലേയ്ക്ക് എത്തിക്കുന്ന സ്വഭാവമാണ് രണ്ടിനുമുള്ളത്. അത് തന്നെയാണ് ജെന്‍സിയേയും മറ്റുള്ളവരേയും വലിയ തോതില്‍ ആകര്‍ഷിച്ചത്.
തൊഴിലില്ലാത്ത ചില യുവാക്കളെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പാറ്റകളോടും പരാദങ്ങളോടും ഉപമിച്ചുകൊണ്ടുള്ള വിവാദ പരാമര്‍ശം സാമൂഹിക മാധ്യമങ്ങളില്‍ വലിയ രോഷത്തിന് കാരണമായി. ഇതാണ് ഇത്തരം ഒരു പരിഹാസ രാഷ്ട്രീയ പാര്‍ട്ടിക്ക് പിറവിയെടുക്കാന്‍ കാരണം. പേരിന് ഒരു പ്രതിഷേധം എന്നതിലുപരി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഒരു സംഘടന രൂപീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഫലമാണ് കോക്രോച്ച് പാര്‍ട്ടി.
മടിയന്‍മാരുടേയും തൊഴിലില്ലാത്തവരുടേയും ശബ്ദം
കോക്രോച്ച് ജനതാ പാര്‍ട്ടി തങ്ങളെ വിശേഷിപ്പിക്കുന്നത് 'മടിയന്മാരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദം' എന്നാണ്. അഭിജീത് ദിപ്‌കെ രൂപീകരിച്ച സിജെപി മെയ് 16 നാണ് പ്രവര്‍ത്തനം ആരംഭിച്ചത്. വളരെ വേഗത്തിലാണ് ഇത് എക്‌സിലും ഇന്‍സ്റ്റഗ്രാമിലും തരംഗമായി മാറിയത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ മില്യണ്‍ ഫോളോവേഴ്‌സിലേയ്ക്ക് എത്തി. തുടങ്ങുമ്പോള്‍ വൈറലാകുമെന്ന് കരുതിയിലെന്നാണ് ദിപ്‌കെ പറയുന്നത്. വിവാദത്തിന് തൊട്ടുപിന്നാലെ ഓണ്‍ലൈനില്‍ ഒരു തമാശയായി തുടങ്ങിയത് അതിനുമൊക്കെ അപ്പുറത്തേയ്ക്ക് എത്തിയത് ശരിക്കും അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നു. 'ഇത്തരമൊരു പ്രതികരണം താന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും എല്ലാം വളരെ സ്വാഭാവികമായി സംഭവിച്ചതാണെന്നും കൂട്ടിച്ചേര്‍ത്തു. വിവാദ പരാമര്‍ശത്തെത്തുടര്‍ത്ത് എല്ലാ പാറ്റകളും ഒത്തുചേര്‍ന്നാല്‍ എങ്ങനെയുണ്ടാകും എന്ന സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരൊറ്റ ചോദ്യത്തില്‍ നിന്നാണ് കോക്രോച്ച് പാര്‍ട്ടിയുടെ ജനനം. എന്നാല്‍, ആയിരക്കണക്കിന് ആളുകള്‍ ഇതില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചതോടെ ഈ ആശയം ഇന്റര്‍നെറ്റില്‍ സമ്പൂര്‍ണ വിജയമാവുകയായിരുന്നു.
ഇത് വെറുമൊരു പരിഹാസം മാത്രമാണെന്ന് പാര്‍ട്ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പരസ്യമായി സമ്മതിക്കുന്നുണ്ട്. എങ്കിലും ഇതിലൊരു പ്രകടനപത്രിക അവര്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അതിലെ പ്രധാന വാഗ്ദാനങ്ങളില്‍ ചിലത് താഴെ പറയുന്നവയാണ്:
ചീഫ് ജസ്റ്റിസുമാര്‍ക്ക് വിരമിക്കലിന് ശേഷം രാജ്യസഭാ സീറ്റുകള്‍ നല്‍കില്ല.
സാധുവായ വോട്ടുകള്‍ റദ്ദാക്കപ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കും.
കാബിനറ്റ് ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തും.
വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കും.
പാര്‍ട്ടി മാറുന്ന എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും ദീര്‍ഘകാലത്തേക്ക് തെരഞ്ഞെടുപ്പ് വിലക്ക് ഏര്‍പ്പെടുത്തും.
'കോക്രോച്ചുകള്‍' ഒത്തുചേര്‍ന്നു
മറ്റ് പല രാഷ്ട്രീയ പാര്‍ട്ടിക്കാരും ഇതിലേയ്ക്ക് ചേരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ മഹുവ മൊയ്ത്രയും കീര്‍ത്തി ആസാദും പരസ്യമായി പാര്‍ട്ടിയില്‍ ചേര്‍ന്നുവെന്ന് പ്രഖ്യാപിച്ചു. ഇത് കൂടുതല്‍ ജനശ്രദ്ധ നേടാന്‍ കാരണമായി. ഒരു സ്റ്റാര്‍ട്ട് അപ്പ് പോലെ പ്രവര്‍ത്തിക്കുന്ന സിജെപിക്ക് സ്വന്തമായി ബ്രാന്‍ഡിങ്, പ്രത്യയശാസ്ത്ര നിലപാടുകള്‍, പുതിയ ആളുകളെ ചേര്‍ക്കാനുള്ള സംവിധാനങ്ങള്‍, മുദ്രാവാക്യങ്ങള്‍, കൂടാതെ ജനങ്ങളിലേക്കിറങ്ങിയുള്ള പ്രചാരണ പരിപാടികള്‍ എന്നിവയെല്ലാമുണ്ട്. 'മോനേ/മോളേ, ഇപ്പോള്‍ എന്താണ് പരിപാടി?' എന്നുള്ള ബന്ധുക്കളുടെ ചോദ്യം തൊഴിലില്ലായ്മയുടെ ഏറ്റവും പ്രകടമായ അവസ്ഥയാണ്. ഇതുള്‍പ്പെടെ പ്രവേശന പരീക്ഷകള്‍, വിലക്കയറ്റം തുടങ്ങി നിരവധി വിഷയങ്ങള്‍ 'കോക്രോച്ചുകള്‍' ചര്‍ച്ച ചെയ്യുന്നു. പരമ്പരാഗത പാര്‍ട്ടികള്‍ ജാതിസമവാക്യങ്ങളും ക്ഷേമപദ്ധതികളും ആയുധമാക്കുമ്പോള്‍ കോക്രോച്ച് ജനതാ പാര്‍ട്ടി മീമുകളെ(ഇന്റര്‍നെറ്റിലെ തമാശകള്‍)യാണ് ആയുധമാക്കിയിരിക്കുന്നത്.
നാഷണല്‍ പാരസൈറ്റിക് ഫ്രണ്ട്
കോക്രോച്ച് ജനതാ പാര്‍ട്ടിക്ക് പിന്നാലെ സമാനമായ സാഹചര്യത്തില്‍ സമാനമായ ആശയത്തില്‍ രൂപം കൊണ്ട ഹാസ്യാത്മക രാഷ്ട്രീയ പാര്‍ട്ടിയാണ് നാഷണല്‍ പാരസൈറ്റിക് ഫ്രണ്ട്. തമാശയ്ക്കാണെങ്കിലും ഒരു യഥാര്‍ത്ഥ രാഷ്ട്രീയ സംഘടനയുടെ ഗൗരവമേറിയ ശൈലിയാണ് നാഷണല്‍ പാരസൈറ്റിക് ഫ്രണ്ട് നുകരിക്കുന്നത്. സമൂഹത്തിന് ആവശ്യമില്ലാത്തവരെന്നും ഉല്‍പ്പാദനക്ഷമതയില്ലാത്തവരെന്നും മുദ്രകുത്തപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ഒരു ദേശീയ പ്രതിരോധ പ്രസ്ഥാനം എന്ന രീതിയിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതിശയോക്തി കലര്‍ന്ന വിപ്ലവ ഭാഷയും, ഭരണഘടനാ തത്വങ്ങളെ പരിഹസിക്കുന്ന ശൈലിയും, ഇന്റര്‍നെറ്റ് പരിഹാസങ്ങളും ഇവര്‍ ധാരാളമായി ഉപയോഗിക്കുന്നു.
തങ്ങള്‍ക്കെതിരെ ഉയര്‍ന്ന ഉപരിവര്‍ഗ്ഗ രാഷ്ട്രീയ അധിക്ഷേപങ്ങള്‍ക്ക് മറുപടിയായി, തകര്‍ന്നുപോയ ഒരു വ്യവസ്ഥിതിക്കുള്ളില്‍ അതിജീവിക്കാന്‍ ശ്രമിക്കുന്ന സാധാരണ പൗരന്മാരാണ് ഈ 'പരാദങ്ങള്‍' എന്നാണ് ഇവര്‍ പറയുന്നത്. സി.ജെ.പിയെപ്പോലെ തന്നെ, എന്‍ പി എഫും തൊഴിലില്ലായ്മ, രാഷ്ട്രീയ പ്രമാണിത്തം, ഭരണകൂടങ്ങളുടെ നിസ്സംഗത എന്നിവയ്ക്കെതിരെയുള്ള യുവാക്കളുടെ അമര്‍ഷത്തെ പരിഹാസരൂപേണയാണ് പകടിപ്പിക്കുന്നത്.
കുറ്റവാളികളില്ലാത്ത ഒരു പാര്‍ലമെന്റിനായി ഞങ്ങള്‍ ആഗ്രഹിക്കുന്നു. വിദ്യാസമ്പന്നരായ ജനപ്രതിനിധികള്‍ക്കായി ഞങ്ങള്‍ നിലകൊള്ളുന്നു. പെയ്‌തൊഴിയാത്ത മഴയില്‍ തോടുകളായി മാറാത്ത റോഡുകള്‍ക്കും, ഒരു കറന്റ് ബില്ലടക്കാന്‍ വേണ്ടി പതിനൊന്ന് തവണ കാപ്ച കോഡുകള്‍ ടൈപ്പ് ചെയ്യേണ്ടി വരാത്ത വൈഫൈ കണക്ഷനുകള്‍ക്കും വേണ്ടിയാണ് ഞങ്ങളുടെ പോരാട്ടമെന്നുമാണ് പാരസൈറ്റിക് ഫ്രണ്ട് തങ്ങളെക്കുറിച്ച് ഔദ്യോഗികമായി വിവരിക്കുന്നത്.
ചുരുക്കത്തില്‍, ഈ രണ്ട് കൂട്ടായ്മകളും ചേര്‍ന്ന് ഇന്ത്യയിലെ ഏറ്റവും വിചിത്രമായ രാഷ്ട്രീയ പരിതസ്ഥിതിക്കാണ് തുടക്കമിട്ടിരിക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയം എക്കാലവും മുന്നോട്ട് പോകുന്നത് പ്രകടന പത്രികകളെ അടിസ്ഥാനമാക്കിയാണ്. ഇക്കാര്യം വ്യക്തമായി മനസിലാക്കിയാണ് രണ്ട് കൂട്ടരുടേയും മുന്നോട്ടുപോക്ക്. നിലവില്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്ന എല്ലാ പ്രതിപക്ഷ വാദങ്ങളുടെയും ഒരു പരിഹാസ രൂപമാണ് ഇവരുടെ പ്രകടനപത്രികയില്‍ കാണാന്‍ കഴിയുക. എങ്കിലും ഈ തമാശകള്‍ക്ക് പിന്നില്‍, ഭരണസംവിധാനങ്ങളെയും ഭരണരീതികളെയും കുറിച്ചുള്ള വ്യക്തമായ നിലപാടുകള്‍ ആക്ഷേപഹാസ്യത്തിലൂടെ ഇവര്‍ പറഞ്ഞുവെക്കുന്നു.
ഇന്ത്യയിലെ മീം-രാഷ്ട്രീയ യുഗത്തിന്റെ വരവ്
ഇന്ത്യയില്‍ രാഷ്ട്രീയ പരിഹാസങ്ങള്‍ പുതിയൊരു കാര്യമല്ല. കാര്‍ട്ടൂണിസ്റ്റുകളും കോമഡി താരങ്ങളും മിമിക്രി കലാകാരന്മാരും പതിറ്റാണ്ടുകളായി രാജ്യത്തെ രാഷ്ട്രീയക്കാരുടെ അഹങ്കാരങ്ങള്‍ക്ക് മേല്‍ പരിഹാസ ശരങ്ങള്‍ എയ്യാറുണ്ട്.
എന്നാല്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയും നാഷണല്‍ പാരസൈറ്റിക് ഫ്രണ്ടും പ്രതിനിധീകരിക്കുന്നത് അതില്‍ നിന്നെല്ലാം അല്‍പ്പം വ്യത്യസ്തമായ ഒന്നാണ്. കൂടുതല്‍ ജനപങ്കാളിത്തമുള്ള പരിഹാസമാണ് എന്നതാണ് സവിശേഷത. ആളുകള്‍ വെറുതെ ആസ്വദിക്കുന്ന തമാശകള്‍ മാത്രമല്ല, മറിച്ച് ആളുകള്‍ സ്വയം ഭാഗമാകുന്ന മുന്നേറ്റങ്ങളാണ്. പുതിയ തലമുറ തങ്ങളുടെ പ്രതിഷേധങ്ങള്‍ പ്രകടിപ്പിക്കുന്നത് ഗൗരവമേറിയ പ്രസംഗങ്ങളിലൂടെയല്ല, പകരം മീമുകളിലൂടെയും, പരിഹാസം നിറഞ്ഞ പ്രകടനപത്രികകളിലൂടെയും, സ്വയം ട്രോളിയുമാക്കെയാണ്. പഴയകാല രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍, പ്ലക്കാര്‍ഡുകളുമേന്തി തെരുവിലിറങ്ങി മാര്‍ച്ച് നടത്തിയാണ് പ്രതിഷേധിച്ചിരുന്നതെങ്കില്‍ ഇന്നത് മാറി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates