

ന്യൂഡല്‍ഹി: കോടതിയിലെ പരാമര്‍ശങ്ങള്‍, അവ പ്രസ്താവിക്കുന്ന സാഹചര്യം പരിഗണിക്കാതെ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതില്‍ ആശങ്കയുണ്ടെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാനായി തന്റെ പരാമര്‍ശങ്ങള്‍ തെറ്റായി ഉദ്ധരിക്കുകയും മനഃപൂര്‍വ്വം വളച്ചൊടിക്കുകയും ചെയ്തതായി ഡിഡി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ജുഡീഷ്യല്‍ നടപടികളുടെ വിഡിയോ ദൃശ്യങ്ങള്‍ കൃത്യമായ കേസ് വിവരങ്ങള്‍ പറയാതെ ഓണ്‍ലൈനില്‍ വ്യാപകമായി പങ്കുവെക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
'എന്റെ പരാമര്‍ശം തെറ്റായി ഉദ്ധരിക്കപ്പെടുകയും ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്തു. പറയാത്ത കാര്യങ്ങള്‍ പറഞ്ഞതുപോലെ ചിത്രീകരിക്കുകയാണ്. ഇത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. പ്രത്യേകിച്ച്, രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണിത്' -ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
മേയ് 15ന് സുപ്രീംകോടതിയില്‍ നടന്ന കേസ് വാദത്തിനിടെ, വ്യാജ ബിരുദങ്ങള്‍ കൈവശം വയ്ക്കുകയും ഭരണസംവിധാനത്തെ ആക്രമിക്കാനായി സോഷ്യല്‍ മീഡിയ അല്ലെങ്കില്‍ ആര്‍ടിഐ പ്രവര്‍ത്തകരായി മാറുകയും ചെയ്യുന്നവരെ ചീഫ് ജസ്റ്റിസ് പാറ്റകളോട് ഉപമിച്ചതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. ഈ പരാമര്‍ശം യുവാക്കള്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിന് കാരണമാവുകയും 'കോക്രോച്ച് ജനതാ പാര്‍ട്ടി' (സിജെപി) എന്ന പേരില്‍ പരിഹാസരൂപേണയുള്ള ഓണ്‍ലൈന്‍ പ്രചാരണത്തിന് തുടക്കമിടുകയും ചെയ്തു.
ഈ സംഭവവികാസങ്ങള്‍ അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്ന് വിശേഷിപ്പിച്ച ചീഫ് ജസ്റ്റിസ്, താന്‍ പറഞ്ഞ വാക്കുകള്‍ക്ക് ഇത്തരമൊരു വ്യാഖ്യാനം വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് വ്യക്തമാക്കി. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളെയും കടമകളെയും കുറിച്ച് മാധ്യമസ്ഥാപനങ്ങളെയും പൗരന്മാരെയും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നിങ്ങള്‍ ഏത് തരം മാധ്യമങ്ങളിലും പ്രവര്‍ത്തിക്കുന്നവരോ ഒരു സാധാരണ പൗരനോ ആകട്ടെ, നമുക്കെല്ലാവര്‍ക്കും ഭരണഘടനാപരമായ അവകാശങ്ങളും കടമകളും ഉത്തരവാദിത്തങ്ങളുമുണ്ട്. അവകാശങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍, കടമകള്‍ നിറവേറ്റാനുള്ള ശേഷിയും നമുക്കുണ്ടായിരിക്കണം. സമൂഹത്തില്‍ സൗഹാര്‍ദ്ദം നിലനില്‍ക്കുന്നുവെന്ന് ഉറപ്പാക്കാന്‍ നാം നിരന്തരം പരിശ്രമിക്കണം.
കോടതി നടപടികളുടെ ഓഡിയോ-വിഡിയോ റെക്കോര്‍ഡിങ്ങുകള്‍ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതും റീപോസ്റ്റ് ചെയ്യുന്നതും അപ്ലോഡ് ചെയ്യുന്നതും ലാഭമുണ്ടാക്കാന്‍ ഉപയോഗിക്കുന്നതും നിരോധിച്ചുകൊണ്ടുള്ള തന്റെ ഉത്തരവ് പരാമര്‍ശിച്ച ചീഫ് ജസ്റ്റിസ്, സുതാര്യത സാമ്പത്തിക നേട്ടത്തിനുള്ള ആയുധമായി മാറരുതെന്ന് പറഞ്ഞു. 'നീതിന്യായ വ്യവസ്ഥയില്‍ സുതാര്യത കൊണ്ടുവരാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഇതിന്റെ ഭാഗമായാണ് സുപ്രീംകോടതിയില്‍ ലൈവ് സ്ട്രീമിങ് ആരംഭിച്ചത്. എന്നാല്‍ അത് ദുരുപയോഗം ചെയ്യപ്പെടരുത്. പ്രത്യേകിച്ച് വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പാടില്ല. ആളുകള്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്കും സാമ്പത്തിക ലാഭത്തിനുമായി ചെറിയ ക്ലിപ്പുകള്‍ ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നീറ്റ്-യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കെതിരെ ജന്തര്‍ മന്തറില്‍ സിജെപി നടത്തിയ സമരം ഒരു മാസത്തിലധികം നീണ്ടുനില്‍ക്കുകയും ജൂലൈ 20ന് പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടലില്‍ കലാശിക്കുകയും ചെയ്തിരുന്നു. ഇരുഭാഗത്തുമായി നിരവധി പേര്‍ക്ക് പരിക്കേറ്റു. ഈ പ്രതിഷേധത്തെ തുടര്‍ന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates