

ചെന്നൈ: സിപിഎം നേതാവും മധുര ലോക്സഭാ എംപിയുമായ സു. വെങ്കടേശനെതിരെ പരിഹാസവുമായി മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍. ജുഡീഷ്യറിയുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് സൂ വെങ്കിടേസന്‍ നടത്തിയ പ്രസ്താവനയാണ് ജസ്റ്റിസ് സ്വാമിനാഥനെ ചൊടിപ്പിച്ചത്. മെഴ്സിഡസ് ബെന്‍സ് കാറില്‍ സഞ്ചരിക്കുകയും ബ്രാന്‍ഡഡ് വസ്ത്രങ്ങളും പാദരക്ഷകളും ധരിക്കുകയും ചെയ്യുന്നയാളാണ് കോടതിയെ ഉത്തരവാദിത്തം പഠിപ്പിക്കുന്നതെന്ന് ജസ്റ്റിസ് സ്വാമിനാഥന്‍ അഭിപ്രായപ്പെട്ടു.
തമിഴ്നാട്ടിലുടനീളമുള്ള പൊതു ലൈബ്രറികളിലേക്ക് പുസ്തകങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേടുകള്‍ നടന്നെന്നാരോപിച്ചുള്ള കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു ജസ്റ്റിസ് സ്വാമിനാഥന്റെ പരാമര്‍ശം. കോയമ്പത്തൂരിലെ 'പെരിയാര്‍ അറിവുലകം' ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ വാങ്ങിയതില്‍ തട്ടിപ്പ് നടന്നതായി അടുത്തിടെ നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങില്‍ ജസ്റ്റിസ് സ്വാമിനാഥന്‍ അഭിപ്രായപ്പെട്ടു. ഇതിനെതിരെ വെങ്കടേശന്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിലാണ് ജഡ്ജിയുടെ പ്രതികരണം ഉണ്ടായത്.
വിവാദമായ പുസ്തകങ്ങള്‍ നീക്കം ചെയ്തതിനെത്തുടര്‍ന്ന് ഒഴിവു വന്ന അലമാരകളില്‍, അന്തരിച്ച കാഞ്ചി ശങ്കരാചാര്യരുമായി ബന്ധപ്പെട്ട ആത്മീയ പുസ്തകങ്ങള്‍ വെക്കാമെന്ന് ജസ്റ്റിസ് സ്വാമിനാഥന്‍ പുസ്തക പ്രകാശന ചടങ്ങില്‍ തമാശരൂപേണ നിര്‍ദ്ദേശിച്ചു. നടന്ന ക്രമക്കേടിനുള്ള പ്രായച്ഛിത്തമായി ഇത് കരുതാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജഡ്ജിയുടെ പരിഹാസത്തോട് പ്രതികരിച്ച വെങ്കടേശന്‍, ലൈബ്രറികളിലേക്ക് പുസ്തകങ്ങള്‍ വാങ്ങുന്നതില്‍ നടന്ന തട്ടിപ്പ് അഴിമതിയാണ്. അത് നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. അഴിമതിക്ക് ശിക്ഷ വിധിക്കുന്നത് ജഡ്ജിയുടെ ചുമതലയാണ്. എന്നാല്‍ പാപങ്ങള്‍ക്ക് പ്രായശ്ചിത്തം നിര്‍ദ്ദേശിക്കുന്നത് ജ്യോതിഷികളുടെ ജോലിയാണെന്നും സൂ വെങ്കടേശന്‍ പറഞ്ഞു.
തിങ്കളാഴ്ച കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെ, ലൈബ്രറിയില്‍ ആത്മീയ ഗ്രന്ഥങ്ങള്‍ വെക്കണമെന്ന നിര്‍ദ്ദേശം തമാശയായി പറഞ്ഞതാണെന്ന് ജസ്റ്റിസ് സ്വാമിനാഥന്‍ വ്യക്തമാക്കി. തുടര്‍ന്ന് ആറ് മാസം മുമ്പ് ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് മധുരയിലേക്കുള്ള പാണ്ടിയന്‍ എക്‌സ്പ്രസില്‍ കയറുന്നതിന് തൊട്ടുമുമ്പ് എംപി വെങ്കടേശനെ കണ്ടുമുട്ടിയ കാര്യവും ജഡ്ജി അനുസ്മരിച്ചു.
ഒരു ആഡംബര മെഴ്സിഡസ് ബെന്‍സ് കാറിലാണ് വെങ്കടേശന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. വിലകൂടിയ ബ്രാന്‍ഡഡ് വസ്ത്രങ്ങളും പാദരക്ഷകളുമാണ് ധരിച്ചിരുന്നത്. എം.പിയുടെ വേഷവിധാനം കണ്ടപ്പോള്‍ അദ്ദേഹം ഒരു കോര്‍പ്പറേറ്റ് എക്‌സിക്യൂട്ടീവ് ആണെന്നാണ് താന്‍ ആദ്യം കരുതിയതെന്ന് ജസ്റ്റിസ് സ്വാമിനാഥന്‍ പറഞ്ഞു. താന്‍ ഒരു കമ്മ്യൂണിസ്റ്റ് നേതാവാണെന്ന് അവകാശപ്പെടുന്ന വെങ്കടേശന്‍, ആഡംബര കാറും, ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളും ഉപയോഗിക്കുന്നത് എങ്ങനെയെന്ന് ജഡ്ജി ചോദിച്ചു. പുസ്തകങ്ങളില്‍ നിന്നുള്ള റോയല്‍റ്റി വരുമാനം കൊണ്ട് ഇത്തരമൊരു ജീവിതശൈലി നിലനിര്‍ത്താന്‍ കഴിയുമോ എന്നും ജഡ്ജി സംശയം പ്രകടിപ്പിച്ചു.
താന്‍ സാധാരണയായി സ്ലീപ്പര്‍ ക്ലാസിലാണ് യാത്ര ചെയ്യാറുള്ളത്. എന്നാല്‍ എംപിയായ വെങ്കടേശന്‍ 'ഫസ്റ്റ് എസി' കോച്ചിലാണ് യാത്ര ചെയ്യുന്നത്. ഒരു ജഡ്ജിയെന്ന നിലയില്‍ എങ്ങനെയാണ് തന്റെ ചുമതലകള്‍ നിര്‍വഹിക്കേണ്ടതെന്ന് വെങ്കടേശന്‍ ഉപദേശിക്കാന്‍ ശ്രമിച്ചതിനെയും ജസ്റ്റിസ് സ്വാമിനാഥന്‍ വിമര്‍ശിച്ചു. എന്നാല്‍, ആഡംബര കാറും ബ്രാന്‍ഡഡ് വസ്ത്രങ്ങളും ഉപയോഗിക്കുന്നുവെന്ന ജസ്റ്റിസ് സ്വാമിനാഥന്റെ പരാമര്‍ശത്തിനെതിരെ വെങ്കടേശന്‍ രംഗത്തെത്തി. തനിക്ക് സ്വന്തമായി കാറില്ലെന്നും, റെയില്‍വേ സ്റ്റേഷനില്‍ എത്തിയ മെഴ്സിഡസ് ബെന്‍സ് കാര്‍ തന്റേതല്ലെന്നും സിപിഎം എംപി എക്‌സിലൂടെ വ്യക്തമാക്കി.
ഫസ്റ്റ് എസി ക്ലാസില്‍ യാത്രയെയും വെങ്കടേശന്‍ ന്യായീകരിച്ചു. എംപിമാര്‍ക്ക് അനുവദിച്ചിട്ടുള്ള യാത്രാ ആനുകൂല്യങ്ങളുടെ ഭാഗമായാണ് താന്‍ ട്രെയിന്‍ യാത്രകള്‍ നടത്തുന്നത്. സ്ലീപ്പര്‍ ക്ലാസില്‍ യാത്ര ചെയ്യുന്നത് ഒരാളുടെ അഭിപ്രായങ്ങളെ ശരിയാക്കുന്നില്ല. ഫസ്റ്റ് എസിയില്‍ യാത്ര ചെയ്യുന്നത് ഒരാളുടെ അഭിപ്രായങ്ങളെ തെറ്റാക്കുന്നുമില്ല. ഒരു വ്യക്തിയെ വിലയിരുത്തേണ്ടത് അവരുടെ വസ്ത്രം, വാഹനം അല്ലെങ്കില്‍ യാത്രാ ക്ലാസ് എന്നിവ നോക്കിയല്ല, മറിച്ച് അവരുടെ കാഴ്ചപ്പാടുകളും പ്രവൃത്തികളും അടിസ്ഥാനമാക്കിയാകണമെന്നും വെങ്കടേശന്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates