

ന്യൂഡൽഹി: ബിജെപി നേതാവും എംപിയുമായ വരുൺ ഗാന്ധി തൃണമൂൽ കോൺഗ്രസിൽ ചേരുമെന്ന് അഭ്യൂഹങ്ങൾ. അതേസമയം വരുൺ പാർട്ടി മാറുന്നതിനെക്കുറിച്ച് ഇരു പാർട്ടികളും പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
തൃണമൂൽ നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി അടുത്തയാഴ്ച ഡൽഹിയിലെത്തുന്നുണ്ട്. ആ സമയത്ത് ഇരുവരും കൂടിക്കാഴ്ച നടത്തുമെന്നാണ് പുറത്തു വരുന്ന സൂചനകൾ. അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ മമത അടുത്തയാഴ്ച നടത്തുന്ന ഡൽഹി സന്ദർശനം നിർണായകമാകുമെന്നാണ് കരുതപ്പെടുന്നത്.
നേരത്തെ വരുൺ ഗാന്ധിയെയും മാതാവ് മനേക ഗാന്ധിയെയും ബിജെപി ദേശീയ പ്രവർത്തന സമിതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ലഖിംപുർ ഖേരി സംഭവത്തിൽ ഉൾപ്പടെ വരുൺ ബിജെപി നേതൃത്വത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
ബിജെപി വിടാൻ മാനസികമായി തയ്യാറെടുത്ത വരുൺ സ്ഥിരതയുള്ള ഒരു പാർട്ടിയിലേക്ക് മാറാനുള്ള ശ്രമത്തിലാണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. കോൺഗ്രസിലേക്ക് പോകുന്നതിനെ കുറിച്ച് ചിന്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ തൃണമൂൽ തന്നെയാണ് വരുണിന്റെ മുന്നിലുള്ള സാധ്യത. വരുണിനെ പോലെ ദേശീയ സ്വീകാര്യതയുള്ള ഒരു നേതാവിനെ ഡൽഹിയിൽ കിട്ടുന്നത് തൃണമൂലിനും ഗുണം ചെയ്യുമെന്നും നിരീക്ഷണങ്ങളുണ്ട്.
ബിജെപിയിൽ അസംതൃപ്തരായ, കോൺഗ്രസിൽ താത്പര്യമില്ലാത്ത നിരവധി നേതാക്കൾ തൃണമൂലിനെ സമീപിക്കുന്നുണ്ടെന്ന് ഒരു മുതിർന്ന തൃണമൂൽ നേതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു. മോദിയെയും ബിജെപിയെയും തടയുന്നതിൽ മമതക്ക് വലിയ പങ്ക് വഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates