

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാരിനെ അഭിനന്ദിച്ച് സുപ്രീംകോടതി. മറ്റൊരു രാജ്യത്തിനും ഇന്ത്യ നടത്തിയത് പോലുള്ള പ്രതിരോധ പ്രവര്‍ത്തനം നടത്താനായില്ലെന്ന് കേസ് പരിഗണിക്കവെ ജസ്റ്റിസ് എം ആര്‍ ഷാ അഭിപ്രായപ്പെട്ടു. കോവിഡ് നഷ്ടപരിഹാരം സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ കോടതി തൃപ്തി പ്രകടിപ്പിച്ചു.
ചിലര്‍ക്ക് എങ്കിലും സാന്ത്വനം നല്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ രാജ്യത്ത് മൂന്നാം തരംഗത്തിന്റെ ഭീഷണി ഒഴിഞ്ഞുവെന്ന ചില വിദഗ്ദ്ധരുടെ അഭിപ്രായ പ്രകടനത്തില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. ഇത്തരം അഭിപ്രായ പ്രകടങ്ങള്‍ ജനങ്ങളില്‍ ജാഗ്രത കുറയ്ക്കാന്‍ വഴിവയ്ക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. കേസില്‍ ഒക്ടോബര്‍ നാലിന് ഉത്തരവ് പുറത്തിറക്കുമെന്നും ജസ്റ്റിസ് എം ആര്‍ ഷായുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി.
കോവിഡിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തവര്‍ക്ക് സാമ്പത്തിക സഹായം നല്‍കിക്കൂടെയെന്ന് കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ സുപ്രീംകോടതി ആരാഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് 50,000 രൂപയുടെ സഹായത്തിന് കോവിഡ് ബാധിച്ച് ആത്മഹത്യ ചെയ്തവരുടെ കുടംബത്തിന് അര്‍ഹതയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
സെപ്റ്റംബര്‍ മൂന്നിന് ഐസിഎംആറും, കേന്ദ്ര ആരോഗ്യ മന്ത്രാലയവും പുറത്തിറക്കിയ മാര്‍ഗ്ഗരേഖയുടെ അടിസ്ഥാനത്തിലാണ് കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. കോവിഡ് മരണമെന്ന് രേഖപ്പെടുത്താത്തതിലുള്ള പരാതികള്‍ പരിശോധിക്കാന്‍ ജില്ലാ തലത്തില്‍ സമിതികള്‍ ഉണ്ടാകുമെന്ന് സോളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചു. സമിതിക്ക് കോവിഡ് മരണമെന്ന് ബോധ്യമായാല്‍ രേഖപ്പെടുത്തിയ പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates