

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക ക്രമക്കേടില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത യൂട്യൂബര്‍ ധ്രുവ് റാഠിയെ പൊലീസ് വിട്ടയച്ചു. പ്രതിഷേധങ്ങളില്‍ പങ്കെടുത്താല്‍ നടപടി ഉണ്ടാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. അതേസമയം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജിത് ദീപ്‌കെ, അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ ഇന്ന് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കുമെന്ന് ഡല്‍ഹി കാന്റ് പൊലീസ് അറിയിച്ചു.
ശനിയാഴ്ച ജന്തര്‍ മന്തറില്‍ നടത്തിയ പ്രതിഷേധ പരിപാടിക്കായി എത്തിയ അഭിജിത് ദീപ്‌കെ, അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ, വിമാനം ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്ത ഉടന്‍ തന്നെ പൊലീസ് കരുതല്‍ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വിമാനത്തിനുള്ളില്‍ നിന്നാണ് മൂവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ജന്തര്‍ മന്തറില്‍ പ്രതിഷേധം നടത്താന്‍ അനുമതിയില്ലെന്നും പൊലീസ് സിജെപി നേതാക്കളെ അറിയിച്ചു.
'ഡല്‍ഹി പൊലീസ് വിമാനത്തില്‍ കയറി ഞങ്ങളെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നു. ഇത് നരേന്ദ്ര മോദിയുടെ ഭയമാണ്... അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി പോലും ഇത് ചെയ്തിട്ടില്ല. സമാധാനപരമായ ഒരു പ്രതിഷേധം മാത്രമാണ് ഞങ്ങള്‍ ആഗ്രഹിച്ചത്, എന്നാല്‍ കുറ്റവാളികളെപ്പോലെ ഞങ്ങളെ വിമാനത്തില്‍ നിന്ന് കൊണ്ടുപോകുന്നു.ഇത് സ്വേച്ഛാധിപത്യമാണ്.' വിമാനത്തിനുള്ളിലെ വീഡിയോ പങ്കുവെച്ചുകൊണ്ട് അഭിജിത് ദീപ്‌കെ പറഞ്ഞു. പ്രതിഷേധത്തില്‍ 3000 ലേറെ പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
പൊലീസ് നടപടിയെ ഭയപ്പെട്ട് ഒരു കാരണവശാലും പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ സമൂഹമാധ്യമത്തില്‍ കുറിച്ചു. ഞങ്ങളെ തടങ്കലില്‍ വെച്ചാല്‍ ഭയപ്പെടുത്തുമെന്ന് സര്‍ക്കാര്‍ കരുതുന്നുണ്ടോ? ? ഈ തടങ്കല്‍ ഞങ്ങളുടെ മനസ്സിനെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ്!. സര്‍ക്കാര്‍ എത്ര തടങ്കലില്‍ വെച്ചാലും, എത്ര അടിച്ചമര്‍ത്തല്‍ നടത്തിയാലും, നമ്മുടെ പോരാട്ടം അവസാനിക്കില്ല. പകരം അത് കൂടുതല്‍ ശക്തമാകും! പിരിമുറുക്കം കൂടുന്തോറും ഞങ്ങളുടെ ശബ്ദം കൂടുതല്‍ ഉച്ചത്തിലാകും. ഞങ്ങള്‍ തോല്‍വി അംഗീകരിക്കില്ല. അഭിജിത് ദീപ്‌കെ കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates