

ഓസ്ട്രേലിയയിൽ വിദ്യാഭ്യാസത്തിനായി ഏറ്റവും കൂടുതൽ പേർ എത്തുന്നതിൽ രണ്ടാം സ്ഥാനം ഇന്ത്യയ്ക്കാണ്. ചൈന ഒന്നാം സ്ഥാനത്തും ആയിരുന്നു. ഈ വർഷം ആദ്യ മാസങ്ങളിലെ കണക്ക് പ്രകാരം ഇന്ത്യൻ വിദ്യാർത്ഥികൾക്കാണ് കൂടുതൽ വിസ അനുവദിച്ചതെന്ന് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ അവസരത്തിലാണ് ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് വിദ്യാർത്ഥി വിസ (Student Visa) നൽകുന്നതിന് ഓസ്ട്രേലിയ നിരോധനം ഏർപ്പെടുത്തി എന്ന വാർത്തകൾ വന്നത്. ഇതിൽ എത്രത്തോളം വസ്തുതയുണ്ട്. അങ്ങനെ നിരോധനം നടപ്പാക്കിയിട്ടുണ്ടോ? ഉണ്ടെങ്കിൽ ഏതെല്ലാം സംസ്ഥാനങ്ങൾക്കാണ് ആ നിരോധനം ബാധകമാകുക?
പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, യുപി, ബീഹാർ എന്നിവയുൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ള ഇന്ത്യക്കാർക്കെതിരെ ഓസ്‌ട്രേലിയ വിസ കർശന നടപടികൾ ആരംഭിച്ചുവെന്നാണ് വാർത്ത ആദ്യം പ്രത്യക്ഷപ്പെട്ടത്. ഈ വർഷം ഏപ്രിൽ മാസത്തിലാണ് ഈ വാർത്ത പുറത്തുവന്നത്. നേരത്തെ ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥി വിസ നടപടിക്രമങ്ങൾ നിർത്തിവെച്ചതായി ഓസ്ട്രേലിയയിലെ ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റീസ്, മൈഗ്രേഷൻ ഏജന്റുമാരെ അറിയിച്ചിരുന്നു. അത് 2022- 23 ലായിരുന്നു. അന്ന് മെയ് മാസം നൽകിയ അറിയിപ്പിൽ ഹരിയാന, പഞ്ചാബ്, ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ പ്രദേശങ്ങളെ ആണ് ഉൾപ്പെടുത്തിയിരുന്നത്. യഥാർത്ഥത്തിൽ ഈ രണ്ട് ഘട്ടങ്ങളിലും നിരോധനം ഏർപ്പെടുത്തിയിരുന്നില്ല.
ഓസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നത് തടഞ്ഞിട്ടുണ്ടോ എന്ന കാര്യം രണ്ട് വർഷം മുമ്പ് രാജ്യസഭയിൽ ജയന്ത് ചൗധരി ഒരു ചോദ്യമായി ഉന്നയിച്ചിരുന്നു.
ഓസ്ട്രേലിയയിലെ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യൻ വിദ്യാർത്ഥികൾ, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അനുവദിച്ച വിസകളുടെ എണ്ണം 42,627 (ജൂലൈ 2021-ജൂൺ 2022) ൽ നിന്ന് 92,872 ആയി (ജൂലൈ 2022-മെയ് 2023) വർദ്ധിച്ചു എന്നും വിദേശകാര്യ സഹമന്ത്രി രാജ്കുമാർ രഞ്ജൻസിങ് അറിയിച്ചു.
ചില സംസ്ഥാനങ്ങളിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ചില ഓസ്‌ട്രേലിയൻ സർവകലാശാലകൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെക്കുറിച്ച് ചില മാധ്യമ റിപ്പോർട്ടുകൾ വന്നതിനെത്തുടർന്ന്, ഓസ്‌ട്രേലിയയിലെ സർവകലാശാലകളുമായി ബന്ധപ്പെട്ടു. അവരുടെ കോഴ്‌സുകളിൽ നിന്നും വ്യാജമായ റിക്രൂട്ട്‌മെന്റ് അപേക്ഷകളിൽ നിന്നും ഉയർന്ന തോതിലുള്ള കൊഴിഞ്ഞുപോകൽ ഒഴിവാക്കാൻ അടുത്തിടെ അവരുടെ സ്വതന്ത്രഅന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ഓസ്‌ട്രേലിയൻ സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കുന്നതിനും നേടുന്നതിനും ഓസ്‌ട്രേലിയയിലെ ജനുവിൻ ടെംപററി എൻടറൻറ് ( Genuine Temporary Entrant- GTE- പഠന ആവശ്യങ്ങൾക്കായി താൽക്കാലികമായി ഓസ്‌ട്രേലിയയിലേക്ക് പോകുന്നത് എന്ന് നിർണ്ണയിക്കുന്നത്) അസസ്‌മെന്റുകൾ അവലോകനം ചെയ്യുക മാത്രമാണ് ചെയ്തതെന്ന് അവർ വ്യക്തമാക്കി എന്നും മന്ത്രി അറിയിച്ചു.
എന്താണ് അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഓസ്ട്രേലിയ നിരോധനം ഏർപ്പെടുത്തി എന്ന വാർത്തയ്ക്ക് അടിസ്ഥാനം
ഓസ്ട്രേലിയിൽ 2022-2023 കാലയലളവിൽ ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ നിന്ന് വിദ്യാർത്ഥികളായി വരുന്നവരുമായി ബന്ധപ്പെട്ട് ചില തട്ടിപ്പുകൾ കണ്ടെത്തിയിരുന്നു. പഠനത്തിന് എന്ന് പേരിൽ വിസ കൈപ്പറ്റുകയും അവിടെ കോഴ്സ് പൂർത്തിയാക്കാതെയിരിക്കുക, യോഗ്യതാ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിക്കാതിരിക്കുക, എന്നിങ്ങനെയുള്ള ചില സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് അക്കാലത്ത് ചില പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ കാര്യത്തിൽ താൽക്കാലികമായി നിയന്ത്രണം ഏർപ്പെടുത്തിയത്. ഇത് അവരുടെ മാനദണ്ഡങ്ങൾ പാലിക്കുന്നത് കർശനമാക്കുന്നതിന് കാരണമാകുകയും ചെയ്തു. 2022 ൽ ഇന്ത്യയിലെയും നേപ്പാളിലെയും വിദ്യാർത്ഥി വിസയ്ക്കായുള്ള അപേക്ഷകളിൽ 50 ശതമാനത്തോളം അനുവദിക്കപ്പെട്ടിരുന്നില്ല.
എന്നാൽ, 2025 ഏപ്രലിൽ ഈ വാർത്ത ഇന്ത്യയിലെ ചില മാധ്യമങ്ങളും സോഷ്യൽ മീഡിയയിലെ ചിലരും തെറ്റായി വ്യാഖാനിച്ച് വീണ്ടും ഉപയോഗിക്കുകയാണ് ചെയ്തതെന്ന് ഓസ്ട്രേലിയ ടുഡേ പോലുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വന്ന വാർത്ത ഓസ്ട്രേലിയയുടെ ഇന്ത്യയിലെ ഹൈക്കമ്മീഷൻ നിഷേധിക്കുകയും ചെയ്തിരുന്നു.
ചില സംസ്ഥാനങ്ങളിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ വിസ അപേക്ഷകൾ ഓസ്‌ട്രേലിയയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നുണ്ടെന്ന വാർത്തകൾ, ന്യൂഡൽഹിയിലെ ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷൻ നിഷേധിച്ചു. ഈ വാദങ്ങൾ "തെറ്റാണ്" എന്നും ഇന്ത്യയിൽ നിന്നുള്ള വിസ അപേക്ഷകൾ മറ്റ് രാജ്യങ്ങളിലെ അതേ ആഗോള മാനദണ്ഡങ്ങൾക്കനുസൃതമായി പ്രോസസ്സ് ചെയ്യുന്നത് തുടരുമെന്നും ഹൈക്കമ്മീഷന്റെ വക്താവ് വ്യക്തമാക്കി. "നിർദ്ദിഷ്ട ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ അപേക്ഷകൾ, യൂണിവേഴ്സിറ്റി നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നുവെന്ന വാദം തെറ്റാണ്," വക്താവ് പറഞ്ഞു. നിലവിൽ 125,000-ത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികൾ ഓസ്‌ട്രേലിയൻ സ്ഥാപനങ്ങളിൽ ചേർന്നിട്ടുണ്ടെന്നും ഇത് ഓസ്ട്രേലിയയിലെ രണ്ടാമത്തെ വലിയ അന്താരാഷ്ട്ര വിദ്യാർത്ഥി ഗ്രൂപ്പാണെന്നും വക്താവ് വിശദീകരിച്ചു. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത ഈ വാർത്ത ഓസ്ട്രേലിയൻ ഹൈക്കമ്മീഷൻ സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.
2025 ഫെബ്രുവരിയിൽ ഓസ്‌ട്രേലിയൻ സ്റ്റുഡന്റ് വിസ ലഭിച്ചവരുടെ എണ്ണത്തിൽ ഇന്ത്യ ചൈനയെ മറികടന്ന് മുന്നിലെത്തിയതായി ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഡാറ്റ പ്രകാരം, ഫെബ്രുവരി അവസാനത്തോടെ, 5,000 ൽ അധികം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിസ അനുവദിച്ചു,ചൈനയിൽ നിന്നുള്ളവരുടെ വിദ്യാഭ്യാസ വിസയുടെ എണ്ണം അതിൽ താഴെയായി നിൽക്കുകയാണ് ഈ വർഷത്തെ ആദ്യമാസത്തെ കണക്കെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഓസ്ട്രേലിയിലെ മുപ്പത് വർഷത്തോളമായി താമസിക്കുന്ന മലയാളികളുമായി സമകാലിക മലയാളം ബന്ധപ്പെട്ടപ്പോൾ ഓസ്ട്രേലിയിൽ വിദ്യാർത്ഥി വിസ നിരോധനം ഏർപ്പെടുത്തുന്ന നിയമമില്ലെന്നും ഓസ്ട്രേലിയൻ സർക്കാരോ ഏതെങ്കിലും സ്ഥാപനമോ അങ്ങനെയൊരു നിരോധനം നടപ്പാക്കിയിട്ടില്ലെന്നും അവർ പറഞ്ഞു. 2022-2023 കാലത്ത് ചില തട്ടിപ്പുകൾ നടന്നതുമായി ബന്ധപ്പെട്ട് നിയമം കർശനമാക്കിയിരുന്നു. ഇപ്പോഴും നിയമം കർശനമാണ്. ഹയർ സ്കോർ, പ്രൂഫ് ഓഫ് എന്റോൾമെന്റ് എന്നിവയുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാറില്ല. ഒരിടത്തു നിന്നുമുള്ളവർക്കും ഓസ്ട്രേലിയ നിയന്ത്രണം ഏർപ്പെടുത്തില്ല. ഓസ്ട്രേലിയയിലെ നിയമമനുസരിച്ച് വിവേചനം പാടില്ല എന്ന കാര്യവും അവർ ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റികൾ നിരോധനം ഏർപ്പെടുത്തി എന്ന വാർത്ത വസ്തുതാപരമല്ല എന്നാണ് ലഭ്യമായ രേഖകളും വ്യക്തമാക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
