

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വഡോദര സന്ദര്‍ശനത്തില്‍ പുതിയ പരീക്ഷണം. ചൊവ്വാഴ്ച നടക്കുന്ന പൊതുപരിപാടിയിലേക്ക് ബുക്ക് മൈ ഷോ ആപ്പ് വഴിയാണ് സൗജന്യ രജിസ്‌ട്രേഷന്‍ ഒരുക്കിയത്. രജിസ്‌ട്രേഷന്‍ ആരംഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ തന്നെ മുഴുവന്‍ സീറ്റുകളും ബുക്ക് ചെയ്യപ്പെടുകയും 42,000ത്തിലധികം ആളുകള്‍ വെയിറ്റിങ് ലിസ്റ്റിലാവുകയും ചെയ്തു. മഹാരാജ സായാജിറാവു യൂണിവേഴ്‌സിറ്റി പവലിയനില്‍ സംഘടിപ്പിക്കുന്ന 'നമോ ഫോര്‍ വികസിത് ഭാരത്' എന്ന പരിപാടിക്കാണ് വഡോദര മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ബുക്ക് മൈ ഷോ വഴി പ്രവേശനം ക്രമീകരിച്ചത്.
ആദ്യമായാണ് പ്രധാനമന്ത്രിയുടെ പരിപാടിയിലേക്ക് സ്വകാര്യ ടിക്കറ്റിങ് പ്ലാറ്റ്ഫോം വഴി രജിസ്‌ട്രേഷന്‍ നടപ്പാക്കുന്നത്. അതിവേഗത്തിലുള്ള പ്രതികരണത്തെ തുടര്‍ന്ന് തുടര്‍ രജിസ്‌ട്രേഷന്‍ അവസാനിപ്പിച്ചു. പരിപാടിയിലേക്ക് ഡിജിറ്റല്‍ എന്‍ട്രി സിസ്റ്റമായിരിക്കും ഉപയോഗിക്കുക. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ബുക്ക് മൈ ഷോ വഴി ഇ-ടിക്കറ്റ് ലഭിക്കും. അതിലെ ലൈവ് ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തായിരിക്കും പ്രവേശനം.
ചൊവ്വാഴ്ച വഡോദരയിലെത്തുന്ന പ്രധാനമന്ത്രി, 35,000 കോടി രൂപയിലേറെ മൂല്യമുള്ള വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വ്വഹിക്കും. 20,700 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച വെസ്റ്റേണ്‍ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോറിന്റെ 326 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മൂന്ന് ഭാഗങ്ങള്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. ഉത്തരേന്ത്യയെ മുംബൈയിലെ ജവാഹര്‍ലാല്‍ നെഹ്‌റു പോര്‍ട്ടുമായി നേരിട്ട് ബന്ധിപ്പിക്കുന്നതാണ് ഈ റെയില്‍ പദ്ധതി.
ഇതിനുപുറമെ, വഡോദരയെയും ടാണ്ട റോഡിനെയും ബന്ധിപ്പിക്കുന്ന പുതിയ പാസഞ്ചര്‍ ട്രെയിനും ജോബട്-ടാണ്ട റോഡ് റെയില്‍ പാതയും അദ്ദേഹം ഉദ്ഘാടനം ചെയ്യും. 9,700 കോടിയുടെ മൂന്ന് റെയില്‍വേ പദ്ധതികള്‍ക്കും 1,780 കോടിയുടെ മൂന്ന് ഹൈവേ പദ്ധതികള്‍ക്കും തറക്കല്ലിടും. വഡോദരയിലെ രണ്ടാം ഘട്ട റിങ് റോഡ്, കടാന അണക്കെട്ടിലെ 110 മെഗാവാട്ട് ഫ്‌ലോട്ടിംഗ് സോളാര്‍ പ്രോജക്റ്റ് ഉള്‍പ്പെടെ 2,600 കോടിയുടെ ഗുജറാത്ത് സര്‍ക്കാര്‍ പദ്ധതികളും ഇതില്‍ ഉള്‍പ്പെടുന്നു. വഡോദരയിലെ പരിപാടികള്‍ക്ക് ശേഷം പ്രധാനമന്ത്രി മുംബൈയിലേക്ക് തിരിക്കും. അവിടെ നടക്കുന്ന ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates