

ന്യൂഡല്‍ഹി: തിരക്കിനിടയില്‍ പലപ്പോഴും റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടറുകളില്‍ നിന്ന് എടുത്ത ഒറിജിനല്‍ ടിക്കറ്റുകല്‍ യാത്രക്കാര്‍ പലപ്പോഴും വീട്ടിലോ മറ്റോ മറന്നുവെയ്ക്കാറുണ്ട്. ഇത്തരമൊരു അവസ്ഥ വന്നാല്‍ ആകെ പരിഭ്രാന്തിയുണ്ടാകും. ടിടിആറിന്റെ കാല് പിടിച്ച് കാര്യം പറഞ്ഞാലും നോ രക്ഷ. ഫൈന്‍ അടയ്ക്കാതെ മുന്നോട്ട് യാത്ര സാധ്യമാകില്ല. എന്നാല്‍ ഇനി അതിന്റെ ആവശ്യമില്ലെന്നാണ് ഇന്ത്യന്‍ റെയില്‍വേ വ്യക്തമാക്കുന്നത്.
റെയില്‍വേ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച്, ഇത്തരം സാഹചര്യങ്ങളില്‍ അവരുടെ കുടുംബാംഗങ്ങള്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ ഒറിജിനല്‍ ടിക്കറ്റ് ട്രെയിന്‍ പുറപ്പെടുന്ന സ്റ്റേഷനിലെ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് മുന്നില്‍ ഹാജരാക്കാവുന്നതാണ്. ടിക്കറ്റ് പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷം നിലവിലുള്ള റെയില്‍വേ നിയമങ്ങള്‍ക്ക് വിധേയമായി സ്റ്റേഷന്‍ മാസ്റ്റര്‍ ഈ വിവരം ട്രെയിന്‍ റൂട്ടിലെ തൊട്ടടുത്തുള്ള റെയില്‍വേ സ്റ്റേഷനിലേയ്ക്ക് ഔദ്യോഗികമായി കൈമാറും. ഇതോടെ യാത്രക്കാരന് മറ്റ് ബുദ്ധിമുട്ടുകളില്ലാതെ യാത്ര തുടരാം.
ടിക്കറ്റ് മറന്നുവെച്ചെന്ന് മനസിലായ ഉടന്‍ തന്നെ ട്രെയിനിലുള്ള ടിടിആറിനെ വിവരം അറിയിക്കണം. അതോടൊപ്പം തന്നെ, കൃത്യസമയത്ത് നടപടികള്‍ സ്വീകരിക്കുന്നതിനായി, യാത്ര പുറപ്പെട്ട സ്റ്റേഷനിലെ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് മുന്നില്‍ ഒറിജിനല്‍ ടിക്കറ്റ് എത്രയും വേഗം എത്തിക്കാന്‍ വീട്ടിലുള്ളവരുമായി ബന്ധപ്പെടുകയും വേണം. കൂടുതല്‍ വിവരങ്ങള്‍ക്കും സഹായങ്ങള്‍ക്കുമായി റെയില്‍വേയുടെ ഔദ്യോഗിക ഹെല്‍പ്പ് ലൈന്‍ നമ്പറായ 139 ഇരുപത്തിനാല് മണിക്കൂറും ലഭ്യമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates