

ന്യൂഡൽഹി: സർക്കാർ ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചാലേ അവർക്ക് ഉത്തരവാദിത്തം ഉണ്ടാകൂവെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബി വി നാഗരത്ന. സർക്കാർ ഉദ്യോഗസ്ഥർ പ്രിവിലേജ്ഡ് വിഭാഗമാണ്. ജീവനക്കാർക്ക് ആജീവനാന്ത പെൻഷൻ ലഭിക്കുന്നു. എന്നാൽ അതനുസരിച്ച് അവർ ഉത്തരവാദിത്തം കാണിക്കുന്നുണ്ടോയെന്ന് ജസ്റ്റിസ് നാഗരത്ന ചോദിച്ചു. സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത (ഡിഎ) നൽകാത്തതുമായി ബന്ധപ്പെട്ട് പഞ്ചാബ് ചീഫ് സെക്രട്ടറിക്കെതിരെ നൽകിയ കേസിന്റെ വാദത്തിനിടയിലായിരുന്നു ജസ്റ്റിസ് നാഗരത്നയുടെ പരാമർശം.
'ഇനിമുതൽ സർക്കാർ ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ മാത്രമേ നിയമിക്കാവൂ. എങ്കിൽ മാത്രമേ അവർക്ക് ഉത്തരവാദിത്തം ഉണ്ടാവുകയുള്ളൂ. ഒരു ദിവസം അവർ ടൈപ്പ് ചെയ്യുന്നത് വെറും മൂന്ന് പേജുകൾ മാത്രമാണ്. അവർക്ക് ജുഡീഷ്യൽ വകുപ്പിൽ ജോലി ചെയ്യാൻ താൽപ്പര്യമില്ല. ഹൈക്കോടതിയിലോ ജില്ലാ കോടതിയിലോ നിയമനം ലഭിച്ചാലും, അവരെല്ലാം സെക്രട്ടേറിയറ്റിലേക്ക് പോകാനാണ് താൽപ്പര്യപ്പെന്നത്. അവിടെയാണെങ്കിൽ ഒരു ദിവസം വെറും മൂന്ന് പേജുകൾ മാത്രം ടൈപ്പ് ചെയ്താൽ മതി !' ജസ്റ്റിസ് നാഗരത്ന പറഞ്ഞു.
സർക്കാർ ഉദ്യോഗസ്ഥരിൽ കഠിനാധ്വാനികളായവരും ഉണ്ടെന്നും, എല്ലാവരെയും ഒരേ അളവുകോൽ വെച്ച് വിലയിരുത്താൻ പാടില്ലെന്നും മുതിർന്ന അഭിഭാഷകൻ ദേവദത്ത് കാമത്ത് ചൂണ്ടിക്കാട്ടിയപ്പോൾ, സർക്കാർ ഉദ്യോഗസ്ഥർ അത്ര ആത്മാർത്ഥതയുള്ളവരായിരുന്നുവെങ്കിൽ രാജ്യത്തെ വ്യവഹാരങ്ങളുടെ എണ്ണം കുറയുമായിരുന്നുവെന്ന് ജസ്റ്റിസ് നാഗരത്ന മറുപടി നൽകി. "സർക്കാർ ഒരു മാതൃകാ തൊഴിലുടമയായി പ്രവർത്തിക്കണം," എന്നായിരുന്നു ഇതിന് ദേവദത്ത് കാമത്തിന്റെ പ്രതികരണം.
"എല്ലായിടത്തും അനാവശ്യമായ ചുവപ്പു നാടയും അഴിമതിയും മാത്രമാണ്. സർക്കാർ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം എവിടെയാണ്?. സർക്കാർ ഉദ്യോഗസ്ഥരുടെ മരണശേഷം അവരുടെ കുടുംബങ്ങൾക്ക് പെൻഷൻ ലഭിക്കുന്നുണ്ട്." സൗജന്യ പദ്ധതികൾ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കുള്ളതാണെന്നും, എന്നാൽ അവകാശവാദങ്ങൾ ഉന്നയിക്കുന്ന സർക്കാർജീവനക്കാർ പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കുന്ന വിഭാഗമാണെന്നും ജസ്റ്റിസ് നാഗരത്ന അഭിപ്രായപ്പെട്ടു. പഞ്ചാബ് സർക്കാരിനെതിരെ സംസ്ഥാന സർക്കാർജീവനക്കാർ നൽകിയ കേസ് ജസ്റ്റിസ് നാഗരത്നയുടെയും ജസ്റ്റിസ് ആർ മഹാദേവന്റെയും ബെഞ്ചാണ് പരിഗണിച്ചത്. ചീഫ് സെക്രട്ടറിക്കെതിരായ കോടതിയലക്ഷ്യ നടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates