ശ്രീനഗര്‍: ജമ്മു കശ്മീര്‍ ജയില്‍ മേധാവി ഹേമന്ദ് കുമാര്‍ ലോഹിയയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം തീവ്രവാദ സംഘടനയായ പിഎഎഫ്എഫ് ഏറ്റെടുത്തു. ലഷ്കര്‍ ഇ തയ്ബ ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫോഴ്സ് എന്ന സംഘടനയാണ് ഉത്തരവാദിത്തമേറ്റത്. ഇത് അമിത് ഷായ്ക്കുള്ള ഒരു ചെറിയ സമ്മാനം മാത്രമാണെന്നും സംഘടന വ്യക്തമാക്കുന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി കശ്മീരില്‍ എത്താനിരിക്കെയാണ് പൊലീസിനെ ഞെട്ടിച്ച് സംസ്ഥാന ജയില്‍ മേധാവി കൊല്ലപ്പെടുന്നത്. ഡിജിപി ഹേമന്ദ് കുമാര്‍ ലോഹിയ വളരെ വിലപിടിച്ച ലക്ഷ്യമാണെന്നും, തങ്ങളുടെ സ്പെഷ്യല്‍ സ്ക്വാഡാണ് കൊലപാതകം നടത്തിയതെന്നും സംഘടന വാര്‍ത്താക്കുറിപ്പില്‍ അവകാശപ്പെട്ടു.
ഇത് ഭാവിയില്‍ നടത്താനിരിക്കുന്ന വലിയ ആക്രമണങ്ങളുടെ ഒരു തുടക്കം മാത്രമാണെന്നും, ഹിന്ദുത്വ ഭരണകൂടത്തിനും അതിനോടു സഹകരിക്കുന്നവര്‍ക്കും നേരെ ഏതു സമയത്തും ആക്രമണം ഉണ്ടായേക്കാമെന്നും സംഘടന ഭീഷണി മുഴക്കുന്നു. സംഘടനയുടെ അവകാശവാദവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
പ്രാഥമിക അന്വേഷണത്തില്‍ ജയില്‍ ഡിജിപിയുടെ കൊലപാതകത്തിന് പിന്നില്‍ ഭീകരപ്രവര്‍ത്തനവുമായി ബന്ധം കണ്ടെത്താനായിട്ടില്ലെന്ന് എഡിജിപി മുകേഷ് സിങ് പറഞ്ഞു. കൊലപാതകത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണ്. കൊല ചെയ്യാനുപയോഗിച്ച ആയുധം കണ്ടെത്തിയിട്ടുണ്ട്.
കൊലപാതകത്തിന് പിന്നാലെ വീട്ടില്‍ നിന്നും കാണാതായ വീട്ടുജോലിക്കാരനാണ് കൃത്യം നടത്തിയതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഡിജിപി ലോഹിയയുടെ സഹായിയായിരുന്ന യാസിര്‍ അഹമ്മദിനെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിങ് പറഞ്ഞു.
ഇയാളാണ് ലോഹിയയെ വീട്ടില്‍ വെച്ച് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിച്ചതും, ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതും. ഇയാള്‍ വിഷാദരോഗിയാണ്. ഇയാളുടെ മാനസിക നില സംബന്ധിച്ച ചില രേഖകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതിയുടെ ചിത്രം സമൂഹമാധ്യമങ്ങളിലടക്കം പ്രസിദ്ധപ്പെടുത്തിയതായും, പിടികൂടാന്‍ ഊര്‍ജ്ജിത ശ്രമം നടത്തിവരുന്നതായും ഡിജിപി ദില്‍ബാഗ് സിങ് അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates