

കോവിഡ് 19 നെ പ്രതിരോധിക്കാനുള്ള വാക്സിനേഷന് ശേഷം നിരവധി പേർ വളരെ പെട്ടെന്ന് മരണമടഞ്ഞ റിപ്പോർട്ടുകൾ വന്നിരുന്നു. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നടത്തിയ പ്രസ്താവന പുതിയ വിവാദത്തിന് വഴി തുറന്നു. കർണ്ണാടകയിലെ ഹാസൻ ജില്ലയിൽ 40 ദിവസത്തിനുള്ളിൽ 21 പേരാണ് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ മൂലം മരണമടഞ്ഞത്. മരിച്ച 21 പേരും 30 നും 55 നും ഇടയിൽ പ്രായമുള്ളവരായിരുന്നു. ഇതേ തുടർന്നാണ് സിദ്ധരാമയ്യ കോവിഡ് വാക്സിൻ തിടുക്കത്തിൽ കൊടുത്താണ് മരണകാരണമെന്ന് അഭിപ്രായപ്പെട്ടത്.
നെഞ്ചുവേദന, ശ്വസിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായാൽ, എല്ലാവരും അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ പരിശോധനയ്ക്കായി ഉടൻ തന്നെ എത്തണമെന്നും ഈ ലക്ഷണങ്ങൾ അവഗണിക്കരുതെന്നും സിദ്ധരാമയ്യ അഭ്യർത്ഥിച്ചു.
സിദ്ധരാമയ്യയുടെ പ്രസ്താവനയ്ക്കു പിന്നാലെ, ഇതു സംബന്ധിച്ച പഠനങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ രംഗത്തുവന്നു. രാജ്യത്തെ നിരവധി ഏജൻസികൾ വഴി, വിശദീകരിക്കാനാകാത്ത പെട്ടെന്നുള്ള മരണങ്ങളുടെ കാര്യം അന്വേഷിച്ചിട്ടുണ്ട്. കോവിഡ് 19 വാക്സിനേഷനും രാജ്യത്ത് പെട്ടെന്നുള്ള മരണങ്ങളുടെ റിപ്പോർട്ടുകളും തമ്മിൽ നേരിട്ട് ബന്ധമില്ലെന്ന് ഈ പഠനങ്ങൾ പറയുന്നുവെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR), നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (NCDC) എന്നിവയുടെ പഠനങ്ങൾ ഇന്ത്യയിലെ കോവിഡ് -19 (COVID-19) വാക്സിനുകൾ സുരക്ഷിതവും ഫലപ്രദവുമാണെന്ന് പറയുന്നു, ഗുരുതരമായ പാർശ്വഫലങ്ങൾ വളരെ അപൂർവമായി മാത്രമേ ഉണ്ടാകൂ. ജനിതകപരമായ കാരണങ്ങൾ, ജീവിതശൈലി, മുമ്പുണ്ടായിരുന്ന രോഗാവസ്ഥകൾ, കോവിഡിനു ശേഷമുള്ള സങ്കീർണതകൾ എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങൾ പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങൾക്ക് കാരണമാകാം എന്ന് ഈ പഠനങ്ങൾ പറയുന്നു.
രാജ്യത്തെ 18 നും 45 നും ഇടയിൽ പ്രായമുള്ളവരിൽ, പെട്ടെന്ന് ഉണ്ടാകുന്ന വിശദീകരിക്കാനാകാത്ത മരണങ്ങൾക്ക് പിന്നിലെ കാരണങ്ങൾ മനസ്സിലാക്കാൻ ഐസിഎംആറും എൻസിഡിസിയും ഒരുമിച്ചാണ് പഠനം നടത്തിയത്.
ഇത് അന്വേഷിക്കുന്നതിനായി വ്യത്യസ്ത ഗവേഷണ സമീപനങ്ങൾ ഉപയോഗിച്ച് രണ്ട് പരസ്പര പൂരക പഠനങ്ങൾ നടത്തി - ഒന്ന് മുൻകാല ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതും മറ്റൊന്ന് നിലവിലുള്ള അല്ലെങ്കിൽ തത്സമയ വിവരങ്ങൾ ഉൾപ്പെടുന്നതുമാണ്. ഐസിഎംആറിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി (എൻഐഇ) നടത്തിയ ആദ്യ പഠനത്തിന്റെ തലക്കെട്ട്, "ഇന്ത്യയിൽ 18-45 വയസ്സ് പ്രായമുള്ള മുതിർന്നവരിൽ വിശദീകരിക്കാനാകാത്ത പെട്ടെന്നുള്ള മരണങ്ങളുമായി ബന്ധപ്പെട്ട ഘടകങ്ങൾ - ഒരു മൾട്ടിസെൻട്രിക് മാച്ചഡ് കേസ്-കൺട്രോൾ സ്റ്റഡി" (Factors associated with unexplained sudden deaths among adults aged 18-45 years in India – A multicentric matched case–control study.) എന്നായിരുന്നു.
രാജ്യത്തെ 19 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 47 സ്പെഷ്യലൈസ്ഡ് ആശുപത്രികൾ (tertiary care hospitals) കേന്ദ്രീകരിച്ച് 2023 മെയ് മുതൽ ഓഗസ്റ്റ് വരെ ഈ പഠനം നടത്തിയത്. 2021 ഒക്ടോബറിനും 2023 മാർച്ചിനും ഇടയിൽ ആരോഗ്യമുള്ളവരായി തോന്നിയെങ്കിലും അപ്രതീക്ഷിതമായി പെട്ടെന്ന് മരിച്ച വ്യക്തികളുമായി ബന്ധപ്പെട്ടാണ് പഠനം നടത്തിയത്. കോവിഡ്-19 വാക്സിനേഷൻ യുവതലമുറയിൽ വിശദീകരിക്കാനാകാത്ത പെട്ടെന്നുള്ള മരണ സാധ്യത വർദ്ധിപ്പിക്കുന്നില്ലെന്ന് കണ്ടെത്തൽ.
"യുവതലമുറയിലെ പെട്ടെന്നുള്ള വിശദീകരിക്കാനാകാത്ത മരണങ്ങളുടെ കാരണം സ്ഥാപിക്കൽ"( Establishing the cause in sudden unexplained deaths in young,) എന്ന തലക്കെട്ടിലുള്ള രണ്ടാമത്തെ പഠനം നിലവിൽ ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ഐസിഎംആറുമായി സഹകരിച്ച് നടത്തുന്നു.
യുവതലമുറയിൽ പെട്ടെന്നുള്ള മരണത്തിനുള്ള സാധാരണ കാരണങ്ങൾ നിർണ്ണയിക്കാൻ ലക്ഷ്യമിട്ടുള്ള ദീർഘവീക്ഷണത്തോടെയുള്ള പഠനമാണിത്. പഠനത്തിൽ നിന്നുള്ള ഡാറ്റയുടെ ആദ്യകാല വിശകലനം സൂചിപ്പിക്കുന്നത് ഹൃദയാഘാതം അല്ലെങ്കിൽ മയോകാർഡിയൽ ഇൻഫ്രാക്ഷൻ (MI) ഈ പ്രായത്തിലുള്ളവരിൽ പെട്ടെന്നുള്ള മരണത്തിന്റെ പ്രധാന കാരണമായി തുടരുന്നു എന്നാണ്.
പ്രധാനമായി, മുൻ വർഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കാരണങ്ങളുടെ രീതിയിൽ വലിയ മാറ്റങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. വിശദീകരിക്കാനാകാത്ത മരണങ്ങളിൽ ഭൂരിഭാഗത്തിലും, ജനിതക വ്യതിയാനങ്ങളാണ് ഈ മരണങ്ങൾക്ക് കാരണമായതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പഠനം പൂർത്തിയായിക്കഴിഞ്ഞാൽ അന്തിമ ഫലങ്ങൾ പ്രസിദ്ധീകരിക്കും.
ഇന്ത്യയിലെ യുവതലമുറയിലെ വിശദീകരിക്കാനാകാത്ത പെട്ടെന്നുള്ള മരണങ്ങളെക്കുറിച്ച് കൂടുതൽ സമഗ്രമായ കണ്ടെത്തലുകൾക്കാണ് ഈ രണ്ട് പഠനങ്ങളും ശ്രദ്ധകേന്ദ്രീകരിക്കുന്നത്. കോവിഡ്-19 വാക്സിനേഷൻ അപകടസാധ്യത വർദ്ധിപ്പിക്കുന്നതായി കരുതാൻ കാരണങ്ങളില്ല, അതേസമയം, അടിസ്ഥാന ആരോഗ്യ പ്രശ്നങ്ങൾ, ജനിതക പ്രവണത, അപകടകരമായ ജീവിതശൈലി എന്നിവ വിശദീകരിക്കാനാകാത്ത പെട്ടെന്നുള്ള മരണങ്ങളിൽ നിർണ്ണായകമായ പങ്ക് വഹിക്കുന്നു.
കോവിഡ് വാക്സിനേഷനെ പെട്ടെന്നുള്ള മരണങ്ങളുമായി ബന്ധിപ്പിക്കുന്ന നിഗമനങ്ങൾ തെറ്റാണെന്നും ശാസ്ത്രീയമായ കണ്ടെത്തലുകൾ ഇതിനെ അംഗീകരിക്കുന്നതില്ലെന്നും ഇത് സൂചിപ്പിക്കുന്നു. നിർണായക തെളിവുകളില്ലാത്ത അനുമാനപരമായ അവകാശവാദങ്ങൾ, മഹാമാരിയുടെ സമയത്ത് ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വാക്സിനുകളിലുള്ള പൊതുജനവിശ്വാസത്തെ ദുർബലപ്പെടുത്താൻ സാധ്യതയുണ്ട്. അത്തരം അടിസ്ഥാനരഹിതമായ റിപ്പോർട്ടുകളും അവകാശവാദങ്ങളും രാജ്യത്ത് വാക്സിനെതിരായ സമീപനങ്ങളെ സ്വാധീനിക്കുകയും അതുവഴി പൊതുജനാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും ആരോഗ്യമേഖലയിലുള്ളവർ ഈ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ചൂണ്ടിക്കാട്ടുന്നു.
The matter of sudden unexplained deaths has been investigated through several agencies in the country. These studies have conclusively established that there is no direct link between COVID 19 vaccination and the reports of sudden deaths in the country.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates