

വാരാണസി: രാജ്യം പത്മശ്രീ നല്‍കി ആദരിച്ച ഒളിംപ്യന്‍ മുഹമ്മദ് ഷാഹിദിന്റെ വീട് ഇടിച്ചുനിരത്തി യുപി സര്‍ക്കാര്‍. റോഡ് വികസനത്തിനായാണ് അന്തരിച്ച ഇന്ത്യന്‍ ഹോക്കി താരം മുഹമ്മദ് ഷാഹിദിന്റെ വാരാണസിയിലെ വീടിന്റെ ഒരു ഭാഗം ഇടിച്ചുനിരത്തിയത്. ഇതിനെതിരെ ഷാഹിദിന്റെ കുടുംബം പ്രതിഷേധവുമായി രംഗത്തെത്തി. 1980 മോസ്‌കോ ഒളിംപിക്‌സില്‍ സ്വര്‍ണമെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗമായിരുന്നു മുഹമ്മദ് ഷാഹിദ്.
2016ല്‍ അന്തരിച്ച ഷാഹിദിന്റെ കുടുംബാംഗങ്ങളുടെയും കായിക പ്രേമികളുടെയും എതിര്‍പ്പുകള്‍ വകവെക്കാതെയായിരുന്നു പൊലീസ് സുരക്ഷയില്‍ ബുള്‍ഡോസറുകളുമായെത്തിയ റവന്യൂ വിഭാഗവും പൊതുമരാമത്ത് ഉദ്യോഗസ്ഥരും ചേര്‍ന്ന് പൊളിച്ചു മാറ്റിയത്. നഷ്ടപരിഹാരം നല്‍കിയ ഭാഗം മാത്രമാണ് പൊളിച്ചുമാറ്റിയതെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ തനിക്ക് യാതൊരു നഷ്ടപരിഹാരവും ലഭിച്ചില്ലെന്നും പകരം താമസിക്കാന്‍ വേറെ സ്ഥലമില്ലെന്നും ഷാഹിദിന്റെ സഹോദര ഭാര്യ നസ്‌നീന്‍ പറഞ്ഞു. ഒക്ടോബറില്‍ ഈ വീട്ടില്‍ ഒരു വിവാഹം നടക്കാനിരിക്കുകയാണെന്നും ഇവര്‍ക്ക് മറ്റൈാരിടത്തുപോലും ഒരു തുണ്ടു ഭൂമിയില്ലെന്നും മുഹമ്മദ് ഷഹീദിന്റെ ബന്ധുവായ മുഷ്താഖ് പറഞ്ഞു. പൊളിച്ചുമാറ്റല്‍ തുടരുകയാണെങ്കില്‍ തങ്ങള്‍ക്ക് തെരുവിലിറങ്ങുകയല്ലാതെ മറ്റ് മാര്‍ഗമില്ല. മറ്റ് സ്ഥലങ്ങളില്‍ റോഡ് വികസനം 21 മീറ്ററില്‍ ഒതുക്കിയപ്പോള്‍, ഇവിടെയെത്തിയപ്പോള്‍ അത് 25 മീറ്ററായി നീട്ടിയെന്നും മുഷ്താഖ് ആരോപിച്ചു.
റോഡ് വികസനത്തിനായി നഷ്ടപരിഹാരം നല്‍കിയ സ്വത്തുക്കള്‍ മാത്രമാണ് പൊളിച്ചുനീക്കിയതെന്ന് വാരാണസി എഡിഎം പറഞ്ഞു. ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കുമ്പോള്‍ ചിലപ്പോള്‍ ചെറിയ വ്യതിയാനങ്ങള്‍ സംഭവിച്ചേക്കാം. ഒരു കെട്ടിടവും ഏകപക്ഷീയമായി പൊളിച്ചുനീക്കിയിട്ടില്ല. ഷഹീദിന്റെ വീട് നില്‍ക്കുന്ന കെട്ടിടത്തില്‍ ഒന്‍പത് പേര്‍ താമസിക്കുന്നതായും ആറ് പേര്‍ക്ക് നഷ്ടപരിഹാരം നല്‍കിയതായും മൂന്ന് പേര്‍ കോടതിയില്‍ നിന്ന് സ്റ്റേ ഓര്‍ഡര്‍ വാങ്ങിയിട്ടുണ്ടെന്നും, അവരുടെ ഭാഗങ്ങള്‍ തൊട്ടിട്ടില്ലെന്നും വാരാണസി എഡിഎം പറഞ്ഞു
കായികതാരത്തിന്റെ വീട് പൊളിച്ചുനീക്കിയതിനെ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ് രംഗത്തെത്തി. 'ബിജെപി സര്‍ക്കാര്‍ പത്മശ്രീ മുഹമ്മദ് ഷാഹിദിന്റെ വീട് തകര്‍ത്തു. ഇത് ഒരു വീട് മാത്രമല്ല, രാജ്യത്തിന്റെ കായിക പാരമ്പര്യത്തിന്റെ പ്രതീകമായിരുന്നു. കാശിയുടെ മണ്ണില്‍ കഴിവുള്ളവരെയും ആദരണീയ വ്യക്തികളെയും അപമാനിക്കുന്ന ബിജെപി സര്‍ക്കാരിന് ജനങ്ങള്‍ മാപ്പ് നല്‍കില്ല,' അദ്ദേഹം പറഞ്ഞു. നപരിഹാരം ലഭിച്ചവരുടെ വീടുകള്‍ മാത്രമാണ് പൊളിച്ചതെന്ന് ബിജെപി മഹാനഗര്‍ പ്രസിഡന്റ് പ്രദീപ് അഗ്രഹാരി പറഞ്ഞു. 'റോഡ് വികസനം കാശിയിലെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രയോജനം ചെയ്യും. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും പ്രകോപിപ്പിക്കാനും വേണ്ടി പ്രതിപക്ഷ കക്ഷി നേതാക്കള്‍ റോഡ് വികസനത്തെക്കുറിച്ച് അടിസ്ഥാനരഹിതമായ പ്രസ്താവനകള്‍ നടത്തുകയാണ്,' അദ്ദേഹം പറഞ്ഞു. നഗരത്തിലെ പല സ്ഥലങ്ങളിലും റോഡുകള്‍ വീതികൂട്ടുന്നുണ്ടെന്നും, ബാധിക്കപ്പെട്ടവര്‍ക്ക് അതിന് കൃത്യമായ നഷ്ടപരിഹാരം നല്‍കുന്നുണ്ടെന്നും ബിജെപി നേതാവ് കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates