ന്യൂഡല്‍ഹി: നാഗാലാന്‍ഡിലെ മോണ്‍ ജില്ലയില്‍ ഗ്രാമീണരെ സൈന്യം വെടിവെച്ചുകൊന്നതില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം. സൈന്യത്തിന്റെ നടപടി രാജ്യത്തെ ഞെട്ടിച്ചുവെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. രാജ്യത്തെ ജനങ്ങളെ സൈന്യം വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു എന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. വിഷയത്തില്‍ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുമെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു.
ലോക്‌സഭയില്‍ മൂന്നുമണിക്കും രാജ്യസഭയില്‍ നാലുമണിക്കും ആയിരിക്കും അമിത് ഷാ പ്രസ്താവന നടത്തുക. പ്രസ്താവനയില്‍ കൂടുതല്‍ വിശദീകരണം തേടാമെന്ന് രാജ്യസഭ ചെയര്‍മാന്‍ എം വെങ്കയ്യ നായിഡു അറിയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് രാജ്യസഭ 12 മണി വരെ നിര്‍ത്തിവെച്ചു. നാഗാലാന്‍ഡ് വെടിവെയ്പ് അടിയന്തരപ്രമേയമായി ഉന്നയിക്കാന്‍ പ്രതിപക്ഷം ശ്രമിച്ചെങ്കിലും സ്പീക്കര്‍ അനുമതി നല്‍കിയിരുന്നില്ല.
അതിനിടെ സൈന്യത്തിന്റെ വെടിയേറ്റ് ഗ്രാമീണര്‍ മരിച്ചതില്‍ നാഗാലാന്‍ഡ് പൊലീസ് സ്വമേധയാ കേസെടുത്തു. സൈന്യത്തിന്റെ ഇരുപത്തിയൊന്നാം സ്‌പെഷല്‍ പാരാ ഫോഴ്‌സിലെ സൈനികര്‍ക്ക് എതിരെയാണ് കേസെടുത്തത്. യാതൊരു പ്രകോപനവും ഇല്ലാതെ ഗ്രാമീണര്‍ സഞ്ചരിച്ച വാഹനത്തിന് നേര്‍ക്ക് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് എഫ്‌ഐആറില്‍ പറയുന്നു.
സംഘര്‍ഷം രൂക്ഷമാകുന്നു, നിരോധനാജ്ഞ
നാഗാലാന്‍ഡില്‍ വെടിവെപ്പിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം രൂക്ഷമാകുകയാണ്. മോണ്‍ ജില്ലയില്‍ സുരക്ഷ ശക്തമാക്കി. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കൊഹിമയില്‍ നാട്ടുകാര്‍ സൈന്യത്തിനെതിരെ പ്രതിഷേധിച്ചു. പതിമൂന്ന് ഗ്രാമീണര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൂടി മരിച്ചു. ഇതോടെ മരിച്ച ഗ്രാമീണരുടെ എണ്ണം പതിനഞ്ചായി. ഒരു ജവാനും കൊല്ലപ്പെട്ടിരുന്നു.
വിഘടനവാദികള്‍ എന്ന് തെറ്റിദ്ധരിച്ച് ഖനി തൊഴിലാളികളായ ഗ്രാമീണരെ സുരക്ഷാ സേന വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. ഓടിങ്, ടിരു ഗ്രാമങ്ങളുടെ അതിർത്തിയിൽ ശനിയാഴ്ച വൈകിട്ടാണു സംഭവങ്ങളുടെ തുടക്കം. കൽക്കരിഖനിയിലെ ജോലി കഴിഞ്ഞ് പിക്കപ് വാനിൽ പാട്ടുപാടി വീടുകളിലേക്കു മടങ്ങുകയായിരുന്ന തൊഴിലാളികൾക്കാണു വെടിയേറ്റത്. എൻഎസ്‌സിഎൻ (കെ – യുങ് ഓങ്) തീവ്രവാദികൾ വെളുത്ത ജീപ്പിൽ വരുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന്, നിരീക്ഷണം ശക്തമാക്കിയ സൈന്യം, തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ച് ഗ്രാമീണർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
വെടിവയ്പിൽ 6 പേർ സംഭവസ്ഥലത്തു വെച്ച് കൊല്ലപ്പെട്ടു. പരുക്കേറ്റ 2 പേരെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീടു മരിച്ചു. രാത്രിയായിട്ടും തൊഴിലാളികൾ തിരിച്ചെത്താതിരുന്നപ്പോൾ തേടിയിറങ്ങിയ യുവാക്കൾ ഉൾപ്പെടുന്ന സംഘം സൈന്യത്തെ വളഞ്ഞുവയ്ക്കുകയും വാഹനങ്ങൾക്കു തീയിടുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ആദ്യം ആകാശത്തേക്കും പിന്നീട് അവർക്ക് നേരെയും സൈന്യം വെടിവച്ചു. ഇതിൽ 5 പേർ കൂടി കൊല്ലപ്പെട്ടു. വെടിവയ്പിൽ ഖേദം പ്രകടിപ്പിച്ച സൈന്യം, സേനാതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates