

ന്യൂഡൽഹി: നാളേയ്ക്കകം രാജി വെച്ചില്ലെങ്കിൽ പ്രക്ഷോഭമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന് അന്ത്യശാസനവുമായി കോക്രോച്ച് ജനതാ പാർട്ടി. ഒക്ടോബർ രണ്ടാംതീയതി മുതൽ മുംബൈയിൽ സിജെപി രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കുമെന്ന് പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്‌കെ പ്രഖ്യാപിച്ചു. സാമൂഹികമാധ്യമമായ എക്‌സിലൂടെയായിരുന്നു അഭിജീത്തിന്റെ പ്രതികരണം.
ഈ ഗാന്ധിജയന്തിദിനത്തിൽ ജനാധിപത്യത്തെ സംരക്ഷിക്കാമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം. പ്രക്ഷോഭം ഇന്ത്യയിലെമ്പാടുമുള്ള നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും അഭിജീത് ദിപ്‌കെ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ ക്രമക്കേട് നടക്കുന്നെന്ന് വിശ്വസിക്കുന്നുണ്ടെങ്കിൽ, തെരഞ്ഞെടുപ്പിൽ പങ്കാളികളാകുന്നത് അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ പാർട്ടികളോട് അഭിജീത് ദിപ്‌കെ ആവശ്യപ്പെട്ടിരുന്നു.
അതിനിടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതിയിൽ ഹർജി. അഭിഭാഷകൻ ശൈലേന്ദ്ര മണി ത്രിപാഠിയാണ് ഹർജി നൽകിയത്. വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുതുക്കൽ (SIR) നടപടികളുമായി ബന്ധപ്പെട്ട് നിയമപരമായ ചുമതലകൾ ലംഘിച്ച ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്.
ഭരണഘടനയുടെ 32-ാം അനുച്ഛേദം പ്രകാരം സമർപ്പിച്ച ഹർജിയിൽ, മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെയും അനുമതിയില്ലാതെ ഗ്യാനേഷ് കുമാർ കൈക്കൊണ്ട തീരുമാനങ്ങൾ, മാർഗ്ഗനിർദ്ദേശങ്ങൾ, സോഫ്റ്റ്‌വെയർ പരിഷ്കാരങ്ങൾ എന്നിവ ഭരണഘടനാ വിരുദ്ധവും അസാധുവുമായി പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
'ഗ്യാനേഷ് കുമാറിനെതിരെ നടപടി സ്വീകരിക്കണം'
ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തിയെന്ന് ആരോപണ വിധേയരായ ഗ്യാനേഷ് കുമാർ, സീനിയർ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ മനീഷ് ഗാർഗ്, ഡയറക്ടർ ജനറൽ (ഐ ടി ) സീമ ഖന്ന, മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ 'ജനപ്രാതിനിധ്യ നിയമം, 1950'-ലെ (Representation of the People Act) 32-ാം വകുപ്പ് പ്രകാരം പരാതി രജിസ്റ്റർ ചെയ്യാനും, നിയമനടപടികൾ ആരംഭിക്കാനും ബന്ധപ്പെട്ട അധികൃതർക്ക് നിർദ്ദേശം നൽകണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates