

ഇന്ത്യയിൽ സമീപവർഷങ്ങളിലായി ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നതാണ് വിവിധ നിയമങ്ങൾ ഉപയോഗിച്ചുകൊണ്ട് വിമത ശബ്ദങ്ങൾക്ക് നേരെയുള്ള നടപടികൾ. ഭരണത്തോട് വിയോജിപ്പുള്ളവരെയും വിമർശകരെയും കുടുക്കുന്നവയായി മാറിയെന്ന് ആരോപിക്കപ്പെട്ട നിരവധി നിയമങ്ങള്‍ നിലവിൽ വന്നു. വിദേശ സംഭാവന (നിയന്ത്രണ) നിയമം ( എഫ് സി ആർ എ), നിയമവിരുദ്ധ പ്രവർത്തന (തടയൽ) നിയമം ( യു എ പി എ), കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം ( പി എം എൽ എ) എന്നീ നിയമങ്ങളുടെ ഉപയോഗമാണ് കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ ഉൾപ്പടെയുള്ളവരുടെ വിമർശനത്തിന് വിധേയമാകുന്നത്.
ഈ നിയമങ്ങൾ ഉപയോഗിച്ച് കേസുകൾ കൈകാര്യം ചെയ്യുന്ന രീതി കഴിഞ്ഞ പത്ത് വർഷത്തിലേറെയായി വളരെ വ്യാപകവും ശക്തവുമാണ്. എന്നാൽ, ഈ നിയമങ്ങളിൽ പ്രധാനപ്പെട്ട രണ്ടെണ്ണം പാർലമെന്റിൽ കൊണ്ടുവന്നതും പാസ്സാക്കിയതും കോൺഗ്രസാണ്. മറ്റൊന്ന് ബി ജെ പി ഭരണകാലത്തു പാസ്സാക്കിയെങ്കിലും ചട്ടങ്ങൾ ഉൾപ്പെടുത്തി നടപ്പാക്കി തുടങ്ങിയതും ആദ്യഘട്ടത്തിലെ കർശനമായ വ്യവസ്ഥകൾ കൂട്ടിച്ചേർത്തതും കോൺഗ്രസ് നയിച്ച യു പി എ ഭരണകാലത്താണ്.
ഇന്ത്യൻ രാഷ്ട്രീയത്തിൽ വിദേശ ഏജൻസികൾ ഇടപെടുന്നത് തടയാൻ എന്ന പേരിൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ കോൺഗ്രസ് സർക്കാരാണ് 1976-ൽ ഇന്ത്യാ ഗവൺമെന്റ്, വിദേശ സംഭാവന (നിയന്ത്രണ ) നിയമം (FCRA) പാസാക്കിയത്. അടിയന്തരാവസ്ഥക്കാലത്തായിരുന്നു ഈ നിയമം നടപ്പാക്കിയത്. അതിന് ശേഷം വീണ്ടും കോൺഗ്രസ് സർക്കാരിന്റെ ഭരണകാലത്ത് തന്നെ, 1984-ൽ, ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങൾക്ക് അഥവാ സംഘടനകൾക്ക് (നോൺ പ്രോഫിറ്റ് ഓർഗനൈസേഷൻ) ലഭിക്കുന്ന വിദേശ സംഭാവനകൾ ഇതിൽ ഉൾപ്പെടുത്തുന്നതിനായി ഈ നിയമം വിപുലീകരിച്ചു. മൻമോഹൻസിങ് പ്രധാനമന്ത്രിയായിരിക്കെ 1976 ലെ നിയമത്തിന് പകരം, 2010-ലെ വിദേശ സംഭാവന (നിയന്ത്രണ) നിയമവും 2011-ലെ വിദേശ സംഭാവന (നിയന്ത്രണ) ചട്ടങ്ങളും നിലവിൽ വന്നു. 2020 ആയപ്പോൾ നരേന്ദ്രമോദി സർക്കാർ എഫ് സി ആർ എ ഭേദഗതി നിയമത്തില്‍ വീണ്ടും ഭേദഗതികൾ കൊണ്ടുവന്നു, കൂടുതൽ കർശനമാക്കി.
ജവഹര്‍ലാല്‍ നെഹ്രു പ്രധാനമന്ത്രിയായിരിക്കെ 1963 ൽ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പതിനാറാം ഭരണഘടന ഭേദഗതിയാണ് യു എ പി എ എന്ന നിയമത്തിലേക്ക് മാറിയത്. ജനങ്ങള്‍ക്ക് അഭിപ്രായപ്രകടനത്തിനും സംഘടിക്കാനും സമ്മേളിക്കാനും അവകാശവും സ്വാതന്ത്ര്യവും നല്‍കുന്ന ഭരണഘടനയുടെ 19ാം ചട്ടമാണ് കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്തത്. 'രാജ്യത്തിന്റെ പരമാധികാരവും ഐക്യവും സംരക്ഷിക്കുന്നതിനായുള്ള യുക്തിസഹമായ ചില വിലക്കുകള്‍' കൊണ്ടുവരാനായിരുന്നു ഭേദഗതി.
രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനും അഖണ്ഡത നിലനിര്‍ത്തുന്നതിനുമായി ദേശീയോദ്ഗ്രഥന കൗണ്‍സില്‍ 1963ല്‍ നല്‍കിയ ശിപാര്‍ശയാണ് ഈ നിയമത്തിന് അടിസ്ഥാനമായത്. ഇതേ വർഷം തന്നെ കേന്ദ്രസര്‍ക്കാര്‍ നിയമവിരുദ്ധ പ്രവര്‍ത്തനം തടയുന്നതിനുള്ള ബില്‍ മൂന്നാം ലോകസഭയിൽ കൊണ്ടുവന്നുവെങ്കിലും പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്ന് അത് നടപ്പായില്ല. എന്നാൽ,1967ൽ നാലാം ലോകസഭയില്‍ അത് യാഥാര്‍ത്ഥ്യമായി. രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് മുറിവേല്‍പ്പിക്കുന്ന ആശയങ്ങളെയേയും സംഘടനകളേയും തടയുകയാണ് ബില്ലിന്റെ ലക്ഷ്യമെന്ന് സര്‍ക്കാര്‍ വാദിച്ചു. രാജ്യത്തിന് ഭീഷണിയാണെന്ന് കരുതുന്ന സംഘടനകളെ നിരോധിക്കാന്‍ പൊലീസിന് അധികാരം നല്‍കുക, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന വ്യക്തികളെ തടയാന്‍ പൊലീസിനു കൂടുതല്‍ അധികാരം നല്‍കുക തുടങ്ങിയവയൊക്കെ ഇതിൽ ഉൾപ്പെടുത്തി. കോൺഗ്രസിൽ നിന്നുപോലും ഇതിനെതിരെ എതിർപ്പ് ഉയർന്നിരുന്നു.
1967ല്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും അംഗീകരിച്ച നിയമം ഡിസംബര്‍ 30ന് രാഷ്ട്രപതി ഒപ്പുവച്ചു. പിന്നീട് പല വർഷങ്ങളിലായി വിവിധ ഭേദഗതികൾ കൊണ്ടുവന്നു. 1969, 1972, 1986 വര്‍ഷങ്ങളില്‍ യു എ പി എ നിയമത്തിൽ ഭേദഗതികൾ കൊണ്ടുവന്നു. ഇതിനിടയിൽ പോട്ട, ടാഡ എന്നീ നിയമങ്ങൾ കൊണ്ടുവന്നു. ഈ നിയമങ്ങളെ അടിസ്ഥാനമാക്കി 2004ല്‍ കേന്ദ്രസര്‍ക്കാര്‍ 'നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ' വ്യഖ്യാനിച്ചുകൊണ്ട് യു.എ.പി.എ യില്‍ ഭേദഗതി വരുത്തി. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് 'തീവ്രവാദ പ്രവര്‍ത്തനം' എന്ന വ്യാഖ്യാനവും 'തീവ്രവാദ സംഘം'എന്ന ആശയവും ചേർത്തു കൊണ്ട് പൊലീസിനും സർക്കാരിനും കൂടുതൽ അധികാരങ്ങൾ നൽകി.
മുംബൈ തീവ്രവാദി ആക്രമണം കഴിഞ്ഞ് അധികം വൈകാതെ, ഏതാണ്ട് 14 ദിവസത്തിനുള്ളിൽ 2008 ഡിസംബര്‍ 17ന് പാര്‍ലമെന്റില്‍ കൊണ്ടുവന്ന് പാസാക്കിയ ഭേദഗതിയായിരുന്നു അടുത്തത്. ഇതിലൂടെ ഈ നിയമത്തെ ഭരണകൂടത്തിനും പൊലീസിനും ഇഷ്ടം പോലെ വ്യാഖ്യാനിക്കാവുന്നതും ഉപയോഗിക്കാവുന്നതുമായി. നിയമവിരുദ്ധ സംഘചേരലുകളാണെന്ന് തോന്നുന്നതെല്ലാം തീവ്രവാദമാക്കി വ്യാഖ്യാനിക്കുന്നതടക്കമുള്ള ഭേദഗതികളാണ് 2008ലെ ഭേദഗതിയിലൂടെ വന്നത്. 2019 കാതലായ മറ്റൊരു ഭേദഗതി നരേന്ദ്രമോദി സർക്കാർ കൊണ്ടു വന്നു. 2019 ഓഗസ്റ്റിൽ കേന്ദ്ര സർക്കാർ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (യുഎപിഎ) ഭേദഗതി ചെയ്ത് ഒരു വ്യക്തിയെ തീവ്രവാദിയായി പ്രഖ്യാപിക്കുന്നതിനുള്ള വ്യവസ്ഥ ഉൾപ്പെടുത്തി. ഈ ഭേദഗതിക്ക് മുമ്പ്, സംഘടനകളെ മാത്രമേ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാൻ കഴിയുമായിരുന്നുള്ളൂ. ഈ വ്യവസ്ഥ നടപ്പിലാക്കുന്നതിലൂടെ, കേന്ദ്ര സർക്കാർ നിരവധി വ്യക്തികളെ തീവ്രവാദികളായി പ്രഖ്യാപിച്ചു.
ഇതിൽ 2004യും 2019 ലെയും ഭേദഗതികൾ ബി ജെ പി സർക്കാരുകളും മറ്റെല്ലാം വിവിധ കോൺഗ്രസ് സർക്കാരുകളും കൊണ്ടുവന്നതാണ്.
കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനും നിയമവിരുദ്ധമായി സമ്പാദിച്ച സ്വത്ത് കണ്ടുകെട്ടുന്നതിനുമായി ഇന്ത്യയിൽ നടപ്പിലാക്കിയ നിയമമാണിത്. കള്ളപ്പണം വെളുപ്പിക്കൽ ഒരു രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്കും സമഗ്രതയ്ക്കും ഉയർത്തുന്ന ഭീഷണി പരിഹരിക്കുന്നതിന് എന്ന പേരിലാണ് ഈ നിയമം കൊണ്ടുവന്നത്. എ ബി വാജ് പേയി പ്രധാനമന്ത്രിയായിരിക്കെ 2002 ലാണ് ഈ നിയമം പാർലമെന്റ് പാസാക്കുന്നത്. ആഗോള തലത്തിൽ രൂപപ്പെട്ടുവന്ന സമ്മർദ്ദങ്ങളുടെ ഫലമായിരുന്നു ഈ നിയമം. 9/11 സംഭവത്തോടെയാണ് ആഗോളതലത്തിൽ കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള സമ്മർദ്ദം എല്ലാ ഭരണകൂടങ്ങൾക്കും മുകളിലും ഉയർന്നത്. തുടർന്ന് 2002 ൽ ഇന്ത്യയിലും ഇത് പാസാക്കി. എന്നാൽ ചട്ടങ്ങൾ ഉൾപ്പെടുത്തി ഈ നിയമം 2005 ജൂലൈ 1 ന് പ്രാബല്യത്തിൽ വന്നപ്പോൾ കോൺഗ്രസ് നേതൃത്വം നൽകുന്ന യു പി എ സർക്കാരാണ് ഭരിച്ചിരുന്നത്. ഈ നിയമം കോൺഗ്രസ് നേതൃത്വം നൽകിയ കേന്ദ്രസർക്കാരുകൾ വ്യാപകമായി ദുരുപയോഗം ചെയ്തില്ലെങ്കിലും നിയമം കർശനമാക്കുന്ന ഏഴ് ഭേദഗതികൾ അവർ 2005 നും 2013നും ഇടയിൽ കൊണ്ടുവന്നു. അതിന് ശേഷം വന്ന ബി ജെ പിയുടെ നരേന്ദ്രമോദി സർക്കാർ ആ നിയമങ്ങളെ കൂടതൽ കർശനമാക്കിക്കൊണ്ട് ഭേദഗതികൾ 2016, 2017, 2019 വർഷങ്ങളിലായി കൊണ്ടു വന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates