

ലഖ്നൗ: പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ. പാകിസ്ഥാന്റെ ഓരോ ഇഞ്ചും ബ്രഹ്മോസ് മിസൈലിന്റെ പരിധിയിലാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂരില്‍ സംഭവിച്ചത് വെറും ട്രെയ്‌ലര്‍ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലഖ്നൗവിലെ പുതിയ ബ്രഹ്മോസ് എയ്റോസ്പേസ് സൗകര്യത്തില്‍ നിര്‍മ്മിച്ച ബ്രഹ്മോസ് മിസൈലുകളുടെ ആദ്യ ബാച്ച് ഫ്‌ലാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിങ്.
'ഓപ്പറേഷന്‍ സിന്ദൂരില്‍ ബ്രഹ്മോസ് അതിന്റെ ഫലപ്രാപ്തി തെളിയിച്ചു. വിജയം നമ്മുടെ ശീലമായി മാറിയിരിക്കുന്നു. ആ ഓപ്പറേഷനില്‍ സംഭവിച്ചത് വെറും ട്രെയ്‌ലര്‍ മാത്രമായിരുന്നു. ഇന്ത്യയ്ക്ക് എന്ത് കഴിവുണ്ടെന്ന് അത് പാകിസ്ഥാന് മനസ്സിലാക്കി കൊടുത്തു. ഇന്ത്യയ്ക്ക് പാകിസ്ഥാന് ജന്മം നല്‍കാന്‍ കഴിയുമെങ്കില്‍, മറ്റെന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് പറയേണ്ടതില്ലല്ലോ.' പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ മിസൈല്‍ സംവിധാനം പരീക്ഷണ ഘട്ടത്തിനപ്പുറത്തേക്ക് വളരെയധികം മുന്നേറിയിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യയുടെ ദേശീയ സുരക്ഷയുടെ ഏറ്റവും ശക്തമായ പ്രായോഗിക തെളിവായി അതു നിലകൊള്ളുന്നു. സായുധ സേനയുടെ ഒരു പ്രധാന സ്തംഭമായും ഇന്ത്യയുടെ തന്ത്രപരമായ അഭിലാഷങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള കഴിവിന്റെ പ്രതീകമായും ബ്രഹ്മോസിനെ രാജ്‌നാഥ് സിങ് വിശേഷിപ്പിച്ചു. സ്‌പെയര്‍ പാര്‍ട്‌സുകളെ വിതരണ രാജ്യങ്ങള്‍ 'ആയുധങ്ങളായി' ഉപയോഗിക്കുകയാണ്. ഈ വെല്ലുവിളി രാജ്യം മറികടക്കുമെന്നും കേന്ദ്ര പ്രതിരോധമന്ത്രി പറഞ്ഞു.
ലഖ്നൗവിലെ സരോജിനി നഗറിലെ ബ്രഹ്മോസ് എയ്റോസ്പേസ് മെയ് 11 നാണ് ഉദ്ഘാടനം ചെയ്തത്. ഇവിടെ നിര്‍മ്മിച്ച ബ്രഹ്മോസ് മിസൈലുകളുടെ ആദ്യ ബാച്ചാണ് കേന്ദ്രമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തത്. ലഖ്നൗവിലെ ബ്രഹ്മോസ് എയ്റോസ്പേസ് കേന്ദ്രം ഉത്തര്‍പ്രദേശ് പ്രതിരോധ വ്യാവസായിക ഇടനാഴി (UPDIC) യ്ക്കും പ്രതിരോധ നിര്‍മ്മാണത്തില്‍ സ്വാശ്രയത്വത്തിനായുള്ള ഇന്ത്യയുടെ മുന്നേറ്റത്തിനും ഒരു സുപ്രധാന നാഴികക്കല്ലാണ്.
ഇവിടെ നിന്നും എല്ലാ വര്‍ഷവും ഏകദേശം 100 മിസൈലുകള്‍ നിര്‍മ്മിക്കും. അവ കരസേന, നാവികസേന, വ്യോമസേന എന്നിവയ്ക്ക് വിതരണം ചെയ്യും. കേന്ദ്ര പ്രതിരോധനമന്ത്രി വ്യക്തമാക്കി. ഏകദേശം 380 കോടി രൂപ ചെലവില്‍ ഏകദേശം 200 ഏക്കറില്‍ നിര്‍മ്മിച്ച എയ്റോസ്പേസ് നൂറുകണക്കിന് ആളുകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതായി കേന്ദ്രമന്ത്രി പറഞ്ഞു. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ലഖ്നൗ യൂണിറ്റിന്റെ വിറ്റുവരവ് 3,000 കോടി രൂപയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും, ജിഎസ്ടി പിരിവ് ഏകദേശം 500 കോടി രൂപയാകുമെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates