

ന്യൂഡൽഹി: മധുരയിലെ തിരുപ്പരൻകുൺട്രം കുന്നിന് മുകളിലെ ദർഗയ്ക്ക് സമീപമുള്ള കൽത്തൂണിൽ കാർത്തിക ദീപം തെളിക്കാൻ സുപ്രീം കോടതി അനുമതി. ഈ മാസം 24ന് ഒറ്റത്തവണ ദീപം തെളിക്കാൻ ആണ് അനുമതി. പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല. മദ്രാസ് ഹൈക്കോടതി വിധി ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, വിപുൽ എം പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് ഭാഗികമായി സ്റ്റേ ചെയ്തു. സുപ്രീം കോടതി ഉത്തരവ് ബിജെപിയും ഹൈന്ദവസംഘടനകളും സ്വാഗതം ചെയ്തു.
ഇത്തവണത്തേക്ക് മാത്രമാണ് ദീപം തെളിയിക്കാൻ അനുമതിയെന്നും, തുടർന്നുള്ള വർഷങ്ങളിൽ ദീപം തെളിയിക്കുന്നതിനുള്ള അവകാശമായി ഈ വിധിയെ കണക്കാക്കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി. മദ്രാസ് ഹൈക്കോടതി അംഗീകരിച്ച വാദഗതികൾക്കുള്ള അംഗീകാരമായോ തർക്കസ്ഥലത്തിന്റെ പേരിലുള്ള അവകാശവാദങ്ങളുടെ അന്തിമ തീർപ്പായോ വിധിയെ വ്യാഖ്യാനിക്കരുതെന്നും സുപ്രീംകോടതി പറഞ്ഞു.
തർക്കവിഷയത്തെക്കുറിച്ച് ഇപ്പോൾ അഭിപ്രായം പ്രകടിപ്പിക്കുന്നത് ഉചിതമല്ല. ആചാരങ്ങൾ, തർക്കസ്ഥലത്തിന്റെ അവകാശം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പിന്നീട് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. ദീപം തെളിക്കാന്‍ മദ്രാസ് ഹൈക്കോടതി നേരത്തെ അനുമതി നൽകിയിരുന്നു. മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിലെ ഒന്നു മുതൽ 140 വരെയുള്ള ഖണ്ഡികകളാണ് ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ സുപ്രീംകോടതി സ്റ്റേ ചെയ്തത്.
നവംബർ 24 ന് നടക്കുന്ന ദീപം തെളിക്കൽ ചടങ്ങിന് കർശന സുരക്ഷ ഉറപ്പാക്കാൻ സുപ്രീം കോടതി പ്രാദേശിക ഭരണകൂടത്തിനും കേന്ദ്ര സർക്കാരിനും നിർദേശം നൽകി. ആവശ്യമെങ്കിൽ സിഐഎസ്എഫിനെയും വിന്യസിക്കാം. പ്രകടനങ്ങളോ ഘോഷയാത്രകളോ പാടില്ല. ചടങ്ങിനും സുരക്ഷയ്ക്കും ആവശ്യമായവരെ മാത്രമേ പ്രവേശിപ്പിക്കാവൂ. സമീപത്തെ ദർഗയിലേക്കും മറ്റ് മതസ്ഥാപനങ്ങളിലേക്കുമുള്ള പ്രവേശനത്തിന് തടസ്സം ഉണ്ടാകരുതെന്നും സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്.
തിരുപ്പരൻകുൺട്രം മലയിൽ പതിറ്റാണ്ടുകളായി കാർത്തിക ദീപം തെളിച്ചിരുന്ന ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിലെ ദീപമണ്ഡപത്തിനൊപ്പം, ഹൈന്ദവസംഘടനകളുടെ ആവശ്യപ്രകാരം സിക്കന്ദർ ദർഗയോട് ചേർന്നുള്ള കൽത്തൂണിലും ദീപം തെളിക്കാൻ മദ്രാസ് ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഇതിനെതിരെയാണ് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തില്ലെങ്കിൽ രാജ്യത്തെ ആയിരക്കണക്കിന് സർവ്വേ കല്ലുകൾക്ക് മതപരമായ പരിവേഷം ഉണ്ടെന്ന വാദം ഉയരുമെന്ന് സർക്കാർ വാദിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates