ആഭ്യന്തരം ഇല്ലെങ്കില്‍ പിന്തുണ പുറത്തുനിന്ന്, ബിജെപിയെ വെട്ടിലാക്കി ഷിന്‍ഡെ; ഉപാധികള്‍ വച്ചതായി റിപ്പോര്‍ട്ട്
മുംബൈ: തെരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ രൂപീകരണത്തില്‍ സസ്‌പെന്‍സ് തുടരുന്ന മഹാരാഷ്ട്രയില്‍ കാവല്‍ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ മുന്നോട്ടുവെച്ച ഉപാധിയില്‍ വെട്ടിലായി ബിജെപി. ഒന്നുകില്‍ മുഖ്യമന്ത്രി സ്ഥാനം, അല്ലെങ്കില്‍ ആഭ്യന്തരം,റവന്യു, ധനകാര്യം എന്നി വകുപ്പുകള്‍. ഇതും സാധ്യമല്ലെങ്കില്‍ സംസ്ഥാനത്തും കേന്ദ്രത്തിലും പുറത്തുനിന്ന് പിന്തുണയ്ക്കാമെന്ന് ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെ മുന്നോട്ടുവെച്ച നിര്‍ദേശമാണ് ബിജെപി നേതൃത്വത്തിന് വെല്ലുവിളിയായിരിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ 288 സീറ്റില്‍ 230ഉം നേടിയാണ് മഹായുതി സഖ്യം വിജയിച്ചത്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ബിജെപിയും ശിവസേന( ഷിന്‍ഡെ വിഭാഗവും) തമ്മില്‍ തര്‍ക്കം ഉടലെടുത്തതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ രൂപീകരണം നീളുന്നത്. മുഖ്യമന്ത്രി സ്ഥാനവും ആഭ്യന്തരവകുപ്പ് അടക്കമുള്ള പ്രധാന വകുപ്പുകളും തങ്ങള്‍ക്ക് വേണമെന്നതാണ് ബിജെപി നിലപാട്. ഡല്‍ഹിയില്‍ അമിത് ഷായുമായുള്ള കൂടിക്കാഴ്ചയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് മൂന്ന് നിര്‍ദേശങ്ങള്‍ ഷിന്‍ഡെ മുന്നോട്ടുവെച്ചതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒന്നുകില്‍ മുഖ്യമന്ത്രി സ്ഥാനം, അല്ലെങ്കില്‍ ആഭ്യന്തരം,റവന്യു, ധനകാര്യം എന്നി വകുപ്പുകള്‍ . ഇതും സാധ്യമല്ലെങ്കില്‍ പുറത്ത് നിന്ന് പിന്തുണ.
നിലവില്‍ ലോക്‌സഭയില്‍ ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിന് ഏഴ് എംപിമാരാണുള്ളത്. വിശാലമായ ഹിന്ദുത്വ കാഴ്ചപ്പാടിന് വേണ്ടി സംസ്ഥാനത്തും ദേശീയ തലത്തിലും പുറത്തുനിന്ന് ബിജെപി സര്‍ക്കാരിനെ പിന്തുണയ്ക്കാമെന്നാണ് ഏകനാഥ് ഷിന്‍ഡെ അറിയിച്ചത്. ലോക്‌സഭയില്‍ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത സ്ഥിതിക്ക് പുറത്തുനിന്ന് പിന്തുണയ്ക്കാമെന്ന ഏക്‌നാഥ് ഷിന്‍ഡെ മുന്നോട്ടുവെച്ച നിര്‍ദേശം ബിജെപിക്ക് വെല്ലുവിളിയായിരിക്കുകയാണ്. അത്തരമൊരു സാഹചര്യത്തിലേക്ക് പോകുന്നതിലുള്ള അപകട സാധ്യത മണത്ത് മഹായുതി നേതാക്കളോട് വീണ്ടും ചര്‍ച്ച നടത്തി സമവായത്തില്‍ എത്താന്‍ അമിത് ഷാ നിര്‍ദേശിച്ചു. വ്യാഴാഴ്ച രാത്രി ഏക്‌നാഥ് ഷിന്‍ഡെ, ദേവേന്ദ്ര ഫ്ഡനാവിസ്, അജിത് പവാര്‍ എന്നി മഹായുതി സഖ്യ നേതാക്കളാണ് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത്.
യോഗത്തില്‍ തന്നെ മുഖ്യമന്ത്രിയാക്കണമെന്നാണ് ഏകനാഥ് ഷിന്‍ഡെ ആദ്യം ആവശ്യപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ജനക്ഷേമ പദ്ധതിയായ ലാഡ്‌ലി ബെഹ്ന യോജനയില്‍ പ്രതീക്ഷയര്‍പ്പിച്ച് സ്ത്രീകളും മറാത്തക്കാരും ഒബിസി വിഭാഗക്കാരും വോട്ടു ചെയ്തത് കൊണ്ടാണ് വീണ്ടും എന്‍ഡിഎ അധികാരത്തില്‍ വന്നത്. അടുത്ത മുഖ്യമന്ത്രി താന്‍ തന്നെയായിരിക്കും എന്ന് കരുതിയാണ് വോട്ട് ചെയ്തത്. താന്‍ മുഖ്യമന്ത്രിയായില്ലെങ്കില്‍ ഈ വിഭാഗങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം പ്രചരിക്കും. കൂടാതെ നിരവധി സര്‍വേകളിലും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ജനങ്ങള്‍ ഏറ്റവുമധികം ഉയര്‍ത്തിക്കാട്ടിയത് തന്നെ തന്നെയാണ്. അതുകൊണ്ട് മുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്ന് അമിത് ഷായോട് ഏക്‌നാഥ് ഷിന്‍ഡെ ആവശ്യപ്പെട്ടതായാണ് ശിവസേന വൃത്തങ്ങള്‍ പറയുന്നത്. മറുപടിയെന്നോണം 132 സീറ്റുകള്‍ നേടി ഏറ്റവും വലിയ കക്ഷിയായ ബിജെപിയില്‍ നിന്ന് ഒരു മുഖ്യമന്ത്രി ഉണ്ടായില്ലെങ്കില്‍ അത് അന്യായമായി പോകുമെന്ന് ബിജെപി നേതൃത്വം ഏകനാഥ് ഷിന്‍ഡെയെ ധരിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.
തുടര്‍ന്ന് ദേവേന്ദ്ര ഫ്ഡനാവിസ് മുഖ്യമന്ത്രിയാവുകയാണെങ്കില്‍ അധികാരം പങ്കിടലില്‍ സന്തുലിതാവസ്ഥ പാലിക്കുന്നതിനായി ആഭ്യന്തരം, ധനകാര്യം, റവന്യു എന്നി വകുപ്പുകള്‍ ഏക്‌നാഥ് ഷിന്‍ഡെ ആവശ്യപ്പെട്ടതായാണ് വിവരം. ഏക്‌നാഥ് ഷിന്‍ഡെ ഉപമുഖ്യമന്ത്രിയാവണമെന്നാണ് ബിജെപി നേതൃത്വത്തിന്റെ ആഗ്രഹം. എന്നാല്‍ മുഖ്യമന്ത്രിയായിരുന്ന ആള്‍ എന്ന നിലയില്‍ ദേവേന്ദ്ര ഫ്ഡനാവിസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയാവാന്‍ താല്‍പര്യമില്ലെന്ന് ഏക്‌നാഥ് ഷിന്‍ഡെ നിലപാട് വ്യക്തമാക്കിയതായാണ് വിവരം. പകരം താന്‍ നിര്‍ദേശിക്കുന്നയാളെ ഉപമുഖ്യമന്ത്രിയാക്കണമെന്നും ഷിന്‍ഡെ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ആഭ്യന്തരം, ധനകാര്യം, റവന്യു എന്നി സുപ്രധാന വകുപ്പുകള്‍ നല്‍കുന്നില്ലെങ്കിലാണ് പുറത്തുനിന്ന് പിന്തുണയ്ക്കാമെന്ന ഉപാധി ഏകനാഥ് ഷിന്‍ഡെ മുന്നോട്ടുവെച്ചത് എന്നാണ് ശിവസേന വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മൂന്ന് വകുപ്പുകളും നല്‍കുന്നില്ലായെങ്കില്‍ പാര്‍ട്ടി സര്‍ക്കാരിന്റെ ഭാഗമാകില്ല. വലിയ ഹിന്ദുത്വ ലക്ഷ്യത്തിനായി സംസ്ഥാനത്തും കേന്ദ്രത്തിലും ശിവസേന പുറത്ത് നിന്ന് പിന്തുണ നല്‍കും. പാര്‍ട്ടിയുടെ ഏഴ് ലോക്സഭാ എംപിമാരും നരേന്ദ്ര മോദി സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുമെന്നാണ് ഏക്‌നാഥ് ഷിന്‍ഡെ അറിയിച്ചതെന്നും ശിവസേന വൃത്തങ്ങള്‍ പറയുന്നു.
പ്രശ്‌ന പരിഹാരം സങ്കീര്‍ണമായതോടെ, അധികാരം പങ്കിടല്‍ ഫോര്‍മുല ചര്‍ച്ച ചെയ്യാന്‍ ഷിന്‍ഡെയും ഫഡ്നാവിസും അജിത് പവാറും ഇന്ന് മുംബൈയില്‍ കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഷിന്‍ഡെ ഈ യോഗം ഒഴിവാക്കി നാടകീയമായി സത്താറയിലെ തന്റെ ഗ്രാമത്തിലേക്ക് പോയത് ബിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

