

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് അനാവശ്യ ചെലവുകൾ കുറയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് സുപ്രീം കോടതി. ഇതിന്റെ ഭാഗമായി തിങ്കൾ, വെള്ളി ദിവസങ്ങളിൽ കോടതി നടപടികൾ വീഡിയോ കോൺഫറൻസിംഗിലേക്ക് മാറ്റി. ഇന്ധന ഉപയോഗം പരമാവധി കുറയ്ക്കുന്നതിനായി ജഡ്ജിമാർക്കിടയിൽ 'കാർ പൂളിംഗ്' (ഒരേ വാഹനത്തിൽ യാത്ര ചെയ്യുക) പ്രോത്സാഹിപ്പിക്കാനും ജഡ്ജിമാരുടെ യോഗത്തിൽ തീരുമാനമായി.
വീഡിയോ കോൺഫറൻസിംഗിലേക്ക്
തിങ്കളാഴ്ചയും വെള്ളിയാഴ്ചയും ലിസ്റ്റ് ചെയ്യുന്ന മിസലേനിയസ് കേസുകളും ഭാഗിക പ്രവൃത്തി ദിവസങ്ങളിലെ കേസുകളുമാണ് വീഡിയോ കോൺഫറൻസിംഗിലൂടെ കേൾക്കുക. ഇതിനായി അഭിഭാഷകർക്കും കക്ഷികൾക്കും തടസ്സമില്ലാത്ത സാങ്കേതിക സൗകര്യങ്ങൾ ഒരുക്കാൻ രജിസ്ട്രിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വീഡിയോ ലിങ്കുകൾ കൃത്യസമയത്ത് അയക്കുന്നുണ്ടെന്നും സാങ്കേതിക തകരാറുകൾ സംഭവിക്കുന്നില്ലെന്നും ഉദ്യോഗസ്ഥർ ഉറപ്പാക്കണം.
ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം
കോടതി ജീവനക്കാർക്കും യാത്രാച്ചെലവ് കുറയ്ക്കുന്നതിനായി ഇളവുകൾ പ്രഖ്യാപിച്ചു. ഓരോ സെക്ഷനിലെയും 50 ശതമാനം ജീവനക്കാർക്ക് ആഴ്ചയിൽ രണ്ട് ദിവസം വരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ (WFH) അനുമതി നൽകി. എന്നാൽ കോടതിയുടെ പ്രവർത്തനം തടസ്സപ്പെടാത്ത രീതിയിലാകണം ഇത് ക്രമീകരിക്കേണ്ടത്. വർക്ക് ഫ്രം ഹോം ചെയ്യുന്ന ജീവനക്കാർ ഫോണിൽ ലഭ്യമാകണമെന്നും ആവശ്യമെങ്കിൽ ഓഫീസിലെത്താൻ തയ്യാറാകണമെന്നും സർക്കുലറിൽ പറയുന്നു.
ഇന്ധന ലാഭത്തിന് കാർ പൂളിംഗ്
ജഡ്ജിമാർ ഒരേ വാഹനത്തിൽ യാത്ര ചെയ്യുന്ന കാർ പൂളിംഗ് സംവിധാനം നടപ്പിലാക്കാൻ സുപ്രീം കോടതിയിലെ ജഡ്ജിമാർ ഏകകണ്ഠമായാണ് തീരുമാനമെടുത്തത്. രാജ്യത്തെ ഉയർന്ന നീതിന്യായ പീഠം തന്നെ മാതൃകയാകുന്നത് പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്നുള്ള സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടാനുള്ള വലിയ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. അടുത്ത ഉത്തരവ് വരുന്നത് വരെ ഈ ക്രമീകരണങ്ങൾ തുടരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates