

ജബൽപൂർ; നീതിക്കു വേണ്ടിയുള്ള 13 വർഷത്തെ പോരാട്ടം. അവസാനം തെളിഞ്ഞു അവൻ നിരപരാധിയാണെന്ന്. യുവത്വം ജയിലറയിൽ ഹോമിക്കേണ്ടിവന്നതിന് 42 ലക്ഷം രൂപയും നഷ്ടപരിഹാരവും വിധിച്ചു. എന്നാൽ നഷ്ടം ഇപ്പോഴും ചന്ദ്രേഷ് മാർസ്കോളിന് തന്നെയാണ്. ചെയ്യാത്ത കുറ്റത്തിനാണ് 13 വർഷം ജയിൽ ശിക്ഷ അനുഭവിച്ചത്. അതിൽ ഇല്ലാതായത് കാമുകിയുടെ ജീവനും കരിയറും സ്വന്തം ജീവിതവും തന്നെയാണ്. മധ്യപ്രദേശിലെ മുൻ എംബിബിഎസ് വിദ്യാർത്ഥിയായ ചന്ദ്രേഷിനാണ് വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ നീതി ലഭിച്ചത്.
കാമുകിയെ കൊന്ന കുറ്റത്തിനാണ് 2008ൽ ചന്ദ്രേഷ് ജയിലിലാവുന്നത്. അന്ന് ഭോപ്പാലിലെ ഗാന്ധി മെഡിക്കൽ കോളജിൽ അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥിയായിരുന്നു. വിചാരണക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചതോടെ 13 വർഷമായി ജയിലിലായിരുന്നു ഗോത്ര വർഗക്കാരനായ ചന്ദ്രേഷ്. എന്നാൽ നിരപരാധിത്വം തെളിയിക്കാനുള്ള പോരാട്ടത്തിനൊടുവിൽ മധ്യപ്രദേശ് ഹൈക്കോടതി കുറ്റവിമുക്തനാക്കി. ചന്ദ്രേഷിനെ ഉടൻ മോചിപ്പിക്കാൻ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. നഷ്ടപരിഹാരമായി 42 ലക്ഷം രൂപ ചന്ദ്രേഷിന് സംസ്ഥാന സർക്കാർ 90 ദിവസത്തിനകം നൽകണമെന്നും വിധിച്ചു.
കേസിന്റെ അന്വേഷണത്തിൽ ഗുരുതരമായ ക്രമക്കേട് നടന്നതായാണ് കോടതി കണ്ടെത്തിയത്. ചന്ദ്രേഷിനെ കുടുക്കുക എന്ന ഒറ്റ ഉദ്ദേശത്തോടെയായിരുന്നു അന്വേഷണമെന്നും ജസ്റ്റിസുമാരായ അതുൽ ശ്രീധരൻ, സുനിത യാദവ് എന്നിവർ അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
2008ലാണ് കേസിനാസ്പദമായ കൊലപാതകം നടക്കുന്നത്. ചന്ദ്രേഷിന്റെ കാമുകിയുടെ മൃതദേഹം മലയോര സുഖവാസ കേന്ദ്രമായ പച്ച്മാർഹിയിലെ മലയിടുക്കിൽ കണ്ടെത്തുകയായിരുന്നു. കോളജ് സീനിയറായ ഡോ. ഹേമന്ത് വർമയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഹേമന്ദിനെ അറസ്റ്റു ചെയ്യുന്നത്. സംഭവത്തിനു മൂന്നു ദിവസം മുൻപ് ചന്ദ്രേഷ് തന്റെ കാർ കൊണ്ടുപോയെന്നും കൊലപാതകവുമായി ഇതിനു ബന്ധമുണ്ടെന്നുമാണ് ഹേമന്ദ് പൊലീസിനെ അറിയിച്ചത്. പച്ച്മാർഹിയിലേക്ക് ഒപ്പം പോയ ഹേമന്ദിന്റെ ഡ്രൈവറും ഇതു ശരിവച്ചതോടെ ചന്ദ്രേഷിനെ പൊലീസ് അറസ്റ്റു ചെയ്തു.
2009 ൽ സെഷൻസ് കോടതി ജീവപര്യന്തം തടവിനു വിധിച്ചു. ഇതിനെതിരെ ചന്ദ്രേഷ് നൽകിയ അപ്പീലിലാണ് കേസന്വേഷണം അടിമുടി അട്ടിമറിച്ചതായി കണ്ടെത്തിയത്. ഹേമന്ദ് വർമയും ചന്ദ്രേഷും തമ്മിൽ ക്യാംപസ് രാഷ്ത്രീയത്തിന്റെ പേരിൽ ശത്രുതയുണ്ടായിരുന്നു. ഭോപ്പാൽ ഐജിയായിരുന്ന ശൈലേന്ദ്ര ശ്രീവാസ്തവയെ സ്വാധീനിച്ച് ഹേമന്ദ് അന്വേഷണം അട്ടിമറിക്കുകയായിരുന്നു. ഇയാൾക്ക് കൊലപാതകവുമായി ബന്ധമുണ്ടാകാമെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
ഐഎസ്ആർഒ ചാരക്കേസിൽ അന്യായമായി പ്രതിയാക്കപ്പെട്ട് ജയിലിൽ കിടക്കേണ്ടിവന്ന ശാസ്ത്രജ്ഞൻ നമ്പിനാരായണന്റെ കാര്യവും കോടതി പരാമർശിച്ചു. നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന സുപ്രീംകോടതി വിധിയും ചൂണ്ടിക്കാട്ടി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates