

കൊൽക്കത്ത : പശ്ചിമ ബംഗാളില്‍ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങുന്നതിന് തൊട്ടുമുമ്പ് അക്രമം. പോളിങ് ഉദ്യോഗസ്ഥരെ ബൂത്തിലാക്കി മടങ്ങിയ ബസ് കത്തിച്ചു. ജംഗള്‍മഹല്‍ മേഖലയിൽപ്പെടുന്ന പുരുളിയയിലെ തുള്‍സിഡി ഗ്രാമത്തിലാണ് അക്രമം നടന്നത്. ഒരുകാലത്ത് മാവോയിസ്റ്റ് ശക്തികേന്ദ്രമായിരുന്നു ഇവിടം.
സമീപത്തെ വനത്തില്‍ നിന്ന് ഇറങ്ങിവന്ന ഏതാനും പേര്‍ ബസ് തടഞ്ഞുനിര്‍ത്തി കത്തിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ബസ് ഡ്രൈവറെ ചോദ്യം ചെയ്യുകയാണ്. അക്രമസാധ്യത പരിഗണിച്ച് മേഖലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ബംഗാളില്‍ ഇടതുപക്ഷ ശക്തികേന്ദ്രങ്ങളായിരുന്ന പുരുളിയ, ബങ്കുര, ജാര്‍ഗ്രാം, പൂര്‍വ മേദിനിപ്പൂര്‍, പശ്ചിമ മേദിനിപ്പൂര്‍ ജില്ലകളാണ് ആദ്യ ഘട്ടത്തില്‍ വോട്ടു രേഖപ്പെടുത്തുക. സുരക്ഷയ്ക്കായി 684 കമ്പനി അർധസൈനിക വിഭാഗത്തെ വിന്യസിച്ചിട്ടുണ്ട്. ആയിരത്തിൽപരം പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates