

ന്യൂഡല്‍ഹി: പാകിസ്ഥാനുമായി വെടിനിര്‍ത്തല്‍ ധാരണയായെങ്കിലും, അതിര്‍ത്തിക്ക് അപ്പുറത്ത് നിന്നും എന്തെങ്കിലും തരത്തില്‍ പ്രകോപനം ഉണ്ടായാല്‍ അതിശക്തമായ തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം. 'അവര്‍ വെടിയുതിര്‍ത്താല്‍, ഞങ്ങള്‍ തിരിച്ചും വെടിവയ്ക്കും' - അതാണ് ഓപ്പറേഷന്‍ സിന്ദൂറിന് ശേഷവും അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ക്കുള്ള നിലപാട്. ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിച്ചിട്ടില്ലെന്നും സൈന്യം വ്യക്തമാക്കി.
അപ്പുറത്തു നിന്നും ബുള്ളറ്റുകള്‍ വന്നാല്‍, തിരിച്ച്, ഷെല്ലുകള്‍ അയക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സൈന്യത്തിന് നല്‍കിയ നിര്‍ദേശം. അതിര്‍ത്തി കടന്നുള്ള ഭീകരതയെക്കെതിരായ പോരാട്ടം തുടരാനാണ് ഇന്ത്യയുടെ തീരുമാനം. ഭീകരശൃംഖലകള്‍ക്ക് താവളവും സഹായവും പാകിസ്ഥാന്‍ നല്‍കി വരികയാണെന്ന് അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യ ഉന്നയിക്കും.
സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് വിളിച്ചപ്പോള്‍, 'പാകിസ്ഥാന്റെ ഭാഗത്തു നിന്നും എന്തെങ്കിലും ആക്രമണം ഉണ്ടായാല്‍, അതി കഠിനവും വിനാശകരവുമായ തിരിച്ചടിയായിരിക്കും ഇന്ത്യ നല്‍കുക' എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചത്. അന്നു രാത്രി പാകിസ്ഥാന്‍ ഇന്ത്യയിലെ 26 കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ചപ്പോള്‍, പാകിസ്ഥാന്റെ വ്യോമതാവളങ്ങള്‍ അടക്കം ഇന്ത്യ തകര്‍ത്തു.
പാകിസ്ഥാന്‍ വെടിയുതിര്‍ത്താല്‍ ഇന്ത്യ ശക്തമായി തിരിച്ചടിക്കും. പാകിസ്ഥാന്‍ നിര്‍ത്തിയാല്‍ ഇന്ത്യയും നിര്‍ത്തും. ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) വഴിയുള്ള സൈനിക മാര്‍ഗത്തിലൂടെയുള്ള ആശയവിനിമയം മാത്രമേ ഉണ്ടായിരിക്കൂ. ചര്‍ച്ച ചെയ്യാന്‍ മറ്റ് വിഷയങ്ങളില്ല. '. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യ നിലപാട് അസന്നിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യയുടെ സൈനികശക്തി പാകിസ്ഥാന് ബോധ്യമായിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് അഭിപ്രായപ്പെട്ടിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
