കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബാരൂയിപൂരിൽ 11 വയസ്സുകാരിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പ്രഭാഷ് മണ്ഡലിൻറെ മൃതദേഹം ഏറ്റുവാങ്ങാനോ സംസ്കരിക്കാനോ തയാറാകാതെ മാതാവ്. "രാവിലെ 5 മണിയോടെയാണ് പൊലീസ് വന്ന് അവൻ മരിച്ച വിവരം പറയുന്നത്. അന്ത്യകർമ്മങ്ങൾക്കായി അവന്റെ ഐഡി രേഖകളും അവർ ആവശ്യപ്പെട്ടു. അവൻ ചെയ്ത ക്രൂരതയ്ക്കുള്ള ശിക്ഷ അവന് ദൈവത്തിൽ നിന്ന് തന്നെ ലഭിച്ചു. എനിക്ക് അവന്റെ മൃതദേഹം കാണുകയോ അന്ത്യകർമ്മങ്ങൾ ചെയ്യുകയോ വേണ്ട. ആ മൃതദേഹം വെച്ച് പൊലീസിന് എന്ത് വേണമെങ്കിലും ചെയ്യാം." - മകൻറെ മരണ വിവരം അറിയിക്കാനെത്തിയ പൊലീസുകാരോട് പ്രഭാഷ് മണ്ഡലിൻറെ മാതാവായ സന്ധ്യയുടെ പ്രതികരണം ഇതായിരുന്നു.
മകന്റെ മരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ഒരു അമ്മ എന്ന നിലയിൽ തനിക്ക് സങ്കടമുണ്ടെങ്കിലും അവൻ ചെയ്ത വലിയ തെറ്റിനുള്ള ഫലമാണ് ഇപ്പോൾ അനുഭവിച്ചതെന്ന് വിറയ്ക്കുന്ന ശബ്ദത്തോടെ സന്ധ്യ സമ്മതിച്ചു. അവൻ കടുത്ത ലഹരിക്ക് അടിമയായിരുന്നുവെന്നും ഒരിക്കലും തങ്ങൾ പറയുന്നത് കേൾക്കില്ലായിരുന്നുവെന്നും, അവനെ ശരിയായ വഴിക്ക് കൊണ്ടുവരാൻ കുടുംബം പരമാവധി ശ്രമിച്ചിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
ഇന്നു രാവിലെയാണ് പൊലീസ് ഏറ്റുമുട്ടലിൽ പ്രഭാഷ് മണ്ഡൽ കൊല്ലപ്പെട്ടത്. കേസന്വേഷണത്തിന്റെ ഭാഗമായി കൊലപാതകം നടന്ന സ്ഥലത്ത് എത്തിച്ച് സംഭവം പുനരാവിഷ്കരിക്കുന്നതിനിടെ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രതി വെടിയേറ്റു മരിച്ചത്.പ്രതി പോലീസുകാരന്റെ തോക്ക് തട്ടിയെടുത്ത് പൊലീസ് സംഘത്തിന് നേരെ ഒരു റൗണ്ട് വെടിയുതിർക്കുകയും അവിടെനിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി. ഇതോടെ സ്വയംരക്ഷാർത്ഥം പൊലീസ് തിരിച്ചു വെടിയുതിർക്കുകയായിരുന്നു. വെടിവെയ്പ്പിൽ ഗുരുതരമായി പരിക്കേറ്റ മണ്ഡലിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
കഴിഞ്ഞ ഞായറാഴ്ച 11 വയസ്സുകാരിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ ആളൊഴിഞ്ഞ കുളത്തിൽ നിന്ന് കണ്ടെത്തിയതിനെ തുടർന്ന് പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലുള്ള ബാരൂയിപൂരിൽ ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്. ക്രൂരമായ ഈ സംഭവം പ്രദേശത്ത് വലിയ ജനരോഷത്തിന് കാരണമാവുകയും സംസ്ഥാനത്തുടനീളം വലിയ രാഷ്ട്രീയ-സാമൂഹിക ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. പെൺകുട്ടി അതിക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് കൊലപാതകം, കൂട്ടബലാത്സംഗം എന്നിവയ്‌ക്കൊപ്പം പോക്സോ വകുപ്പുകൾ കൂടി ചുമത്തിയാണ് അധികൃതർ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ ഇതുവരെ പ്രഭാഷ് മണ്ഡൽ ഉൾപ്പെടെ മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസ് അതിവേഗം അന്വേഷിക്കാൻ ആറംഗ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
കുളത്തിൽ നിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തതോടെയാണ് പ്രദേശത്ത് ജനങ്ങൾ തെരുവിൽ ഇറങ്ങിയത്. ഇതിനിടയിൽ, കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരാളെ പ്രകോപിതരായ ജനക്കൂട്ടം തല്ലിക്കൊന്നിരുന്നു. പ്രതിഷേധക്കാർ പ്രധാന റോഡുകൾ ഉപരോധിക്കുകയും ടയറുകൾ കത്തിക്കുകയും ചെയ്തതിനെ തുടർന്ന് വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തിയാണ് ക്രമസമാധാനം ഭാഗികമായി പുനഃസ്ഥാപിച്ചിട്ടുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates