

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ മികച്ച പോളിങ്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണി വരെ ഏകദേശം 61.11 ശതമാനം പോളിങ് രേഖപ്പെടുത്തി. വൈകീട്ട് ആറ് മണിവരെയാണ് വോട്ടെടുപ്പ്. രണ്ടാംഘട്ട വോട്ടെടുപ്പില്‍ ഒന്നാംഘട്ടത്തിനെക്കാള്‍ മികച്ച പോളിങ് ഉണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
ഹൗറ ഉത്തറിലാണ് ഏറ്റവും ഉയര്‍ന്ന പോളിങ് (63.19%) രേഖപ്പെടുത്തിയത്. ബാരക്പുര്‍ (61.51%), ഡയമണ്ട് ഹാര്‍ബര്‍ (60.54%) എന്നിവയാണ് തൊട്ടുപിന്നില്‍. മമത ബാനര്‍ജിയും സുവേന്ദു അധികാരിയും മത്സരിക്കുന്ന ഭവാനിപൂര്‍ 58.53 ശതമാനവും സന്ദേശ്ഖാലി 58.42 ശതമാനവും ദംദം 58.34 ശതമാനവും പോളിങ് രേഖപ്പെടുത്തി. കൊല്‍ക്കത്ത പോര്‍ട്ടില്‍ 56.89 ശതമാനവും ഭംഗറില്‍ ഏറ്റവും കുറഞ്ഞ പോളിങു (54.13%) ആണ് രേഖപ്പെടുത്തിയത്.
രണ്ടാംഘട്ട വോട്ടെടുപ്പിനിടെ ഭവാനിപൂരില്‍ ബിജെപി- തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ബിജെപി സ്ഥാനാര്‍ഥി സുവേന്ദു അധികാരി പോളിങ് ബൂത്ത് സന്ദര്‍ശിക്കുന്നതിനിടെ തൃണമൂല്‍ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ തടയുകയായിരുന്നു. തുടര്‍ന്ന് ഇരുവിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉടലെടുത്തു. തൃണമൂല്‍ പ്രവര്‍ത്തകര്‍ ചോര്‍, ചോര്‍ മുദ്രാവാക്യം വിളിച്ചപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം വിളിച്ചതോടെ സ്ഥിതി വഷളായി. തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ബൂത്തുകളില്‍ ഉള്ളവര്‍ വോട്ടര്‍മാരല്ലെന്നും പുറത്തുനിന്നുള്ള ഗുണ്ടകളാണെന്നും സുവേന്ദു അധികാരി ആരോപിച്ചു. കൂടുതല്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.
പാണിഹട്ടില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥിയായ തന്നെ തൃണമൂല്‍ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി ആര്‍ജി കര്‍ ആശുപത്രിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടറുടെ അമ്മ രത്‌ന ദേബ്‌നാഥ് പറഞ്ഞു. 'ഇന്ന് രാവിലെ 'ഗോ ബാക്ക്' വിളികളുമായി എത്തിയ തൃണമൂല്‍ ഗുണ്ടകള്‍ എന്നെ ആക്രമിച്ചു. അക്രമികളെ അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ പൊലീസ് സഹകരിച്ചില്ല. ഒരു സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ഞാന്‍ ഈ ബൂത്ത് പരിശോധിച്ചപ്പോള്‍ ഇവിഎമ്മിലെ ബിജെപി ബട്ടണില്‍ മഷി പുരട്ടി മറച്ചതായി കണ്ടു. പൊതുജനം എങ്ങനെ വോട്ട് ചെയ്യും?' അവര്‍ ചോദിച്ചു. രണ്ടാംഘട്ട വോട്ടെടുപ്പില്‍ ബംഗാളിലെ പല മണ്ഡലങ്ങളിലും അക്രമസംഭവങ്ങള്‍ അരങ്ങേറി. വിവിധ മണ്ഡലങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും പരസ്പരം ആരോപണങ്ങളുമായി രംഗത്തെത്തിയതോടെ പോളിങ് ബൂത്തുകള്‍ സംഘര്‍ഷഭരിതമായി. പലയിടങ്ങളിലും സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കേന്ദ്ര സേനയ്ക്ക് ലാത്തിച്ചാര്‍ജ് നടത്തേണ്ടി വന്നു.
ഡയമണ്ട് ഹാര്‍ബറിലെ ഫല്‍ത മണ്ഡലത്തില്‍ വോട്ടിങ് മെഷീനിലെ ബിജെപിയുടെ 'താമര' ചിഹ്നം ടേപ്പ് ഉപയോഗിച്ച് മറച്ചതായി ബിജെപി ചുമതലക്കാരനായ അമിത് മാളവ്യ ആരോപിച്ചു. വോട്ടര്‍മാരെ തങ്ങളുടെ ഇഷ്ടപ്രകാരം വോട്ട് ചെയ്യാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് അനുവദിക്കുന്നില്ലെന്നും, നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പിലും ഇതേ തന്ത്രമാണ് അവര്‍ പയറ്റിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ക്രമക്കേട് നടന്ന ബൂത്തുകളില്‍ ഉടന്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു. പരാതികള്‍ പരിശോധിക്കുമെന്നും സത്യമാണെന്ന് ബോധ്യപ്പെട്ടാല്‍ റീപോളിങ് നടത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, പശ്ചിമ ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കെ, പോളിങ് ശതമാനം ഒന്നാം ഘട്ടത്തേക്കാള്‍ ഉയര്‍ന്നേക്കാമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ മനോജ് കുമാര്‍ അറിയിച്ചു. നിലവില്‍ 61 ശതമാനത്തിലധികമാണ് പോളിങ്. ഒന്നാം ഘട്ടത്തില്‍ 93 ശതമാനത്തിലധികം പോളിങ്് രേഖപ്പെടുത്തിയ ബംഗാള്‍, ഇത്തവണയും ആ റെക്കോര്‍ഡ് ഭേദിച്ചേക്കാമെന്ന് അദ്ദേഹം പറഞ്ഞു. '93 ശതമാനം പോളിങ് സാധ്യമാണെന്നും തെരഞ്ഞെടുപ്പ് സ്വതന്ത്രവും നിഷ്പക്ഷവുമായി നടത്താമെന്നും ഒന്നാം ഘട്ടത്തിലൂടെ ബംഗാള്‍ രാജ്യത്തിന് കാട്ടിക്കൊടുത്തതായും അദ്ദേഹം പറഞ്ഞു.
7 ജില്ലകളിലായി 142 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. 3 കോടി 21 ലക്ഷത്തി 73 ആയിരത്തി 837 പേരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക. ഇതില്‍ ഒരു കോടി 57 ലക്ഷം പേര്‍ വനിതകളാണ്. 792 ട്രാന്‍സ് ജെന്‍ഡേഴ്സും ഉള്‍പ്പെടുന്നു. മുഖ്യമന്ത്രി മമത ബാനര്‍ജിയും ബിജെപി നേതാവ് സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന ഭവാനിപൂരാണ് രണ്ടാംഘട്ട വോട്ടെടുപ്പിലെ ശ്രദ്ധേയമായ മണ്ഡലങ്ങളിലൊന്ന്. കഴിഞ്ഞ തവണ തൃണമൂല്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടിയ മേഖലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളായ മണ്ഡലങ്ങളിലാണ് വിധിയെഴുത്ത് എങ്കിലും വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ആനുകൂല്യം ലഭിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. കഴിഞ്ഞ ദിവസങ്ങളിലെ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
ആദ്യഘട്ടത്തില്‍ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. ആദ്യഘട്ടത്തില്‍ 93 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ആദ്യഘട്ടം തെരഞ്ഞെടുപ്പ് നടന്ന 152 സീറ്റില്‍ 110 സീറ്റില്‍ ആധിപത്യം ലഭിക്കുമെന്നാണ് ബിജെപി വിലയിരുത്തല്‍. രണ്ടാംഘട്ട വോട്ടെടുപ്പിന്റെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രി അമിത് ഷായും അടക്കം സംസ്ഥാനത്തെത്തിയിരുന്നു. മെയ് നാലിനാണ് വോട്ടെണ്ണല്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates