എവിടെ മമതയ്‌ക്കൊപ്പം അണി നിരന്ന 'ടോളിവുഡ് ബ്രിഗേഡ്'? ആപത്ത് കാലത്ത് പാര്‍ട്ടിയെ പൂര്‍ണമായും കൈവിട്ട് താരങ്ങള്‍

തെരഞ്ഞെടുപ്പുകളില്‍ മമത ബാനര്‍ജിക്ക് പിന്നില്‍ ആവേശത്തോടെ അണിനിരന്നിരുന്ന നടന്മാരും സംവിധായകരും ഗായകരും അടങ്ങുന്ന ഈ താരനിര, പാര്‍ട്ടി വലിയൊരു രാഷ്ട്രീയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ മനഃപൂര്‍വ്വം മൗനം പാലിക്കുകയാണ്.
Mamata Banejee
Mamata Banejee
Updated on
2 min read

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി.യോടേറ്റ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ, ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് 1998-ൽ പാർട്ടി രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ നിലനിൽപ്പ് പ്രതിസന്ധി നേരിടുന്നു. മമത ബാനർജിയുടെയും അഭിഷേക് ബാനർജിയുടെയും നേതൃത്വത്തിനെതിരെ ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ പാർട്ടിയിൽ പരസ്യമായ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. എന്നാൽ പാർട്ടി ഒന്നിന് പുറകെ ഒന്നായി പ്രതിസന്ധികളിൽ വീഴുമ്പോഴും, തൃണമൂലിന്റെ ഏറ്റവും വലിയ ജനകീയ മുഖമായിരുന്ന പാർട്ടിയുടെ താരനിര അഥവാ 'ടോളിവുഡ് ബ്രിഗേഡ്' ദുരൂഹമായ മൗനത്തിലാണ്. ദീപക് അധികാരി (ദേവ്), സായന്തിക ബാനർജി, സയോണി ഘോഷ് തുടങ്ങിയ പ്രമുഖ സിനിമാ താരങ്ങൾ പാർട്ടിയുടെ ഈ ആഭ്യന്തര തർക്കങ്ങളിൽ നിന്നും പൂർണ്ണമായി അകലം പാലിച്ചിരിക്കുകയാണ്. നിയമസഭ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയും അഴിമതിക്കും അടിച്ചമർത്തൽ രാഷ്ട്രീയത്തിനുമെതിരെ ബംഗാൾ തെരുവുകളിൽ ജനരോഷം ഇരമ്പുമ്പോഴും, മമതയുടെ തണലിൽ ജനപ്രതിനിധികളായ ഈ താരങ്ങൾ തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കാതെ മാറിനിൽക്കുന്നത് അണികൾക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.

Mamata Banejee
ബംഗാളിൽ തൃണമൂൽ കോൺഗ്രസ് അസ്തിത്വ പ്രതിസന്ധിയിലേക്ക്, ആഭ്യന്തര കലഹം രൂക്ഷം
Mamata Banejee
ഒറ്റ മാസം, 215ല്‍ നിന്ന് 20ലേക്ക്: വന്‍ തകര്‍ച്ച മുന്നില്‍ക്കണ്ട്‌ മമതയുടെ രാഷ്ട്രീയ സാമ്രാജ്യം

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി തൃണമൂൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് നിറഞ്ഞു നിൽക്കുന്നതോടൊപ്പം പൊതുവേദികളിൽ തൃണമുലിൻറെ ജിഹ്വയായി നിലകൊണ്ടിരുന്നതും സിനിമാ, ടെലിവിഷൻ, കായിക രംഗത്തെ ഈ പ്രമുഖരായിരുന്നു. 2001-ൽ അന്നത്തെ മുഖ്യമന്ത്രിയും സിപിഎം നേതാവുമായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യക്കെതിരെ പ്രശസ്ത നടി മാധബി മുഖർജിയെ ജാദവ്പൂരിൽ മത്സരരംഗത്തിറക്കിക്കൊണ്ടാണ് മമത ബാനർജി ഈ ഗ്ലാമർ രാഷ്ട്രീയത്തിന് തുടക്കമിട്ടത്. പിന്നീട് ശതാബ്ദി റോയ്, തപസ് പാൽ, മൂൺ മൂൺ സെൻ, സന്ധ്യാ റോയ് എന്നിവർ മുതൽ പുതിയ തലമുറയിലെ മിമി ചക്രവർത്തി, നുസ്രത് ജഹാൻ, രചന ബാനർജി, സോഹം ചക്രവർത്തി, രാജ് ചക്രവർത്തി തുടങ്ങിയ വലിയൊരു താരനിരയെ തന്നെ മമത പാർട്ടിയിലെത്തിക്കുകയും അവരെ എംപിമാരും എംഎൽഎമാരുമായി ഉയർത്തുകയും ചെയ്തു. ഇതിന് പുറമെ ബോളിവുഡ് ഗായകൻ ബാബുൽ സുപ്രിയോ, കായിക താരങ്ങളായ യൂസഫ് പഠാൻ, കീർത്തി ആസാദ്, മനോജ് തിവാരി തുടങ്ങിയ ദേശീയ വ്യക്തിത്വങ്ങളെയും പാർട്ടിയിൽ ഉൾപ്പെടുത്തിയിരുന്നു. മുൻപ് തെരഞ്ഞെടുപ്പ് വേദികളിൽ മമത ബാനർജിക്കൊപ്പം ഈ താരങ്ങൾ എപ്പോഴും അണിനിരന്നിരുന്നതായും, ഇത് പലപ്പോഴും തദ്ദേശീയരായ നേതാക്കളെ വേദികളിൽ നിന്നും പിന്നിലേക്ക് തള്ളുന്നതിന് കാരണമായിട്ടുണ്ടെന്നും പരാതികൾ നിലനിന്നിരുന്നു

Mamata Banejee
പവാറിന്റെ വഴിയോ മമത, പാര്‍ട്ടിയും ചിഹ്നവും നഷ്ടമാകുമോ?; ബംഗാളില്‍ ഋതബ്രത പ്രതിപക്ഷ നേതാവ്

എന്നാൽ ഇപ്പോൾ പരാജയത്തിനു പിന്നാലെ ഈ താരങ്ങളിൽ പലരും പാർട്ടിയിൽ നിന്നും അകലം പാലിക്കുകയോ തങ്ങളുടെ രാഷ്ട്രീയ അനുഭാവം പുനഃപരിശോധിക്കുകയോ ചെയ്യുകയാണ്. പാർട്ടിയുമായി പ്രത്യയശാസ്ത്രപരമായ യാതൊരു ബന്ധവുമില്ലാത്തതാണ് ഈ താരങ്ങളുടെ പെട്ടെന്നുള്ള പിന്മാറ്റത്തിന് കാരണമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. അടിയുറച്ച പ്രവർത്തകർ പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയോടൊപ്പം ഉറച്ചുനിൽക്കുമ്പോഴാണ് താരങ്ങളുടെ ഈ പിന്മാറ്റം. തെരഞ്ഞെടുപ്പിൽ വീശിയടിച്ച ബിജെപി തരംഗത്തിൽ സംവിധായകൻ രാജ് ചക്രവർത്തി, സോഹം ചക്രവർത്തി, സായന്തിക ബാനർജി, ലൗലി മൈത്ര, ശ്രേയ പാണ്ഡെ തുടങ്ങിയ പ്രമുഖ താരങ്ങൾ പരാജയപ്പെട്ടിരുന്നു. പ്രശസ്ത ഗായകൻ ഇന്ദ്രനീൽ സെൻ, അദിതി മുൻഷി, ബിർബഹ ഹൻസ്ദ, അർപ്പിത ഘോഷ് തുടങ്ങിയ സാംസ്കാരിക മുഖങ്ങൾക്കും പരാജയം രുചിക്കേണ്ടി വന്നു.

പാർട്ടിയിലെ ആഭ്യന്തര കലാപം രൂക്ഷമായതോടെ, സാധാരണയായി പാർട്ടിക്കുവേണ്ടി ശക്തമായി വാദിക്കാറുള്ള സയോണി ഘോഷ് പോലും പൂർണ്ണ മൗനത്തിലാണ്. ഇതിനിടെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കൂടിയായ മനോജ് തിവാരി തൃണമൂൽ കോൺഗ്രസിൽ നിന്നും രാജിവെയ്ക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഒപ്പം ഒഴിഞ്ഞുപോകുന്ന കായിക മന്ത്രി അരൂപ് ബിശ്വാസിനെതിരെ കടുത്ത വിമർശനവും അദ്ദേഹം ഉന്നയിച്ചു. കായിക മേഖലയുടെ അടിസ്ഥാന കാര്യങ്ങൾ പോലും അറിയാത്ത മന്ത്രി തന്നെ പല കായിക വിനോദ പരിപാടികളിൽ നിന്നും ഡ്യൂറണ്ട് കപ്പ് ചടങ്ങുകളിൽ നിന്നും ബോധപൂർവ്വം മാറ്റിനിർത്തിയതായി തിവാരി ആരോപിച്ചു.

മറ്റൊരു പ്രമുഖ താരവും സംവിധായകനുമായ പരമ്പ്രത ചാറ്റർജി താൻ തൃണമൂലിനായി മുൻപ് പ്രചാരണത്തിന് ഇറങ്ങിയത് തന്റെ നവജാത ശിശുവിന്റെ സുരക്ഷിതമായ ഭാവിയെ കരുതി മാത്രമാണെന്ന് വ്യക്തമാക്കി രംഗത്തെത്തി. വോട്ടെടുപ്പിന് ശേഷമുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിനെതിരെ പൊലീസ് എഫ്ഐആർ. രജിസ്റ്റർ ചെയ്തിട്ടുണ്ട്. നടനും തൃണമുൽ എംപിയുമായ ദേവ് അധികാരി ബിജെപിയെ അഭിനന്ദിച്ച് പരസ്യമായി രംഗത്തെത്തിയതും ഇതിനോട് കൂട്ടി വായിക്കണം. പരാജയപ്പെട്ടതല്ലെന്നും തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടതാണെന്നും തൃണമൂൽ നേതൃത്വവും മമത ബാനർജിയും വാദിക്കുന്ന അതേ സമയത്താണ് പാർട്ടിയുടെ സ്വന്തം എംപി തന്നെ ബിജെപിയെ അഭിനന്ദിച്ചതെന്നത് തൃണമൂൽ ക്യാമ്പിനെ ഞെട്ടിച്ചിട്ടുണ്ട്. മുൻപ് വേദികളിൽ ജനപ്രതിനിധികളെ മാറ്റിനിർത്തി മമതയ്ക്കൊപ്പം തിളങ്ങിനിന്ന ഈ സിനിമാ താരങ്ങൾ ഇന്ന് പൂർണ്ണമായി രംഗത്തുനിന്നും അപ്രത്യക്ഷമായിരിക്കുകയാണ്. ഫലത്തിൽ, സമരങ്ങൾക്ക് നേതൃത്വം നൽകാൻ ഇറങ്ങുമ്പോൾ മമത ബാനർജിയുടെ കൂടെ ഇപ്പോൾ ഈ സിനിമാ താരങ്ങളോ സാംസ്കാരിക നായകരോ ഭൂരിപക്ഷം എംഎൽഎമാരോ ഇല്ലെന്നതാണ് ബംഗാളിലെ നിലവിലെ അവസ്ഥ.

Summary

Where is the 'Tollywood brigade' that lined up with Mamata? Celebrities completely abandoned the party in times of crisis

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com