ചെന്നൈ: കോവിഡ് ബാധിച്ച് മരിച്ച ഡോക്ടറുടെ മൃതദേഹത്തോട് അനാദരവ് കാണിക്കുകയായിരുന്നു ആൾക്കൂട്ടമെന്ന് ഭാര്യ. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഡോക്ടര്‍ സൈമണ്‍ ഹെര്‍ക്കുലീസാണ് ഞായറാഴ്ച മരിച്ചത്. തുടര്‍ന്ന് സംസ്‌കരിക്കാനായി ശ്മശാനത്തിലെത്തിച്ചപ്പോഴാണ് പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്തെത്തിയത്.
കോവിഡ് രോഗികളെ പരിചരിച്ച ഡോക്ടറെ അപമാനിക്കുകയും മൃതദേഹത്തോട് അനാദരവ് കാണിക്കുകയുമാണ് പ്രദേശവാസികൾ ചെയ്തതെന്ന് ഡോക്ടറുടെ ഭാര്യ ആനന്ദി സൈമണ്‍ കുറ്റപ്പെടുത്തി. ഡോക്ടറുടെ മൃതദേഹം സംസ്‌കരിക്കാനായി ആദ്യമെത്തിച്ചത് കില്‍പ്പാക്കത്തെ സെമിത്തേരിയിലായിരുന്നു. എന്നാല്‍ ആള്‍ക്കൂട്ടത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് മൃതദേഹം അവിടെ സംസ്‌കരിക്കാന്‍ സാധിച്ചില്ല.
തുടര്‍ന്ന് അണ്ണാനഗറിലെ ഒരു ശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടുപോയി. എന്നാല്‍ അവിടെയും ഒരു സംഘം ആളുകള്‍ പ്രതിഷേധവുമായി എത്തുകയും ആംബുലന്‍സിന് നേരെ കല്ലെറിയുകയുമായിരുന്നു. സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കും പരിക്കേറ്റിരുന്നു.
'ഞങ്ങള്‍ കില്‍പാക് സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കുന്നതിനായി പുരോഹിതന്റെ അനുമതി വാങ്ങിയിരുന്നു. പക്ഷേ നാട്ടുകാര്‍ അദ്ദേഹത്തെ അവിടെ അടക്കം ചെയ്യാന്‍ ഞങ്ങളെ അനുവദിച്ചില്ല. ഒടുവില്‍ അവര്‍ അദ്ദേഹത്തെ വെല്ലപ്പഞ്ചവടി എന്ന സ്ഥലത്തേക്ക് കൊണ്ടുപോയി. കോര്‍പറേഷന്‍ ചെയ്യുന്നത് അവരുടെ ജോലിയാണ്. അവരതില്‍ തെറ്റുകാരല്ല. എങ്ങനെയോ ഞങ്ങള്‍ അദ്ദേഹത്തെ അടക്കം ചെയ്തു. ഞാന്‍ അദ്ദേഹത്തെ കണ്ടില്ല. അവസാനമായി അദ്ദേഹത്തെ ഒന്നുകൂടി കാണാന്‍ ആഗ്രഹിച്ചിരുന്നു'- ആനന്ദി പറഞ്ഞു.
'അദ്ദേഹം ഏതോ ശ്മശാനത്തില്‍ ഇപ്പോള്‍ തനിച്ചാണ്. അദ്ദേഹത്തെ ഞങ്ങളുടെ ശ്മശാനത്തില്‍ അടക്കം ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. അധികൃതര്‍ നിഷ്‌കര്‍ഷിക്കുന്നത് അനുസരിച്ചുള്ള സംസ്‌കാരം നടത്താന്‍ ഞങ്ങള്‍ തയ്യാറാണ്. അദ്ദേഹത്തിനൊപ്പം 30 വര്‍ഷം ഞാന്‍ ജീവിച്ചു. ആശുപത്രിയില്‍ കഴിഞ്ഞ 15 ദിവസം ഞാന്‍ അദ്ദേഹത്തിന്റെ മുഖം പോലും കണ്ടിട്ടില്ല. ഞങ്ങളുടെ പളളി സെമിത്തേരിയില്‍ മൃതദേഹം അടക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് ഞാന്‍ അപേക്ഷിക്കുന്നു'.
'ഇതുവരെ അദ്ദേഹം സര്‍ക്കാരിന്റെ ഒരു നടപടികളെയും ചോദ്യം ചെയ്തിട്ടില്ല. എല്ലാം അനുസരിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. പൊതുജനാരോഗ്യത്തിന് വേണ്ടി അദ്ദേഹം ഒരുപാട് കാര്യങ്ങള്‍ ചെയ്തു. അദ്ദേഹത്തോട് ഇതുപോലെ അനാദരവ് കാണിക്കുന്നത് അപമാനകരമാണ്. ശരിയായ രീതിയില്‍ ശവസംസ്‌കാരം നടത്തിയാല്‍ അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കും'- ആനന്ദി സൈമൺ വ്യക്തമാക്കി.
അണ്ണാ നഗറില്‍ ആംബുലന്‍സിന് നേരെ കല്ലെറിഞ്ഞ 20 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. സംഭവത്തെ വിമര്‍ശിച്ച് രാഷ്ട്രീയ നേതാക്കളും ആരോഗ്യ പ്രവര്‍ത്തകരും രംഗത്തെത്തി. ന്യൂഹോപ്പ് സ്വകാര്യ ആശുപത്രി സ്ഥാപകനാണ് ഡോ. സൈമണ്‍ ഹെര്‍ക്കുലീസ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates