

ഭോപ്പാല്‍: മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നൂതന പ്രചാരണ തന്ത്രവുമായി എത്തിയിരിക്കുകയാണ് ബിജെപി. വര്‍ഷങ്ങള്‍ക്ക് ശേഷം മധ്യപ്രദേശില്‍ അധികാരത്തില്‍ എത്താന്‍ കിണഞ്ഞ് പരിശ്രമിക്കുന്ന കോണ്‍ഗ്രസിനെ തുരത്താനുള്ള തന്ത്രമെന്ന രീതിയിലാണ് ഇത് അവതരിപ്പിക്കുന്നത്. മജീഷ്യൻമാരെ വാടകയ്ക്കെടുത്തുള്ള പ്രചാരണ തന്ത്രമാണ് ബെജെപി ആവിഷ്കരിക്കുന്നത്.
2003 മുതല്‍ അധികാരത്തിലുള്ള ബിജെപി സര്‍ക്കാരുകളുടെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ആളുകളില്‍ എത്തിക്കുന്നതിനായി പരമാവധി മജീഷ്യന്മാരെ വാടകയ്ക്ക് എടുക്കാനാണ് പാര്‍ട്ടിയുടെ പദ്ധതി. മാജിക്കിലൂടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുകയാണ് ബിജെപി നേതൃത്വത്തിന്‍റെ ലക്ഷ്യം. ബിജെപി സര്‍ക്കാരുകള്‍ ചെയ്തതും കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനങ്ങളും തമ്മിലുള്ള താരതമ്യങ്ങള്‍ മജീഷ്യന്മാരിലൂടെ ജനങ്ങള്‍ എത്തിക്കുന്നതാണ് പദ്ധതിയെന്ന് ബിജെപി വക്താവ് രജനീഷ് അഗര്‍വാള്‍ പറഞ്ഞു. ആളുകള്‍ നിരവധി പേര്‍ എത്തുന്ന പ്രദേശങ്ങളിലാണ് മാജിക്ക് അവതരിപ്പിക്കുന്നതെന്നും മാജിക് പദ്ധതി ഉടൻ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
1993 മുതല്‍ 2003 വരെ ദിഗ്‍വിജയ് സിങിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ് മധ്യപ്രദേശ് ഭരിച്ചത്. ഇക്കാലത്തെ മധ്യപ്രദേശും ഇപ്പോഴുള്ള മധ്യപ്രദേശും തമ്മിലുള്ള അന്തരങ്ങളാണ് മാജിക്കിലൂടെ അവതരിപ്പിക്കാന്‍ ബിജെപി ലക്ഷ്യമിടുന്നത്. നവംബര്‍ 28നാണ് മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ്. ഡിസംബര്‍ 11നാണ് വോട്ടെണ്ണല്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 230 സീറ്റില്‍ 165 സീറ്റുകളാണ് ബിജെപി നേടിയത്. കോണ്‍ഗ്രസിന് 58 സീറ്റുകളും ലഭിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates