

ജോധ്പൂര്‍: സ്ത്രീകള്‍ എന്നും അരക്ഷിതരാണെന്ന് തെളിയിക്കുന്ന വാര്‍ത്തകള്‍ നിരന്തരം പുറത്തു വന്നുകൊണ്ടിരിക്കുകയാണ് നിയമവും ശിഷയുമെല്ലാം അതിന്റെ വഴിക്ക് പോകുന്നുണ്ട് അതിക്രമങ്ങള്‍ക്ക് യാതൊരു കുറവുമില്ല. ഇവിടെ മധ്യവയസ്‌കയായ സ്ത്രീയെ നിഷ്‌കരുണം മര്‍ദിച്ചവശയാക്കിയാണ് പ്രായപൂര്‍ത്തിയാകാത്ത അവരുടെ മകളെ തട്ടിക്കൊണ്ട് പോകുന്നത്. നിയമത്തിലല്ല ഭേദഗതി വരേണ്ടത് സമൂഹത്തിലെ പുരുഷസമൂഹമാണ് മാറേണ്ടതെന്ന് വീണ്ടും വീണ്ടുമുണ്ടാകുന്ന സംഭവങ്ങള്‍ നമ്മളെ പഠിപ്പിക്കുകയാണ്.
രണ്ട് പേര്‍ ചേര്‍ന്ന് അമ്മയെ മര്‍ദ്ദിച്ചവശയാക്കി മകളെ തട്ടിക്കൊണ്ടുപോകുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. രാജസ്ഥാനിലെ ജോധ്പൂരില്‍ നിന്നുള്ള ദൃശ്യങ്ങളായിരുന്നു അത്. വീഡിയോ വൈറലായതിനെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സംഭവത്തിനു പിന്നിലെ കാരണങ്ങള്‍ പുറത്തുവന്നത്.
അഹമ്മദ് ഖാന്‍ എന്ന വ്യക്തി തന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ ഷൗക്കത്ത് എന്നയാള്‍ക്ക് വിവാഹം ചെയ്തു കൊടുക്കുകയായിരുന്നു. എന്നാല്‍ പതിനെട്ട് വയസ്സ് തികയാത്ത മകളെ വിവാഹം കഴിപ്പിക്കാന്‍ അഹമ്മദ് ഖാന്റെ ഭാര്യ നേമത്തിന് താല്‍പര്യമില്ലായിരുന്നു. എന്നാല്‍ ഇവരുടെ എതിര്‍പ്പിനെ അവഗണിച്ച് അഹമ്മദ് വിവാഹം നടത്തി. എന്നാല്‍ നേമത്ത് മകളെ ഷൗക്കത്തിനൊപ്പം അയക്കില്ലെന്ന നിലപാടില്‍ തന്നെയായിരുന്നു. പെണ്‍കുട്ടിക്കും താല്‍പര്യമില്ലെന്ന് വീഡിയോ കണ്ടാല്‍ മനസിലാവും.
പെണ്‍കുട്ടിയെ വിട്ടു കിട്ടാനായി ഗ്രാമത്തിലെത്തിയ ഷൗക്കത്തും സുഹൃത്ത് ഇലിയാസും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലപ്രയോഗത്തിലൂടെ കൊണ്ടു പോവുകയായിരുന്നു. തടയാന്‍ ശ്രമിച്ച നേമത്തിനെ ക്രൂരമായി മര്‍ദിച്ച് അവശയാക്കിയതിന് ശേഷമാണ് പെണ്‍കുട്ടിയെ ട്രാക്ടറില്‍ കയറ്റി കൊണ്ടുപോയത്. ഷൗക്കത്തിനെയും സുഹൃത്തിനെയും കണ്ട് ഭയന്ന പെണ്‍കുട്ടി ഓടി മാറാന്‍ ശ്രമിക്കുന്നതും എന്നാല്‍ അമ്മയെ മര്‍ദ്ദിക്കുന്നത് കണ്ട് നിസ്സഹായയായി നില്‍ക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പോലീസ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തി. ഇതേത്തുടര്‍ന്ന് ഷൗക്കത്തിനെയും സുഹൃത്ത് ഇലിയാസിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates