ന്യൂഡല്‍ഹി: നോട്ട് നിരോധനം മോദി സര്‍ക്കാര്‍ കൈക്കൊണ്ട ധീരമായ തീരുമാനമായിരുന്നുവെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കള്ളപ്പണം നിയന്ത്രിക്കാനും രാജ്യത്ത് അഴിമതി കുറയ്ക്കാനും ഇതിലൂടെ സാധിച്ചുവെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി പറഞ്ഞു.
റഫാല്‍ വിമാന ഇടപാട് സര്‍ക്കാരിന്റെ നേട്ടമാണ്. പ്രതിരോധ രംഗത്ത് വിട്ടുവീഴ്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കാര്‍ഷകരുടെ വേതനം ഇരട്ടിയാക്കാനുള്ള നടപടികളുടെ ഭാഗമായാണ് താങ്ങുവില വര്‍ധിപ്പിച്ചത്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് സുസ്ഥിരമായ പരിഹാരം ഉണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ഒരുലക്ഷത്തി പതിനാറായിരം ഗ്രാമങ്ങളില്‍ ഡിജിറ്റല്‍ കണക്ടിവിറ്റി ക1ണ്ടു വരാന്‍ സാധിച്ചു. 40000 ഗ്രാമ പഞ്ചായത്തുകളില്‍ വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ കൊണ്ടുവരാനായതും സര്‍ക്കാരിന്റെ നേട്ടമാണെന്നും രാഷ്ട്രപതി പറഞ്ഞു.
ബിനാമി സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ സര്‍ക്കാര്‍ സ്വീകരിച്ച മാര്‍ഗങ്ങള്‍ പ്രശംസനീയമാണ്. പുതിയ സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ കൊണ്ടുവന്ന മുദ്രാ ലോണ്‍ സ്ത്രീകളുടെ സാമ്പത്തിക ഉന്നമനത്തിന് കാരണമായി.
ഒരു രാജ്യം, ഒരു വിപണി, ഒരു നികുതി എന്ന ലക്ഷ്യമാണ് മോദി സര്‍ക്കാരിന്റേത്. അതിനായുള്ള പരിശ്രമം നടത്തുന്നുണ്ട്. ജിഎസ്ടി ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പരിഷ്‌കാരമാണ്. ജിഎസ്ടിയുടെ ഗുണഫലങ്ങള്‍ ഭാവിയില്‍ കൂടുതല്‍ വ്യക്തമാകും.ജന്‍ധന്‍ യോജനയ്ക്ക് കീഴില്‍ 34 കോടി പുതിയ ബാങ്ക് അക്കൊണ്ടുകള്‍ തുറന്നു. രാജ്യത്തെ നികുതിദായകരുടെ വിശ്വാസം ആര്‍ജ്ജിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. 10 ലക്ഷത്തോളം ജനങ്ങളാണ് ആയുഷ്ാന്‍ ഭാരത് പദ്ധതിയുടെ ഗുണഭോക്താക്കളായി മാറിയത്. ആരോഗ്യരംഗത്തെ സുരക്ഷ സര്‍ക്കാരിന്റെ പ്രാഥമിക പരിഗണനകളില്‍ ഒന്നാണെന്നും ഏറ്റവും ദരിദ്രരായവരില്‍ വരെ പദ്ധതിയുടെ നേട്ടമെത്തിക്കാന്‍ സാധിച്ചതായും അദ്ദേഹം പറഞ്ഞു.
അസ്ഥിരമായ കാലത്തിലൂടെ കടന്നു പോയ രാജ്യത്തെ ' പുതിയ ഇന്ത്യയാക്കി' മാറ്റാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞു. മുസ്ലിം സ്ത്രീകള്‍ക്കായി മുത്തലാഖ് ബില്‍ കൊണ്ടു വന്നു. ആരെയും ഭയക്കാതെ ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് ഇതിലൂടെ സര്‍ക്കാര്‍ നല്‍കിയതെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ രാജ്യം അനിശ്ചിതത്വങ്ങളുടെ നടുവിലായിരുന്നു. ആ അവസ്ഥയില്‍ നിന്നും രാജ്യത്തെ ഉയര്‍ത്തുവാനും ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കാനും നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് കഴിഞ്ഞു. എല്ലാ വിഭാഗം ജനങ്ങളുടെയും പ്രതീക്ഷകളും ആഗ്രഹങ്ങളും സാക്ഷാത്കരിക്കുന്നതിനായി സര്‍ക്കാര്‍ അഹോരാത്രം പരിശ്രമിക്കുകയാണ്. പ്രധാനമന്ത്രി ജീവന്‍ സുരക്ഷാ യോജനയിലൂടെ 21 കോടി ജനങ്ങള്‍ക്കാണ് പ്രയോജനം ലഭിച്ചത്. പ്രധാനമന്ത്രി സൗഭാഗ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് കോടി വീടുകളിലേക്ക് വൈദ്യുതിയെത്തിക്കാന്‍ കഴിഞ്ഞു.
ഒന്‍പത് കോടി ശൗചാലയങ്ങള്‍ സ്വച്ഛ്ഭാരത് പദ്ധതിയിലൂടെ നിര്‍മ്മിച്ചു. മഹാത്മ ഗാന്ധിയുടെ 150-ാം ജന്‍മ വാര്‍ഷികം ആഘോഷിക്കുന്നതിനാല്‍ 2019 ജനാധിപത്യത്തിലെ സുപ്രധാന വര്‍ഷമായി മാറുമെന്നും അദ്ദേഹം നയപ്രഖ്യാപനത്തില്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates