

ഹൈദരാബാദ്: തെലങ്കാനയിൽ ബലാത്സംഗത്തിനിരയായി മൃഗ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം പുകയുന്നു. കൊലപാതകം നടന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും അറസ്റ്റ് രേഖപ്പെടുത്താത്തതിൽ തെലങ്കാനയിൽ വ്യാപക പ്രതിഷേധമാണ് അരങ്ങേറുന്നത്. പരാതി നൽകിയ ഉടൻ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നെങ്കിൽ ഒരുപക്ഷേ യുവതി ജീവനോടെയുണ്ടാവുമായിരുന്നുവെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു.
അതിനിടെ തന്റെ മകളെ കൊന്നവരെ ജീവനോടെ കത്തിക്കണമെന്ന് കൊല്ലപ്പെട്ട ഡോക്ടറുടെ അമ്മ പ്രതികരിച്ചു. അവളെ സംബന്ധിച്ച് അത് തികച്ചും സാധാരണമായ ഒരു രാത്രിയായിരുന്നു അതെന്നും അമ്മ വ്യക്തമാക്കി.
ബുധനാഴ്ച വൈകീട്ട് ഷംഷദാബാദിലെ തന്റെ വീട്ടില്‍ നിന്നു മടങ്ങിയ പെണ്‍കുട്ടി പക്ഷേ തിരിച്ചു വന്നില്ല. പിറ്റേ ദിവസം കിലോമീറ്ററുകള്‍ക്കപ്പുറം അവളുടെ കത്തിക്കരിഞ്ഞ മൃതദേഹം പൊലീസ് കണ്ടെടുക്കുകയായിരുന്നു. രണ്ട് ദിവസം പിന്നിടുമ്പോള്‍ ക്രൂരമായി ബലാത്സംഗത്തിനിരയായാണ് ആ പെണ്‍കുട്ടി കൊല ചെയ്യപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പ്രതികളെ പിടികൂടിയെങ്കിലും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തപ്പെട്ടിട്ടില്ല.
ഗച്ചിബൗളിയിലെ ചര്‍മ്മരോഗ ക്ലിനിക്കില്‍ പതിവ് പരിശോധനയുടെ ഭാഗമായി ഡോക്ടറെ കാണാനാണ് ബുധനാഴ്ച അഞ്ച് മണിക്ക് യുവതി വീട്ടില്‍ നിന്നു പുറപ്പെടുന്നത്. ഗച്ചിബൗളിയിലെ ക്ലിനിക്കില്‍ ഇടയ്ക്കിടെ യുവതി പോകാറുണ്ടെന്ന് വീട്ടുകാരും പറയുന്നു.
ഷംഷാബാദിലെ ടോള്‍പ്ലാസയ്ക്കടുത്ത് സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്താണ് യുവതി എല്ലാ തവണയും ക്ലിനിക്കിലേക്ക് പോവാറ്. എന്നാല്‍ ബുധനാഴ്ച രാത്രി ക്ലിനിക്കില്‍ നിന്ന് മടങ്ങിയ ശേഷം സ്‌കൂട്ടറെടുക്കുമ്പോള്‍ ടയര്‍ പഞ്ചറായത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. സ്‌കൂട്ടറിന്റെ പഞ്ചര്‍ ശരിയാക്കി തരാമെന്ന അപരിചിതനായ ഒരാള്‍ വാഗ്ദാനം ചെയ്‌തെന്നാണ് പെണ്‍കുട്ടി തന്റെ സഹോദരിയെ 9.30 ന് വിളിച്ചപ്പോൾ പറഞ്ഞത്. താന്‍ തന്നെ സ്‌കൂട്ടര്‍ നന്നാക്കാന്‍ റിപ്പയറിങ് ഷോപ്പിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞെങ്കിലും അപരിചിതന്‍ നിര്‍ബന്ധിച്ചു കൊണ്ടേയിരുന്നെന്നും അവള്‍ തന്റെ സഹോദരിയോട് ഫോണിലൂടെ പറഞ്ഞു. തനിക്ക് ഇവിടെ നില്‍ക്കാന്‍ പേടിയാകുന്നുവെന്നും സമീപത്ത് നിറയെ ലോറി ഡ്രൈവര്‍മാരുണ്ടെന്നും അവര്‍ സഹോദരിയോട് ഫോണിലൂടെ പറഞ്ഞിരുന്നു.
അപകടം മണത്ത സഹോദരി സ്‌കൂട്ടര്‍ അവിടെ വെച്ച് ടോള്‍ പ്ലാസയില്‍ കാത്ത് നില്‍ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവിടെ നിന്നാല്‍ തന്നെ എല്ലാവരും തുറിച്ചുനോക്കുമെന്ന് പറഞ്ഞ് പെണ്‍കുട്ടി ഫോണ്‍ വെക്കുകയായിരുന്നു.
സ്‌ക്കൂട്ടര്‍ നന്നാക്കി തിരിച്ചുകൊണ്ടുവരും വരെ തന്നോട് സംസാരിച്ചു കൊണ്ടേയിരിക്കണമെന്നും പേടിയാവുന്നുവെന്നും തന്നോട് ഫോണില്‍ പറഞ്ഞെന്നും സഹോദരി പറയുന്നു. ഉടൻ തിരിച്ചുവിളിക്കാമെന്ന് പറഞ്ഞ് ഫോണ്‍ വെച്ച യുവതി പിന്നീട് ഫോണ്‍ ചെയ്തില്ലെന്നും ഫോണ്‍ പിന്നീട് സ്വിച്ചോഫായെന്നും യുവതിയുടെ വീട്ടുകാര്‍ പറയുന്നു. 9.44നും 10.30നും ഫോണ്‍ ചെയ്യുമ്പോഴെല്ലാം സ്വിച്ചോഫായിരുന്നു. ഉടന്‍ തന്നെ വീട്ടുകാര്‍ യുവതിയെ തേടി ടോള്‍ പ്ലാസയിലെത്തിയെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പിറ്റേദിവസം രാവിലെ ഏഴിന് 30 കിലോമീറ്റര്‍ അകലെയുള്ള രംഗറെഡ്ഡി ജില്ലയിലെ ചദ്‌നപള്ളി ഗ്രാമത്തിലെ പാലത്തിനടിയില്‍ നിന്ന് പെണ്‍കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം പൊലീസ് കണ്ടെടുക്കുകയായിരുന്നു. വസ്ത്രത്തിന്റെ അവശിഷ്ടത്തില്‍ നിന്നും കഴുത്തിലെ ഗണപതിയുടെ ലോക്കറ്റില്‍ നിന്നുമാണ് മരിച്ചത് പെണ്‍കുട്ടിയാണെന്ന് വീട്ടുകാര്‍ തിരിച്ചറിഞ്ഞത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യാഴാഴ്ച രാവിലെ യുവതിയുടെ വസ്ത്രങ്ങളും ബാഗും ചെരുപ്പും ടോള്‍ബൂത്തിന് സമീപത്തു നിന്ന് കണ്ടെത്തി. ഒരു മദ്യക്കുപ്പിയും ഇതിനോടൊപ്പമുണ്ടായിരുന്നു.
പുലര്‍ച്ചെ നാലോടെയാണ് പൊലീസ് കോണ്‍സ്റ്റബിള്‍മാരെ അയച്ച് അന്വേഷണം തുടങ്ങിയതെന്നും പരാതി ലഭിച്ചയുടന്‍ അന്വേഷണം ആരംഭിച്ചിരുന്നെങ്കില്‍ യുവതിയുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നുമാണ് വീട്ടുകാര്‍ പറയുന്നത്.
പ്രാഥമിക പരിശോധനയില്‍ യുവതി ബലാത്സംഗം ചെയ്യപ്പെട്ടെന്ന് മനസിലായെങ്കിലും മൃതദേഹം 70 ശതമാനവും കത്തിക്കരിഞ്ഞതിനാല്‍ ബലാത്സംഗം സ്ഥിരീകരിക്കാനായിട്ടില്ല. പത്തംഗങ്ങളുള്ള പ്രത്യേക അന്വേഷണ സംഘത്തെ കേസന്വേഷണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
യുവതിയുടെ സ്‌കൂട്ടര്‍ പഞ്ചറാക്കിയത് പ്രതികളാണെന്നും ഇവര്‍ ലോറി ഡ്രൈവര്‍മാരാണെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍. യുവതിയുടെ സ്‌കൂട്ടറുമായി ഒരു യുവാവ് രാത്രി ഒമ്പതര മണിയോടെ വന്നിരുന്നതായി സമീപത്തെ പഞ്ചര്‍ കടയുടമയും പറഞ്ഞിരുന്നു. ഇതുവരെ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലോറി ഡ്രൈവറായ മുഹമ്മദ് പാഷയുള്‍പ്പെടെ നാല് പേരെയാണ് കസ്റ്റഡിയില്‍ എടുത്തത്. ഡോക്ടറെ കഴുത്തു ഞെരിച്ചു കൊന്ന ശേഷം ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് മണ്ണെണ്ണയോ പെട്രോളോ ഒഴിച്ചു കത്തിക്കുകയായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates